/indian-express-malayalam/media/media_files/uploads/2022/12/omar-lulu.jpg)
ചിത്രത്തിൽ ലഹരി മരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചു എന്ന പരാതിയെ തുടർന്ന് സംവിധായകൻ ഒമർ ലുലുവിനെതിരെ കേസ്. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രം 'നല്ല സമയ'ത്തിന്റെ ട്രെയിലറിനെതിരെയാണ് നടപടി. എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'നല്ല സമയം' എന്ന ചിത്രത്തിന്റെ ട്രെയിലറിൽ എം ഡി എം എ ലഹരി വസ്‌തു ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്.ഇതിനെ തുടർന്നുള്ള നടപടിയാണെന്നാണ് വ്യക്തമാകുന്നത്. എന്നാൽ തനിക്ക് ഇതുവരെയും എക്‌സൈസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഒമർ ലുലു മാധ്യമങ്ങളോട് പറഞ്ഞു.
"എം ഡി എം എയെ പ്രാത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ കാണിച്ചത്. ഇതിനു മുൻപും പല ചിത്രങ്ങളിലും ഇത് കാണിച്ചിട്ടുണ്ട്. ഭീഷ്മ, ലൂസിഫർ എന്നീ ചിത്രങ്ങളിലും കാണിച്ചു. എന്തുകൊണ്ട് അവർക്കെതിരെ കേസ് എടുത്തില്ല" ഒമർ ലുലു പറഞ്ഞു.
'ഒരു അഡാർ ലൗവി'നു ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് 'നല്ല സമയം'. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത് ഇർഷാദ് അലിയാണ്.കലണ്ടൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരകഥ ചിത്ര എസ് - ഒമർ ലുലു എന്നിവർ ചേർന്നാണ് ഒരുക്കിയത്. ഛായാഗ്രണം- സിനു സിദ്ധാർത്ഥ്, എഡിറ്റിങ്ങ്- രതിൻ രാധാകൃഷ്ണൻ എന്നിവർ നിർവഹിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.