/indian-express-malayalam/media/media_files/uploads/2021/11/NH-47-kurup.jpg)
കേരളം കണ്ട എക്കാലത്തെയും കുപ്രസിദ്ധനായ കുറ്റവാളി സുകുമാരക്കുറുപ്പ് കേന്ദ്രകഥാപാത്രമായ ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിന്റെയും സുകുമാരക്കുറുപ്പിന്റെ തിരോധാനത്തിന്റെയും പശ്ചാത്തലത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്‍ ആണ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കുറുപ്പായി എത്തുന്നത്.
Read more: ‘കുറുപ്പിന്റെ തിരക്കഥ’, തിരക്കഥയിലെ കുറുപ്പ്; മരണനാടകം സിനിമയാവുമ്പോൾ
ഇതാദ്യമായല്ല, കുറുപ്പിനെ നായകനാക്കി ഒരു സിനിമ വെള്ളിത്തിരയിൽ എത്തുന്നത്. ചാക്കോവധം നടന്ന അതേ വർഷം തന്നെ പുറത്തിറങ്ങിയ 'എൻഎച്ച് 47' എന്ന സിനിമയിലെ നായകനും കുറുപ്പായിരുന്നു. ബേബി സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രത്തിൽ കുറുപ്പായി എത്തിയത് ടിജി രവിയാണ്. ചിത്രത്തിൽ ചാക്കോയുടെ വേഷം ചെയ്തത് നടൻ സുകുമാരനും. ശ്രീനാഥ്, ബാലൻ കെ നായർ, സി ഐ പോൾ, ജോസ്, ജഗതി ശ്രീകുമാർ, ശുഭ, പ്രതാപചന്ദ്രൻ, ജലജ, കുഞ്ഞാണ്ടി, ലാലു അലക്സ്, ഫിലോമിന, ബേബി ശാലിനി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
1984 ജനുവരി 22 ന് ആണ് കുറുപ്പും കൂട്ടാളികളും കൂടി ആൾമാറാട്ടം നടത്താനായി ചാക്കോയെ കാറിലിട്ട് ചുട്ടുകൊന്നത്. അതേവർഷം തന്നെ മേയ് 19നാണ് 'എൻഎച്ച് 47' തിയേറ്ററുകളിലെത്തുന്നത്. ചാക്കോവധ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമായതിനാൽ 'ഇതൊരു സാങ്കൽപ്പിക കഥ' എന്ന രീതിയിലാണ് ചിത്രം അന്ന് തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിൽ കുറുപ്പ്, ചാക്കോ എന്നീ യഥാർത്ഥ പേരുകൾക്ക് പകരം കഥാപാത്രങ്ങൾക്ക് യഥാക്രമം സുധാകരൻ പിള്ള, റഹീം എന്നിങ്ങനെയാണ് സംവിധായകൻ പേരു നൽകിയത്. സിനിമയുടെ ക്ലൈമാക്സിൽ സുകുമാരക്കുറുപ്പിനെ നാട്ടുകാർ പിടികൂടി തല്ലുന്നതും അതുവഴി അയാൾ മരണപ്പെടുന്നതുമാണ് കാണിച്ചത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ചാക്കോവധ കേസിന് ജനവികാരം മാനിച്ചുകൊണ്ടുള്ള ഒരു അവസാനം എന്ന രീതിയിൽ ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അന്നാ ക്ലൈമാക്സ് ഒരുക്കിയത്.
37 വർഷങ്ങൾക്കു മുൻപ് തിയേറ്ററുകളിലെത്തിയ ആ ചിത്രത്തിന്റെ അവസാനരംഗങ്ങളിലെ സംഘട്ടന രംഗങ്ങളും ചെയ്സിംഗ് രംഗങ്ങളുമൊക്കെ ഇന്നത്തെ പ്രേക്ഷകരെയും ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ളതാണ്. 'കുറുപ്പ്' വീണ്ടും വാർത്തകളിൽ നിറയുമ്പോൾ 'എൻഎച്ച് 47' എന്ന ചിത്രവും സിനിമാപ്രേമികളുടെ ശ്രദ്ധ കവരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.