scorecardresearch
Latest News

പ്രണയ തീവ്രമായി ഭാവനയുടെ തിരിച്ചു വരവിനെ അടയാളപ്പെടുത്തി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’; റിവ്യൂ: Ntikkakkakkoru Premandaarnnu Movie Review & Rating

Ntikkakkakkoru Premandaarnnu Movie Review & Rating: അടിമുടി ഭാവന നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം

RatingRatingRatingRatingRating
Ntikkakkakkoru Premandaarnnu, Ntikkakkakkoru Premandaarnnu Review, Bhavana

Ntikkakkakkoru Premandaarnnu Movie Review & Rating: രണ്ടു പതിറ്റാണ്ടു കാലം ദക്ഷിണേന്ത്യൻ സിനിമകളിൽ നായികയായി നിൽക്കുകയെന്നത് ഒരു മലയാള നടിയെ സംബന്ധിച്ച് അപൂർവമായ നേട്ടമാണ്. ഭാവന എന്ന തൃശൂർകാരി ആ നേട്ടത്തിലേക്കെത്താൻ അസാധാരണമായ വെല്ലുവിളികളിലൂടെ കടന്നു പോയിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ വിജയം കണ്ട വലിയ വാണിജ്യ സിനിമകളുടെ ഭാഗമായിരുന്ന അവർ ആറു വർഷത്തെ ഇടവേളക്ക് ശേഷം സ്വന്തം തട്ടകമായ മലയാള സിനിമയിലേക്ക് മടങ്ങി വരുന്ന ചിത്രമാണ് ആദിൽ മൈമൂനത്ത് അഷ്‌റഫ്‌ സംവിധാനം ചെയ്ത ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’. ഒറ്റ വാചകത്തിൽ പറഞ്ഞു പോകാവുന്നത്ര ലളിതമായ കാരണങ്ങളല്ല ഈ ഇടവേളക്ക് പിന്നിലുള്ളതെന്നത് കൊണ്ട് തന്നെ ആത്യന്തികമായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ഭാവനയുടെ തിരിച്ചു വരവു കൂടിയാണ്.

ഇവിടെയുള്ള വലിയ താരങ്ങൾ അവസരങ്ങൾ നിഷധിക്കുന്നു എന്ന വർഷങ്ങൾക്കു മുൻപുള്ള തുറന്നു പറച്ചിൽ മുതൽ ഇത് വരെ സമാനതകളില്ലാത്ത അനുഭവങ്ങളിലൂടെയാണ് ഭാവനയുടെ കടന്നു പോക്ക്. ‘നടിയെ ആക്രമിച്ച’ കേസിനു മുന്നേയും ശേഷവുമെന്ന നിലയിൽ സമകാലിക പോപ്പുലർ സിനിമ മാറുന്ന മട്ടിലുള്ള സമരങ്ങളിലൂടെയാണ് ആ നടിയുടെ യാത്ര. ആ യാത്രക്കിടയിലുള്ള മാറ്റി നിർത്തലുകൾ അവരെന്നുമനുഭവിച്ചിരുന്നു. ആ മാറ്റി നിർത്തലിനോടുള്ള മറുപടിയും പ്രതിരോധവുമൊക്കെയാണ് ഭാവനയുടെ തിരിച്ചു വരവ്. അതിനു വഴിയൊരുക്കി എന്നത് തന്നെയാണ് മറ്റെല്ലാത്തിനുമുപരി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിനെ പ്രസക്തമാക്കുന്നതും. ചർച്ചകൾക്കും ശരി ബോധ്യത്തിനുമപ്പുറം സ്വന്തം തൊഴിലിലേക്ക് അവരെ മടക്കി കൊണ്ടു വന്ന സിനിമ എന്ന നിലയിൽ ഇത് അടയാളപ്പെടുത്തപ്പെടുന്നു. തിരിച്ചു വരാനുള്ള വലിയ ആഹ്വാനത്തോളവും, ഒരുപക്ഷേ അതിലേറെ പ്രാധാന്യവുമുള്ള ഒന്നാണിത്.

ഭാവനയുടെ തിരിച്ചു വരവിന്റെ വലിയ രാഷ്ട്രീയ മാനങ്ങൾ ചർച്ചയാവുമ്പോൾ ആദ്യമായി പറഞ്ഞു വെക്കേണ്ടത് അടിമുടി ഭാവന നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്നതാണ്. അസാന്നിധ്യത്തിൽ പോലും നിത്യ സാന്നിധ്യമാണ് ഭാവനയുടെ നിത്യ മുരളീധരൻ. വളരെ ചെറുപ്പകാലം മുതൽ പ്രണയിക്കുന്നയാളാണ് ജിമ്മി. പല തവണ നിർബന്ധിത ഇടവേളകൾ ആ പ്രണയത്തിൽ കടന്നു വന്നു. എന്നിട്ടും ബാക്കിയാവുന്ന പ്രണയത്തെ കുറിച്ചുള്ള സിനിമയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.’ ഇപ്പോൾ മലയാള സിനിമ അധികം സംസാരിക്കാത്ത തരത്തിലുള്ള ഫീൽ ഗുഡ് സോഫ്റ്റ്‌ ഡീപ് പ്രണയകഥയാണ് പേര് സൂചിപ്പിക്കും പോലെ ഈ സിനിമ. പ്രണയം, അതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ, തിരിച്ചറിവുകൾ ഒക്കെ പറഞ്ഞു കൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. വളരെ മൃദുവായായാണ് സിനിമയുടെ കഥാഗതിയും നിർമിതിയും മുന്നോട്ട് പോകുന്നത്. പ്രണയ സിനിമകളുടെ ആരാധകർക്ക് വേണ്ടിയുള്ള സിനിമ എന്നൊക്കെ വേണമെങ്കിൽ ഈ സിനിമയെ പറ്റി പറയാം.

Bhavana, Actress, Trailer

സിനിമയുടെ ടൈറ്റിൽ ഭൂത കാലമാണ്. കഷ്ടിച്ച് 10 വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി 20 വയസ്സോളം പ്രായ വ്യത്യാസമുള്ള സഹോദരന്റെ പ്രണയ യാത്രയിൽ കൂടെ വരുന്നതൊക്കെയാണ് സിനിമ. ജിമ്മി വീട്ടുകാരെ ഭയന്ന് അവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ദൂരെ കളയുന്ന ചെറുപ്പക്കാരനാണ്. വിവാഹലോചനകളുമായി കുടുംബം മുന്നോട്ട് പോകുന്ന സമയത്താണ് അയാൾ പഴയ പ്രണയിനി നിത്യയെ കാണുന്നത്. ആ കാഴ്ച അയാളെ എത്തിക്കുന്നത് അപ്രതീക്ഷിതമായ കുറെ തിരിച്ചറിവുകളിലേക്കാണ്. പ്രണയത്തിന്റെ പല തലങ്ങളും പല കാലങ്ങളും പറയുന്നത് കൊണ്ട് തന്നെ ചിതറിയ പല കാലങ്ങളും ഓർമകളും ആത്മഗതങ്ങളും ഒക്കെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ബോധപൂർവം തന്നെ ഇങ്ങനെയൊരു പരിചരണം ആവശ്യപ്പെടുന്ന തിരക്കഥയാണ് ചിത്രത്തിന്റേത്. ഇത്തരം ചിതറിയ പ്രണയ കഥകൾ കാണുന്നവരെ മാത്രമേ ആദിമധ്യന്തം സിനിമ അഡ്രസ് ചെയ്യുന്നുമുള്ളു.

പ്രത്യക്ഷത്തിൽ വളരെ മൃദുവായ ഒരു പ്രണയ കഥയാണെങ്കിലും പ്രധാന കഥാപാത്രങ്ങളുടെ ഡീറ്റെലിംഗിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് സിനിമ. ആശയക്കുഴപ്പങ്ങളും ഭീരുത്വവുമുള്ള ഒരാളിൽ നിന്ന് സ്വന്തം സ്വത്വത്തെ കണ്ട് പിടിക്കുന്ന ആളിലേക്കുള്ള വളർച്ചയിൽ നിൽക്കുന്ന കഥാപാത്രമാണ് ഷറഫുദീന്റെ ജിമ്മി. അയാൾക്ക് വീടിനെയും സമൂഹത്തെയും ഭയമായിരുന്നു. സുഹൃത്ത് ഫിദയും സഹോദരിയും നിത്യയും ചേർന്നാണ് അയാൾക്ക് ഊർജവും ധൈര്യവും നൽകുന്നത്. നിത്യ അനുഭവങ്ങളിലൂടെ നേടിയെടുത്ത ധൈര്യം കൈമുതലാക്കി മുന്നോട്ട് പോകുന്ന സ്ത്രീയാണ്. ഷറഫുദീനും ഭാവനയും ഈ രണ്ട് കഥാപാത്രങ്ങളെ നന്നായി ഉൾക്കൊണ്ടാണ് സ്‌ക്രീനിൽ വരുന്നത്. മലയാള സിനിമകളിൽ കുട്ടികളെ അവതരിപ്പിക്കുമ്പോഴുള്ള പതിവ് ക്‌ളീഷെകൾ ഈ സിനിമയിലും തുടരുന്നത് പോലെ തോന്നി.

വിവാഹ മോചനത്തെ ഒരു പ്രണയ കഥയായിരുന്നിട്ടും വളരെ വ്യത്യസ്തമായി സമീപിച്ച സിനിമ കൂടിയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’. പാസ്സീവ് അഗ്രെഷൻ, ഒറ്റ വാക്കിൽ പറഞ്ഞു ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താൻ പറ്റാത്ത വയലൻസ് ഒക്കെ മുന്നോട്ട് കൊണ്ട് വരാൻ സിനിമ ശ്രമിക്കുന്നുണ്ട്. വിവാഹ മോചനത്തെ ശരിക്കുമൊരു മോചനമായി കാണികളിലേക്കെത്തിക്കാനുള്ള ശ്രമം സിനിമയിൽ തെളിഞ്ഞു കാണാം. ഒപ്പം തന്നെ ടോക്സിക് പാരന്റ്ങ്ങിലെ ഇരകളെ കുറിച്ച് പറയാനും സിനിമ ശ്രമിക്കുന്നുണ്ട്. ബന്ധങ്ങളുടെ മുന്നോട്ട് പോക്കിനെ കുറിച്ച് വളരെ പുരോഗമന പരമായി പറയുമ്പോഴും പ്രണയ തീവ്രത പോലെ വളരെ വ്യക്തിഗതമായി പറയാവുന്ന വികാരങ്ങളെ തൊട്ട് കൊണ്ടാണ് സിനിമയുടെ മുന്നോട്ട് പോക്ക്.

രണ്ട് പേർക്കിടയിലെ പ്രണയം പലപ്പോഴും അതേ തീവ്രതയോടെ മൂന്നാമതൊരാളോട് പറയാൻ പറ്റാറില്ല എന്ന് പറയാറുണ്ട്. നിത്യയുടെയും ജിമ്മിയുടെയും അവരുടെ കുടുംബങ്ങളുടെയും ചുറ്റുമുള്ളവരുടെയും കഥ പലപ്പോഴും ഈ സിനിമ പറഞ്ഞിട്ടുള്ളത് നിത്യ ജീവിത കാഴ്ച എന്ന നിലയിലാണ്. ചിതറിയ പല കാലങ്ങളെ, പല ജീവിതങ്ങളെ ഇങ്ങനെ വരച്ചു കാട്ടുമ്പോൾ പലപ്പോഴും അതേ തീവ്രത പ്രേക്ഷകർക്ക് അനുഭവപ്പെടണമെന്നില്ല. ലാഗ് എന്ന് ഭൂരിപക്ഷം വരുന്ന സിനിമാ പ്രേമികൾ വിളിക്കുന്ന ഈ അനുഭവം ‘ന്റെ ഇക്കാക്കൊരു പ്രേമണ്ടാർന്നു’വിൽ പല സമയത്തും കാണാം. അതി തീവ്ര പ്രണയ സ്നേഹികളല്ലാത്തവർക്ക് ഈ സിനിമ ഇത്തരമൊരനുഭവം പലയിടത്തും നൽകുന്നുണ്ട്. പ്രണയത്തിനു പ്രായമില്ല എന്നൊക്കെയുള്ള റെഫറൻസുകൾ ഒരു ചെറുപുഞ്ചിരിയിലൂടെയും മറ്റുമൊക്കെ സിനിമ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് ഇത്തരം സിനിമകളുടെ ആരാധകർ എത്ര കണ്ട് ഉൾക്കൊള്ളും എന്നറിഞ്ഞു കൂടാ.

പ്രണയം അടിമുടി നിറഞ്ഞു നിൽക്കുന്ന സിനിമ എന്നതാണ് ഭാവനയുടെ തിരിച്ചുവരവിനപ്പുറം’ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’വിനെ പറ്റി പറയാനുള്ളത്. ആ യോണർ പൂർണമായി ആസ്വദിക്കുന്നവർക്ക് വേണ്ടിയെടുത്ത സിനിമ. പ്രണയത്തിന്റെ വളർച്ച, തുടർച്ച ഇതൊക്കെ അനുഭവിക്കാനാവുന്നവർക്ക് തീയറ്ററുകളിൽ എത്താം.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Ntikkakkakkoru premandaarnnu movie review rating bhavana