/indian-express-malayalam/media/media_files/uploads/2023/06/Bhavana-ott.png)
Ntikkakkakkoru Premandaarnnu OTT: 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ഒടിടിയിലേക്ക്
Ntikkakkakkoru Premandaarnnu OTT: അഞ്ച് വർഷങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും ബിഗ് സ്ക്രീനിലെത്തിയിരിക്കുകയാണ്. മറ്റു ഭാഷാചിത്രങ്ങളിൽ താരം സജീവമായിരുന്നെങ്കിലും മലയാളത്തിൽ മുഖം കാണിച്ചിരുന്നില്ല. ഒരു സമയത്ത് മലയാളത്തിൽ അഭിനയിക്കേണ്ട എന്ന തീരുമാനിക്കുക വരെ ചെയ്‌തിരുന്നെന്ന് ഭാവന ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ആദിൽ മൈമൂനത്ത് അഷറഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ഫെബ്രുവരി 24നു തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.
ഭാവനയുടെ തിരിച്ചു വരവിന്റെ വലിയ രാഷ്ട്രീയ മാനങ്ങൾ ചർച്ചയാവുമ്പോൾ ആദ്യമായി പറഞ്ഞു വെക്കേണ്ടത് അടിമുടി ഭാവന നിറഞ്ഞു നിൽക്കുന്ന സിനിമയാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്നതാണ്. അസാന്നിധ്യത്തിൽ പോലും നിത്യ സാന്നിധ്യമാണ് ഭാവനയുടെ നിത്യ മുരളീധരൻ. വളരെ ചെറുപ്പകാലം മുതൽ പ്രണയിക്കുന്നയാളാണ് ജിമ്മി. പല തവണ നിർബന്ധിത ഇടവേളകൾ ആ പ്രണയത്തിൽ കടന്നു വന്നു. എന്നിട്ടും ബാക്കിയാവുന്ന പ്രണയത്തെ കുറിച്ചുള്ള സിനിമയാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.'
ഇപ്പോൾ മലയാള സിനിമ അധികം സംസാരിക്കാത്ത തരത്തിലുള്ള ഫീൽ ഗുഡ് സോഫ്റ്റ് ഡീപ് പ്രണയകഥയാണ് പേര് സൂചിപ്പിക്കും പോലെ ഈ സിനിമ. പ്രണയം, അതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ, തിരിച്ചറിവുകൾ ഒക്കെ പറഞ്ഞു കൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. വളരെ മൃദുവായായാണ് സിനിമയുടെ കഥാഗതിയും നിർമിതിയും മുന്നോട്ട് പോകുന്നത്. പ്രണയ സിനിമകളുടെ ആരാധകർക്ക് വേണ്ടിയുള്ള സിനിമ എന്നൊക്കെ വേണമെങ്കിൽ ഈ സിനിമയെ പറ്റി പറയാം.
ആദിൽ എം അഷ്റഫ്, വിവേക് ഭരതൻ, ശബരിദാസ് തോട്ടിങ്ങൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഷെറഫുദ്ദീൻ, ഷെബിൻ ബെൻസൻ, ദിവ്യ എം നായർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. റിലീസിനെത്തി നാലു മാസങ്ങൾ പിന്നിടുമ്പോൾ ചിത്രം ഒടിടിയിലെത്തുകയാണ്. മനോരമ മാക്സിൽ ചിത്രം ഉടൻ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.