/indian-express-malayalam/media/media_files/uploads/2019/06/rima-kallingal.jpg)
Virus Movie Release: രാവിലെ ഏഴ് മണിക്ക് പേരാമ്പ്ര അലങ്കാര്‍ തിയേറ്ററില്‍ 'വൈറസ്' എന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോയ്ക്കുള്ള ആദ്യ ടിക്കറ്റും കൈമാറിയാണ് സജീഷ് എറണാകുളത്തേക്ക് ട്രെയിന്‍ കയറിയത്. മക്കളെ കൂടെ കൂട്ടിയിട്ടില്ല. ഒറ്റയ്ക്കാണ് യാത്ര. മനസില്‍ നിറയെ ലിനിയാണ്.
'വൈകുന്നേരം ആറ് മണിക്ക് ശേഷം '0ടീം വൈറസി'നൊപ്പം എറണാകുളത്ത് വച്ചാണ് സിനിമ കാണുന്നത്. രാവിലെ അലങ്കാര്‍ തിയേറ്ററില്‍ ഫാന്‍സ് ഷോയുടെ ആദ്യ ടിക്കറ്റ് നല്‍കാന്‍ പോയപ്പോള്‍ കുറച്ച് നേരം കണ്ടിരുന്നു. പിന്നെ ഞാന്‍ പോന്നു. സിനിമ അവര്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട്. പക്ഷേ എനിക്കറിയില്ല ഞാന്‍ ഈ സിനിമ എങ്ങനെ കണ്ടുതീര്‍ക്കും എന്ന്. എനിക്കിത് വെറും സിനിമയല്ലല്ലോ,' സജീഷ് പറയുന്നു.
നിപ രോഗ ബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം പിടിപെട്ടാണ് നഴ്‌സ് ലിനി മരിച്ചത്. 'സജീഷേട്ടാ...ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല... സോറി... പാവം കുഞ്ഞു, ഇവരെ ഒന്നു ഗള്‍ഫില്‍ കൊണ്ടു പോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്... വിത്ത് ലോട്‌സ് ഓഫ് ലവ്..ഉമ്മ...'
നിപ്പ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനി (28) മരിക്കുന്നതിനു മുന്‍പ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന് ഭര്‍ത്താവിനെഴുതിയ കത്താണിത്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീഷ് എത്തുമ്പോള്‍ കാണാന്‍ കഴിയില്ലെന്ന പേടിയിലായിരുന്നു ലിനി.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിനു ലിനിയുടെ മരണശേഷം കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജോലി നല്‍കി. ജീവിച്ചു കൊതി തീരാതെ രണ്ടു കുഞ്ഞു മക്കളെയും തന്നിലേൽപ്പിച്ച് കൊണ്ട് യാത്രയായ ലിനിയുടെ വിടവാങ്ങലിൽ മനസ്സ് അർപ്പിച്ചുകൊണ്ട് തന്റെ രണ്ടു മക്കളെയും ഹൃദയത്തോട് ചേർത്തുവച്ച് ലിനിയുടെ ആഗ്രഹങ്ങൾ പോലെ അവരെയും കുടുംബത്തെയും താൻ സംരക്ഷിക്കുമെന്ന് തീരുമാനിച്ചാണ് സജീഷിന്റെ ജീവിതം.
Read More: 'അമ്മയിനി തിരിച്ചു വരില്ലെന്ന് ഞാന്‍ പറഞ്ഞു, ശരിയെന്ന് പറഞ്ഞ് അവന്‍ തലയാട്ടി'
/indian-express-malayalam/media/media_files/uploads/2018/07/lini-cats.jpg)
കേരളത്തെ ആകെ ഭീതിയിലേക്ക് തള്ളിവിട്ട ആ നിപ കാലം സംവിധായകന്‍ ആഷിഖ് അബു വെളളിത്തിരയിലേക്ക് പകര്‍ത്തിയപ്പോള്‍ ലിനിയുടെ വേഷത്തില്‍ എത്തുന്നത് നടി റിമ കല്ലിങ്കലാണ്.
'ചിത്രീകരണത്തിന്റെ സമയത്തും ട്രെയിലര്‍ പുറത്തിറങ്ങിയതിനു ശേഷവുമെല്ലാം ഞാന്‍ റിമ കല്ലിങ്കലുമായി സംസാരിച്ചിരുന്നു. ട്രെയിലറില്‍ ആ വേഷത്തില്‍ റിമയെ കണ്ടപ്പോള്‍ ശരിക്കും ലിനിയെ പോലെ തന്നെ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ട്രെയിലര്‍ കണ്ടപ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ തോന്നിയിരുന്നു. സിനിമ കണ്ടിട്ട് ബാക്കി അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്,' സജീഷ് പറയുന്നു.
'ചിത്രങ്ങള്‍ ഞാന്‍ മക്കള്‍ക്കും അമ്മയ്ക്കും കാണിച്ചു കൊടുത്തിരുന്നു. കുട്ടികള്‍ ഒന്നും പറഞ്ഞില്ല. പക്ഷേ അമ്മ കുറേ സമയം ആ ഫോട്ടോകളും നോക്കിയിരുന്ന് ഒരുപാട് കരഞ്ഞു. എങ്ങനെ സിനിമ മുഴുവന്‍ കണ്ടിരിക്കും എന്നെനിക്ക് അറിയില്ല. എങ്കിലും ഈ രോഗത്തെ കുറിച്ച് ആളുകള്‍ക്ക് നല്ലൊരു സന്ദേശം നല്‍കാന്‍ 'വൈറസ്' എന്ന ചിത്രത്തിന് സാധിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.'
സിനിമ കഴിഞ്ഞാല്‍ ഇന്നു തന്നെ സജീഷ് തിരിച്ച് പേരാമ്പ്രയ്ക്ക് പോകും. മക്കളും അമ്മയും തനിച്ചാണവിടെ. തിരിച്ചു പോകുന്നതിന് മുമ്പ് വിളിക്കാം എന്ന് പറഞ്ഞ് ആ സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ സജീഷ് എങ്ങനെയാകും ആ സിനിമ കണ്ടു തീര്‍ക്കുക, സിനിമ കഴിഞ്ഞ് വിളിക്കുമ്പോള്‍ എന്താകും പറയുക എന്ന് വെറുതെ ഓര്‍ത്തു.
സമകാലിക കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ചും അതിന്റെ അതിജീവനത്തിനായി ഒരു ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തെക്കുറിച്ചും പറയുന്ന ‘വൈറസ്’ ഇന്ന് തിയേറ്ററുകളിൽ എത്തി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്.
ലിനിയുടെ വേഷത്തില്‍ റിമ എത്തുമ്പോള്‍ മറ്റൊരു പ്രധാന കഥാപാത്രമായ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ വേഷത്തില്‍ എത്തുന്നത് രേവതിയാണ്. ഇവരെക്കൂടാതെ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ദർശന രാജേന്ദ്രൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്.
Read Virus Movie Review Here: Virus Movie Review: നിപ പോരാളികൾക്ക് സല്യൂട്ട് അർപ്പിച്ച് 'വൈറസ്'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.