സുകുമാരക്കുറുപ്പ് – കേരളം കണ്ട എക്കാലത്തെയും കുപ്രസിദ്ധനായ കുറ്റവാളി. കേരളത്തെ നടുക്കിയ ചാക്കോ വധക്കേസും സുകുമാരക്കുറുപ്പും 37 വർഷങ്ങൾക്കിപ്പുറം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘കുറുപ്പ്’ നവംബർ 12ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട വിചിത്രവും നിഗൂഢവുമായ കഥകളും വസ്തുതകളുമൊക്കെയാണ് പുതുതലമുറ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ചാക്കോ വധക്കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ കരിയറിലെ ഏറ്റവും കുപ്രസിദ്ധമായ കേസുകളിലൊന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
എന്താണ് ചാക്കോ വധക്കേസ്?
1984 ജനുവരി 22 ന്, മൂടൽമഞ്ഞുള്ള ഒരു പ്രഭാതത്തിൽ പുലർച്ചെ നാലോടെ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്കു നടുക്കത്തോടെയും വിറയലോടെയും ഒരാൾ ഓടിയെത്തുന്നു. കെ എൽ ക്യു 7831 എന്ന നമ്പർ പ്ലേറ്റുള്ള കറുത്ത അംബാസഡർ കാർ, ഏതാണ്ട് കത്തിക്കരിഞ്ഞ നിലയിൽ നെൽവയലിനു സമീപം കിടക്കുന്നതു അറിയിക്കാനെത്തിയതായിരുന്നു അയാൾ. ഡ്രൈവിങ് സീറ്റിലിരുന്ന വ്യക്തിയുടെ ഏതാണ്ട് ഭാഗികമായി കത്തിക്കരിഞ്ഞ ശരീരം കണ്ട നടുക്കം അയാളെ വിട്ടുമാറിയിരുന്നില്ല. എഫ്‌ഐആർ ഫയൽ ചെയ്ത ശേഷം പൊലീസുകാർ അപകടസ്ഥലത്തേക്കു കുതിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അവിടെ ആളുകൾ തടിച്ചുകൂടിയിരുന്നു. വയലിനരികിലെ റോഡിൽ കൂടെ പോവുന്ന കാർ റോഡിൽനിന്ന് തെന്നിമാറി പാടത്തേക്ക് മറിഞ്ഞ് തീപിടിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിരീക്ഷണം.

ആ പ്രദേശത്ത് റേഷൻ കട നടത്തിയിരുന്ന കുടുംബത്തിലെ അംഗമായ മുരളി വൃന്ദാവൻ ആ ദിവസം ഓർക്കുന്നത് ഇങ്ങനെ: “തീപ്പന്തം പോലെ കാർ നിന്നു കത്തുകയായിരുന്നു. കാറിനകത്ത് എന്താണെന്ന് കാണാൻ കഴിയാത്തവിധം തീ പടർന്നിരുന്നു. തീ ഭാഗികമായി അണച്ചപ്പോഴാണ് സീറ്റിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ ഒരാൾ അകത്തുണ്ടെന്ന് മനസിലായത്. രാത്രി വൈകിയുള്ള നാടകം കണ്ട് മടങ്ങുകയായിരുന്ന ചില നാട്ടുകാർ രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടി കാറിൽ കയറിപ്പോകുന്നത് കണ്ടെന്ന് പറഞ്ഞിരുന്നു.” അന്ന് 20 വയസായിരുന്നു മുരളിയ്ക്കു പ്രായം.
പുലർച്ചെ അഞ്ചരയോടെ അന്നത്തെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി എം ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സംഭവസ്ഥലം സൂക്ഷ്മമായി പരിശോധിച്ച അന്വേഷണസംഘത്തിന്, സാധാരണ വാഹനാപകടമെന്നതിലുപരി സംശയിക്കേണ്ടതായ ചില സൂചനകൾ ലഭിച്ചു. കാറിനു ചുറ്റുവട്ടത്തുനിന്ന് തീപ്പെട്ടിയും ഒരു ജോഡി ചെരുപ്പും റബർ കയ്യുറയും പൊലീസിനു ലഭിച്ചു. സ്ഥലത്തുനിന്ന് ഒരാൾ ഓടിപ്പോയതായി സൂചിപ്പിക്കുന്ന കാൽപ്പാടുകൾ ചെളിയിൽ പുതഞ്ഞു കിടന്നിരുന്നു.
കാറിൽനിന്ന് കണ്ടെടുത്ത മൃതദേഹം പൊലീസ് സർജനെ വിളിച്ചുവരുത്തി വയലിൽ വച്ചുതന്നെ പോസ്റ്റ്‌മോർട്ടത്തിനു വിധേയമാക്കി. മരിച്ചയാളുടെ ശ്വാസനാളത്തിൽ കരിയുടെയോ ചാരത്തിന്റെയോ അംശമില്ലാത്തതിനാൽ, കൊലപ്പെടുത്തിയശേഷം മൃതദേഹം ഡ്രൈവിങ് സീറ്റിൽ ഇരുത്തിയതാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പൊലീസിന്റെ സംശയത്തെ സാധൂകരിക്കുന്നതായിരുന്നു ഈ പരിശോധനാഫലം. മാത്രമല്ല, മരിച്ചയാളുടെ ദഹനനാളത്തിൽനിന്നു കണ്ടെത്തിയ മദ്യത്തിന്റെയും ഈഥർ ആൽക്കഹോളിന്റെയും സാന്നിധ്യം സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചു.

രണ്ടാഴ്ച മുമ്പ് ഗൾഫിൽനിന്ന് എത്തിയ സമീപവാസിയും ചെറിയനാട് സ്വദേശിയുമായ സുകുമാരക്കുറുപ്പാണ് മരിച്ചതെന്ന രീതിയിൽ അപ്പോഴേക്കും വാർത്തകൾ പരന്നിരുന്നു. സുകുമാരക്കുറുപ്പിനെ അവസാനമായി കാണാനായി കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ചിലർ സംഭവസ്ഥലത്തെത്തി. മുഖം തിരിച്ചറിയാനാകാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. തലേദിവസം അതേ കാറിൽ അമ്പലപ്പുഴയിലേക്കു പോയശേഷം കുറുപ്പ് വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് കുറുപ്പിന്റെ ഭാര്യയുടെ അനിയത്തിയുടെ ഭർത്താവായ ഭാസ്കരപിള്ള സാക്ഷ്യപ്പെടുത്തി. മൃതദേഹത്തിന്റെ ഉയരവും ശരീരഘടനയും വച്ച് മരിച്ചത് സുകുമാരക്കുറുപ്പ് തന്നെയാണെന്നായിരുന്നു ഭാസ്കരപിള്ളയുടെ സാക്ഷ്യപ്പെടുത്തൽ.
കത്തിക്കരുത്, മണ്ണിൽ അടക്കാനേ പാടുള്ളൂ എന്ന നിബന്ധനയിൽ മൃതദേഹം കുറുപ്പിന്റെ കുടുംബത്തിനു പൊലീസ് കൈമാറി. അതേസമയം, യഥാർത്ഥ സുകുമാരക്കുറുപ്പ് സംഭവസ്ഥലത്തു നിന്നു 115 കിലോമീറ്റർ അകലെ, ആലുവയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന കാര്യം പൊലീസിന് അറിയില്ലായിരുന്നു.
കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആലപ്പുഴ സ്വദേശിയും ഫിലിം റെപ്രസെന്റന്റീവുമായ ചാക്കോയുടേതാണ് പൊലീസ് പിന്നീട് കണ്ടെത്തി. ഒരൊറ്റ രാത്രികൊണ്ട് സമ്പന്നരാകാൻ കുറുപ്പും പിള്ളയും ചേർന്ന് നടത്തിയ പൈശാചിക ഗൂഢാലോചനയ്ക്കിരയാവുകയായിരുന്നു ചാക്കോ.

37 വർഷം മുൻപ് ജനുവരിയിലെ ആ പ്രഭാതത്തിൽ സംഭവസ്ഥലത്ത് എത്തുമ്പോൾ ഡിവൈ എസ് പി ഹരിദാസ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, തന്റെ കരിയറിനെ തന്നെ നിർവചിക്കുന്ന, കേരളത്തിന്റെ ക്രിമിനൽ ചരിത്രത്തിലെ തന്നെ ഏറ്റവും സെൻസേഷണലായ കേസിലേക്ക് വലിച്ചിഴക്കപ്പെടുകയാണെന്ന്. കേസിലെ വിചാരണ തുടങ്ങി, ഒടുവിൽ അതിനൊരു അവസാനമായി. മുറിവേറ്റ കുടുംബങ്ങൾ ദുരന്തത്തെ അതിജീവിച്ച് ജീവിക്കാൻ തുടങ്ങി. പക്ഷേ അപ്പോഴും ഒരു ചോദ്യം മാത്രം അവശേഷിച്ചു. സുകുമാരക്കുറുപ്പ് എവിടെ? ആ നിഗൂഢമായ ചോദ്യം മാത്രം മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും ശേഷിക്കുന്നു.
കുറുപ്പിന്റെ വിവിധ മുഖങ്ങൾ
സുകുമാരക്കുറുപ്പ് എന്നത് ജന്മനാലുള്ള പേരായിരുന്നില്ല. ഗോപാലകൃഷ്ണ കുറുപ്പ് എന്നായിരുന്നു മാതാപിതാക്കൾ കുറുപ്പിന് ആദ്യം നൽകിയ പേര്.
ചെറിയനാട്ട് ഇടത്തരം കുടുംബത്തിൽ ജനിച്ച കുറുപ്പിന് ചെറുപ്പം മുതൽ സാഹസികതയോട് ഏറെ താൽപ്പര്യമുണ്ടായിരുന്നു. പ്രീ-ഡിഗ്രി പൂർത്തിയാക്കിയ ശേഷം വ്യോമസേനയിൽ എയർമാനായി കുറുപ്പ് ജോലിയിൽ പ്രവേശിച്ചു. പിന്നീട് നീണ്ട അവധിയ്ക്കു വീട്ടിൽ തിരിച്ചെത്തിയ കുറുപ്പിന് തിരിച്ചുപോയില്ല. അതോടെ എയർഫോഴ്സിന്റെ കണ്ണിൽ കുറുപ്പ് ‘ഡെസർട്ടർ’ (ഒളിച്ചോടിപ്പോയ സൈനികൻ) ആയി.
കുറുപ്പിന്റെ ക്രിമിനൽ മനസ് പുറത്തുചാടിത്തുടങ്ങുന്നത് അവിടം മുതലാണ്. പൊലീസ് സ്‌പെഷൽ ബ്രാഞ്ചിലെ ഹെഡ് കോൺസ്റ്റബിളിന് കൈക്കൂലി കൊടുത്ത് ഗോലകൃഷ്ണക്കുറുപ്പ് മരിച്ചുവെന്ന് വ്യാജ റിപ്പോർട്ട് ഉണ്ടാക്കിച്ച് വ്യോമസേനാ അധികൃതർക്ക് അയച്ചു. സേനയിൽനിന്ന് അനുവാദമില്ലാതെ പോന്നതു സംബന്ധിച്ച അന്വേഷണത്തിന് തടയിടാനുള്ള കുറുപ്പിന്റെ സൂത്രമായിരുന്നു ഇത്. ഈ സംഭവത്തോടെ ഗോപാലകൃഷ്ണക്കുറുപ്പ് എന്ന പേരിനോടും കുറുപ്പ് വിട പറഞ്ഞു. ഗൾഫിൽ പോകാനായി പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോൾ സുകുമാര പിള്ള എന്ന പേരാണ് കുറുപ്പ് സ്വീകരിച്ചത്.
പ്രണയത്തിന്റെ കാര്യത്തിലും നിർഭയത്തോടെയായിരുന്നു കുറുപ്പിന്റെ പെരുമാറ്റം. കുറുപ്പിന്റെ ചെറിയനാട്ടെ വീട്ടിലെ വീട്ടുജോലിക്കാരിയുടെ മകളായ സരസമ്മയുമായി പ്രണയം തുടങ്ങി. ബോംബെയിലെ (മുംബൈ) ബന്ധുവീട്ടിൽ വച്ചു സരസമ്മയെ കണ്ടതോടെയാണ് കുറുപ്പിന്റെ പ്രണയം തുടങ്ങുന്നത്. കുറുപ്പ് വ്യോമസേനയിൽ ജോലി ചെയ്യുമ്പോൾ, സരസമ്മ മുംബൈയിൽ നഴ്‌സിങ് കോഴ്‌സിന് ചേർന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിഞ്ഞ് കുറുപ്പിന്റെ മാതാപിതാക്കൾ രോഷാകുലരായി. കുറുപ്പുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് അവർ സരസമ്മയ്ക്ക് കത്തുകളയച്ചു. എന്നാൽ കുറുപ്പ് എതിർപ്പുകളെ വകവച്ചില്ല. വ്യോമസേന വിട്ട് അബുദാബിയിലേക്കു ചേക്കേറാൻ ഒരുങ്ങുന്നതിന് മുൻപ് മാട്ടുംഗയിലെ ക്ഷേത്രത്തിൽവച്ച് കുറുപ്പ് സരസമ്മയെ രഹസ്യമായി വിവാഹം ചെയ്തു.
കുറുപ്പിന്റെ ജീവിതത്തിന്റെ അടുത്ത അധ്യായം തുടങ്ങുന്നത് അബുദാബിയിലാണ്. അബുദാബിയിലെ മറൈൻ ഓപ്പറേറ്റിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്ത് കുറുപ്പിന്റെ ജീവിതം പൊതുവെ സമാധാനപരമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആ ജോലി കുറുപ്പിന് സ്ഥിരവരുമാനം നേടികൊടുത്തു. പൊതുവെ ബഹിര്‍മുഖനായ കുറുപ്പിന് വളരെ വേഗം ധാരാളം സുഹൃത്തുക്കളുണ്ടായി. ആ സംഘത്തിന്റെ പ്രിയങ്കരനായിരുന്നു കൂട്ടുകാർ ‘സുകു’ എന്നു വിളിച്ചിരുന്ന കുറുപ്പ്. അധികം വൈകാതെ, കുറുപ്പിന്റെ ഭാര്യ സരസമ്മയും അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചു.
കുറുപ്പ് തന്റെ സുഹൃത്തുക്കളുമായുള്ള ഒത്തുച്ചേരലുകളിൽ ഏറെ സന്തോഷം കണ്ടെത്തിയിരുന്ന ആളായിരുന്നുവെന്നും പാർട്ടികൾക്കായി പണം ചെലവഴിക്കാൻ മടിച്ചിരുന്നില്ലെന്നുമാണ് ഡിവൈ എസ് പി ഹരിദാസിന്റെ കണ്ടെത്തൽ. കൂട്ടുകാർക്കു നിർണായകഘട്ടത്തിൽ പണം നൽകി സഹായിക്കുക വഴി സുഹൃത്തുക്കൾക്കിടയിൽ കുറുപ്പ് നല്ല പേര് നേടിയെടുത്തു. തൃശൂർ ചാവക്കാട് സ്വദേശി ഷാഹുവും കുറുപ്പിന്റെ ചങ്ങാതിക്കൂട്ടത്തിലെ ഒരാളായിരുന്നു. കുറുപ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്യുകയായിരുന്നു ഷാഹു. വർഷങ്ങൾക്കു ശേഷം ചാക്കോ വധക്കേസിൽ നിർണായകമായത് ഷാഹുവിന്റെ മൊഴിയാണ്.
കേരളത്തിലേക്കുള്ള ഓരോ അവധിക്കാലയാത്രയിലും സുഹൃത്തുക്കൾക്കും കുടുംബത്തിനുമായി സാധനങ്ങൾ നിറച്ച സ്യൂട്ട്കേസുകൾ കുറുപ്പ് കൊണ്ടുവന്നു. സുഹൃത്തുക്കൾക്കൊപ്പമുള്ള കൂട്ടുകൂടലുകളിൽ എപ്പോഴും മദ്യത്തിന്റെ ചെലവ് കുറുപ്പ് വഹിച്ചു. സാമൂഹികമായും സാമ്പത്തികവുമായ ഉയർന്ന പദവിയെന്നതിൽ കുറുപ്പ് അഭിമാനം കൊണ്ടിരുന്നു. അക്കാലത്ത് കുറുപ്പ് അമ്പലപ്പുഴയിൽ വീടുവയ്ക്കാനായി സ്ഥലം വാങ്ങി, അംബാസഡർ കാറും സ്വന്തമാക്കി.
പ്രേരണയായത് ഡിറ്റക്ടീവ് മാസികയിലെ ആ കഥ
ആഢംബരജീവിതവും അമിതമായ സത്കാരപ്രിയവുമൊക്കെ അധികം വൈകാതെ കുറുപ്പിന്റെ ബാങ്ക് ബാലൻസ് ദുർബലമാക്കി, സാമ്പത്തിക ഭദ്രത തകർന്നു. കുറുപ്പിനും ഭാര്യയ്ക്കും കൂടി അക്കാലത്ത് മാസം 60,000 രൂപയോളം സ്ഥിരവരുമാനം ഉണ്ടായിരുന്നിട്ടും ചെലവുകഴിഞ്ഞ് കാര്യമായൊന്നും മിച്ചം പിടിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല.
ഈ സമയത്താണ് തന്റേത് ഉൾപ്പെടെയുള്ള ഗൾഫിലെ ചില കമ്പനികൾ നിലവിലുള്ളവരെ ഒഴിവാക്കി കുറഞ്ഞ വേതനത്തിൽ പുതിയ തൊഴിലാളികളെ നിയമിക്കാൻ പദ്ധതിയിടുന്നുവെന്ന അഭ്യൂഹം കുറുപ്പ് കേൾക്കുന്നത്. നാട്ടിൽ വീടുപണി നടക്കുന്നതിനാൽ കുറുപ്പിനെ സംബന്ധിച്ച് പണം അത്യാവശ്യമുള്ള സമയമാണ്. കേരളത്തിൽ ബിസിനസ് തുടങ്ങാൻ നാട്ടിലെ സുഹൃത്തുക്കളും കുറുപ്പിനെ പ്രോത്സാഹിപ്പിച്ചിരുന്നു.
ഏറ്റവും എളുപ്പത്തിൽ ധാരാളം പണം സമ്പാദിക്കാനുള്ള മാർഗം ഏതാണ്? ഒരു രാത്രി താൻ വായിച്ച ഒരു ഇംഗ്ലീഷ് ഡിറ്റക്ടീവ് മാസികയിൽനിന്ന് തീർത്തും ആകസ്മികമായാണ് കുറുപ്പിന് ആ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചത്. മറ്റാർക്കും വിചിത്രമായി തോന്നിയേക്കാവുന്ന ആ കാര്യം, ഉള്ളിൽ ക്രിമിനൽ ബുദ്ധിയും ധൈര്യവുമുള്ള, സാഹസികത ഇഷ്ടപ്പെടുന്ന കുറുപ്പിന് ശരിയാണെന്ന് തോന്നി.
തന്നോട് സാമ്യമുള്ള മറ്റൊരാളെ, ഒരാൾ കൊലപ്പെടുത്തി, തന്റെ കാറിന്റെ ഡ്രൈവർ സീറ്റിൽ ഇരുത്തിയശേഷം അത് അപകടമാണെന്ന് വരുത്തിത്തീർക്കാനായി തീകൊളുത്തുകയും ഇൻഷുറൻസ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് ക്ലെയിം നേടിയെടുക്കുകയും ചെയ്തുവെന്നതായിരുന്നു ആ കഥ.
ആ കഥയെ കുറിച്ച് കൂടുതൽ ചിന്തിക്കുന്തോറും കൂടുതൽ വിശ്വസനീയമായി കുറുപ്പിനു തോന്നി. എന്നാൽ മറ്റൊരാളുടെ സഹായമില്ലാതെ കുറുപ്പിന് പദ്ധതി നടപ്പാക്കാൻ കഴിയില്ലായിരുന്നു. ഷാഹുവിന്റെ പ്രതികരണം അറിയാനായി ഈ ആശയം കുറുപ്പ് ഒരു രാത്രി അബുദാബിയിൽ നടന്ന മദ്യപാന പാർട്ടിയ്ക്കിടെ അവതരിപ്പിച്ചു. അപകടമാണെന്ന് വരുത്തിത്തീർത്ത് കുറുപ്പ് മരിച്ചെന്ന് പൊലീസിനെയും നാട്ടുകാരെയും ബോധ്യപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം ചെയ്ത് പണം പിരിച്ചെടുക്കുക എന്നതായിരുന്നു ഷാഹു ചെയ്യേണ്ടിയിരുന്നത്. കിട്ടുന്ന ഇൻഷുറൻസ് തുകയിൽനിന്ന് ഒരു പങ്ക് കുറുപ്പ് ഷാഹുവിനും ഓഫർ ചെയ്തു. മൂന്ന് സഹോദരിമാരെ വിവാഹം കഴിച്ചുകൊടുക്കുന്നതുൾപ്പെടെ നിരവധി സാമ്പത്തിക പ്രശ്‌നങ്ങളുള്ള ഷാഹു ഒടുവിൽ കുറുപ്പിന്റെ പദ്ധതിയ്ക്ക് തലകുലുക്കി. കുറുപ്പ് ഭാസ്കര പിള്ളയെയും അയാളുടെ ഡ്രൈവർ പൊന്നപ്പനെയും ഒപ്പം കൂട്ടി. അന്നുമുതൽ കാര്യങ്ങൾ അതിവേഗം നീങ്ങി.
മരണത്തിലേക്ക് ലിഫ്റ്റ് ചോദിച്ച് ചാക്കോ
പിള്ള 8000 രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് അംബാസഡർ വാങ്ങി. കുറുപ്പും ഷാഹുവും കമ്പനിയിൽ നിന്ന് അവധിയെടുത്ത് ജനുവരി ആദ്യവാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
“അവകാശികളൊന്നും വരാനില്ലാത്ത ഒരു മൃതദേഹം സംഘടിപ്പിക്കുക എന്നതായിരുന്നു കുറുപ്പിന്റെ ആദ്യ പ്ലാൻ. പിള്ളയുടെ ഒരു ബന്ധു ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. മൃതദേഹം അവിടെ നിന്നെടുക്കുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നായിരുന്നു അയാളുടെ കണക്കുക്കൂട്ടൽ. അല്ലെങ്കിൽ ഏതെങ്കിലും ശ്മശാനത്തിൽനിന്നു മൃതദേഹം പുറത്തെടുക്കാമെന്നു കുറുപ്പ് കരുതി.പക്ഷേ, അത്തരത്തിൽ ഒരു മൃതദേഹം സംഘടിപ്പിക്കുക അസാധ്യമാണെന്ന് പിള്ള പറഞ്ഞപ്പോൾ, കുറുപ്പ് കൊലപാതകം നിർദേശിച്ചു. ഇതിനോട് മറ്റുള്ളവരും യോജിച്ചു,” കുറുപ്പിന്റെ പ്ലാനിനെക്കുറിച്ച് മുൻ ഡിവൈ എസ് പി ഹരിദാസ് പറഞ്ഞു.
1984 ജനുവരി 21-22 ദിവസങ്ങളിൽ, രാത്രിയിൽ കുറുപ്പും പിള്ളയും ഷാഹുവും പൊന്നപ്പനും ഇരയെ വേട്ടയാടുന്നതിന് മുമ്പ് ദേശീയ പാത 47ൽ കരുവാറ്റയിലുള്ള കൽപ്പകവാടി ഹോട്ടലിൽ അത്താഴത്തിന് ഒത്തുകൂടി. അത്താഴവും മദ്യസത്കാരവും കഴിഞ്ഞ് അവർ നാലുപേരും രണ്ട് കാറുകളിലായി യാത്ര തുടർന്നു. പുതുതായി വാങ്ങിയ കെ എൽ ക്യു 7831ൽ ആയിരുന്നു കുറുപ്പിന്റെ യാത്ര. മറ്റുള്ളവർ കെ എൽ വൈ 5959 എന്ന നമ്പര്‍ പ്ലേറ്റുള്ള കാറിലും.
ഒന്നിനു പിറകെ ഒന്നായി പോയ ഇരു കാറുകളിലായി അവർ നാലുപേരും ആ രാത്രി ഹൈവേയിലൂടെ 25 കിലോമീറ്ററോളം യാത്ര ചെയ്ത് ഓച്ചിറ വരെ എത്തി. എന്നാൽ അവരെ ഭാഗ്യം കടാക്ഷിച്ചില്ല. തിരികെയുള്ള യാത്രയിൽ, ഹരിപ്പാടിനടുത്തുള്ള ഹരി സിനിമാ തിയറ്ററിനടുത്ത് അടുത്തെത്തിയപ്പോൾ വഴിയരികിൽനിന്ന് ഒരാൾ ലിഫ്റ്റിനായി പിള്ളയും സംഘവും സഞ്ചരിച്ച കാറിനു മുന്നിലേക്കു കൈനീട്ടി. “നിങ്ങൾ ആലപ്പുഴ ഭാഗത്തേക്ക് പോവുകയാണോ?” അപരിചിതൻ ചോദിച്ചു. പിള്ളയോടും ഷാഹുവിനോടുമായി ഒരു നോട്ടം കൈമാറി കൊണ്ട് ഡ്രൈവർ പൊന്നപ്പൻ ആ അപരിചിതനെ കാറിനകത്തേക്ക് ക്ഷണിച്ചു, “കയറിക്കൊള്ളൂ.”
അയാൾ സ്വയം പരിചയപ്പെടുത്തി, ”ചാക്കോ, ഫിലിം റെപ്രസന്റേറ്റീവ് ആണ്.” തിയേറ്ററിലെ ടിക്കറ്റ് കളക്ഷൻ വിലയിരുത്തി വീട്ടിലേക്കു മടങ്ങുകയായിരുന്നു ചാക്കോ. കാർ ആലപ്പുഴയോട് അടുക്കാറായപ്പോൾ പിള്ള ഈഥർ കലർത്തിയ ഒരു ഗ്ലാസ് ബ്രാൻഡി ചാക്കോയ്ക്ക് നേരെ നീട്ടി. ചാക്കോ നിരസിച്ചു. പിള്ള രണ്ടാമതും ചാക്കോയ്ക്കു മദ്യം കൊടുത്തു. ഇത്തവണ സ്വരം അൽപ്പം കടുപ്പിച്ചായിരുന്നു. ചാക്കോ വീണ്ടും നിരസിച്ചപ്പോൾ, പൊന്നപ്പൻ ഹൈവേയിൽനിന്ന് കാർ ഒരു സൈഡ് റോഡിലേക്കു തിരിച്ചു. “ഇത് കുടിക്കൂ,” പിള്ള ചാക്കോയോട് ആക്രോശിച്ചു, ഈ സമയം ഭയന്ന ചാക്കോ ബ്രാൻഡി വാങ്ങി ഒറ്റയടിക്ക് കുടിച്ചു.
നിമിഷങ്ങൾക്കകം ബോധരഹിതനായ ചാക്കോയെ പിള്ളയും ഷാഹുവും കയ്യിൽ കരുതിയിരുന്ന ടവ്വൽ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തുടർന്ന് നാലുപേരും കുറുപ്പിന്റെ ഭാര്യയുടെ നാട്ടിലുള്ള സ്മിതാഭവൻ എന്ന വീട്ടിലേക്കു പോയി. അവിടെ വച്ച് തിരിച്ചറിയാൻ പറ്റാത്തവിധം ചാക്കോയുടെ മുഖവും തലയും പൊള്ളിച്ചു. ചാക്കോയുടെ വസ്ത്രങ്ങളും മോതിരവും വാച്ചും അഴിച്ചുമാറ്റി കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. മൃതദേഹം പിള്ളയും സംഘവും സഞ്ചരിച്ച കെഎൽവൈ 5959 കാറിലെ ഡിക്കിയിൽ നിക്ഷേപിച്ച് രണ്ട് കാറുകളിലായി നാലുപേരും തണ്ണിമുക്കത്തെ നെൽവയലിലേക്കു പോയി.

അവിടെ വച്ചാണ്, കുറുപ്പും സംഘവും അതിഹീനമായ ഗൂഢാലോചനയുടെ അവസാനഘട്ടം നടപ്പാക്കിയത്. കാറിന്റെ ഡിക്കിയിൽനിന്നു ചാക്കോയെ പുറത്തെടുത്ത് കെ എൽ ക്യു 7831 എന്ന നമ്പരുള്ള കുറുപ്പിന്റെ അംബാസിഡർ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തി, കാറോടെ നെൽവയലിലേക്ക് തള്ളിയിട്ട്, പെട്രോൾ ഒഴിച്ച് തീ കൊളുത്തി.
അന്വേഷണത്തിന്റെ നാൾവഴികൾ
1984 ജനുവരിയുടെ ആ പ്രഭാതത്തിൽ കുറുപ്പും സംഘവും കത്തിച്ചു കളഞ്ഞ അംബാസഡറിന്റെ റേഡിയേറ്ററിന്റെ ഒരു ഭാഗം ഇപ്പോഴും മാവേലിക്കര പോലീസ് സ്റ്റേഷനു പിന്നിൽ ഒരു മരത്തിന്റെ ചുവട്ടിലായി മണ്ണിൽ അടിഞ്ഞുകിടക്കുന്നുണ്ട്. അതിക്രൂരമായ ഒരു ക്രിമിനൽ എപ്പിസോഡിന്റെ ശേഷിക്കുന്ന അവസാനത്തെ ഭൗതിക അവശിഷ്ടമാണിത്.

തണ്ണിമുക്കം പാടം കാലക്രമേണ കളയും കാട്ടുപടർപ്പുകളും പുല്ലും നിറഞ്ഞ് വയലായി മാറി. 1984ന് ശേഷം ഇവിടം അറിയപ്പെടുന്നത് ചാക്കോ പാടം എന്നാണ്. വയലരികിലെ റോഡിലൂടെ കാറുകളും ബസുകളും കടന്നുപോവുമ്പോൾ ഡ്രൈവർമാർ ഇപ്പോഴും വേഗത കുറയ്ക്കുകയും മനസാക്ഷിയെ നടുക്കിയ ആ കൊലപാതകത്തെ ഓർമപ്പെടുത്തുന്ന ചാക്കോ പാടം ക്യാമറക്കണ്ണിൽ പകർത്താൻ ആളുകൾ ശ്രമിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ ഹരിദാസ് പൊലീസ് സൂപ്രണ്ടായി ദീർഘകാലം പ്രവർത്തിച്ചതിനു ശേഷമാണ് സർവീസിൽനിന്നു വിരമിച്ചത്. എൺപത്തിയൊന്നുകാരനായ ഹരിദാസ് ഇപ്പോൾ കൊല്ലത്തെ വസതിയിലാണ് താമസം. പ്രായാധിക്യം മൂലം ഇടയ്ക്ക് ഓർമക്കുറവ് ഉണ്ടാകാറുണ്ടെങ്കിലും കുറുപ്പ് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അദ്ദേഹം ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. അന്വേഷണത്തിന്റെ ആദ്യ നാളുകളിൽ തന്നെ, കാറിൽ വച്ച് മരിച്ചത് കുറുപ്പെല്ലെന്ന നിഗമനത്തിലെത്തിയതിനെക്കുറിച്ച് ഹരിദാസ് പറയുന്നതിങ്ങനെ:
“കുറുപ്പാണ് മരിച്ചതെന്ന് പ്രചരിച്ച സമയത്തുപോലും, അയാളുടെ വീട്ടിൽ മരണവീടിന്റെ അന്തരീക്ഷം ഉണ്ടായിരുന്നില്ല. കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമാണ് മരിച്ചത്, എന്നിട്ടു പോലും ആർക്കും ദുഃഖമില്ല. എന്തിനധികം, അപകടം നടന്ന ദിവസം ഉച്ചഭക്ഷണത്തിന് അവർ ചിക്കൻ കറി തയാറാക്കിയിരുന്നു. അക്കാലത്തൊക്കെ പ്രത്യേക അവസരങ്ങളിലായിരുന്നു ചിക്കൻ കറിയൊരുക്കുന്നത്. കുടുംബത്തിൽ ഒരു മരണം സംഭവിക്കുമ്പോൾ തീർച്ചയായും പാചകം ചെയ്യില്ല.”
സംശയം ജനിപ്പിച്ച മറ്റൊരു കാര്യം, പിള്ളയുടെ നെറ്റിയിലും കൈയിലും സംശയാസ്പദമായി കണ്ട പൊള്ളൽ പാടുകളായിരുന്നു. കാറിനു തീയിടുമ്പോൾ സംഭവിച്ചതായിരുന്നു ആ പാടുകൾ. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ, തണുപ്പ് അകറ്റാൻ തീ കായുന്നതിനിടെ പൊള്ളലേറ്റതെന്നാണ് പിള്ള ആദ്യം പറഞ്ഞത്. നിമിഷങ്ങൾക്കകം കഥ മാറി, പാത്രത്തിൽ ചൂടുവെള്ളം കൊണ്ടുപോകുന്നതിനിടെ പൊള്ളലേറ്റു എന്നായി. പിള്ളയുടെ മൊഴികൾ പരസ്‌പരവിരുദ്ധമാകാൻ തുടങ്ങിയപ്പോൾ കൂടുതൽ പേർ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പൊലീസിനു മനസിലായി.
തീയിൽ വെന്ത ദുരൂഹമനുഷ്യൻ ആരെന്നു കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായക തെളിവ് ലഭിച്ചത് ഷാഹുവിൽ നിന്നാണ്. അന്നത്തെ മാവേലിക്കര സർക്കിൾ ഇൻസ്‌പെക്ടറായ കെ ജെ ദേവസ്യയാണ് പ്രതികളിൽ ഒരാളായ ഷാഹുവിനെ ചാവക്കാട്ടെ വീട്ടിൽനിന്ന് പിടികൂടിയത്.
“ഞാനും ഒരു സഹപ്രവർത്തകനും ചാവക്കാട് എത്തിയപ്പോൾ ഏകദേശം അർധരാത്രിയായിരുന്നു. അതൊരു തീരപ്രദേശമായിരുന്നു. ഞാൻ ഷാഹുവിന്റെ വീട്ടിലെത്തി വാതിലിനു മുട്ടിയപ്പോൾ, അവൻ വീട്ടിൽ നിന്നിറങ്ങി കൊച്ചിയിലേക്കു ബസ് പിടിക്കാനുള്ള തയാറെടുപ്പിലായിരുന്നു. അവിടെ നിന്ന് ഗൾഫിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. ഒരു മണിക്കൂർ വൈകിയിരുന്നെങ്കിൽ അവനെ പിടികൂടാനാവില്ലായിരുന്നു. ഞാനവനെ ജീപ്പിൽ കയറ്റി, നാട്ടുകാർ ഓടികൂടും മുൻപ് ആ പ്രദേശത്ത് നിന്നു കടന്നു,” പൊലീസിൽനിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന കെ ജെ ദേവസ്യ പറഞ്ഞു.
ചോദ്യം ചെയ്യലിൽ, ഗൂഢാലോചനയുടെ വിശദാംശങ്ങൾ ഷാഹുവിൽനിന്നു ചോർത്തിയെടുക്കാൻ പൊലീസിന് അധികം സമയം വേണ്ടിവന്നില്ല. ഷാഹുവിന്റെ മൊഴി കേസിൽ നിർണായകമായി. മരിച്ചയാളുടെ ഐഡന്റിറ്റി കണ്ടെത്താനായി സമീപത്തെ എല്ലാ സ്റ്റേഷനുകളിലേക്കും പൊലീസ് സന്ദേശങ്ങൾ അയച്ചു. സഹോദരനെ കാണാനില്ലെന്നു പറഞ്ഞ് ആലപ്പുഴയിൽ ചാക്കോയുടെ സഹോദരൻ നൽകിയ പരാതിയും കുറുപ്പുമായി ചാക്കോയ്ക്കുള്ള ശാരീരിക സാമ്യവും കണക്കിലെടുത്താണ് കൊല്ലപ്പെട്ടത് ചാക്കോയാണെന്ന സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തിയത്.

“അന്നെനിക്ക് 30 വയസേ ഉണ്ടായിരുന്നുള്ളൂ, ആയിടയ്ക്കായിരുന്നു എന്റെ വിവാഹം. കേസിൽ എനിക്ക് വലിയ റോളില്ലായിരുന്നു. പക്ഷേ ഞാൻ ഷാഹുവിനെ പൂട്ടിയപ്പോൾ, എന്റെ ഭാഗം നന്നായി ചെയ്തതായി എനിക്ക് തോന്നി. ആ കേസിലേക്ക് സംഭാവന നൽകാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്,” ദേവസ്യ പറഞ്ഞു.
കുറുപ്പിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പിള്ളയെയും പൊന്നപ്പനെയും ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആദ്യം പ്രതികളിലൊരാളായി ആരോപിക്കപ്പെട്ട ഷാഹുവിനെ പൊലീസ് മാപ്പുസാക്ഷിയാക്കി. പിള്ളയും പൊന്നപ്പനും കുറ്റക്കാരാണെന്ന് സെഷൻസ് കോടതി കണ്ടെത്തി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസിലെ മൂന്നും നാലും പ്രതികളായ കുറുപ്പിന്റെയും പിള്ളയുടെയും ഭാര്യമാരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.
കയ്യെത്തും ദൂരത്ത് പൊലീസിനു നഷ്ടമായ അവസരം
ഷാഹുവിനെ പിടികൂടാനും സത്യം തെളിയിക്കാനും ഭാഗ്യം പൊലീസിന് തുണയായെങ്കിലും കുറുപ്പിന്റെ കാര്യം വന്നപ്പോൾ, പൊലീസിനെ ഭാഗ്യം തുണച്ചില്ല. ചാക്കോയുടെ കൊലപാതകത്തിനു ശേഷവും കുടുംബത്തെ കാണാനും ഒളിവിൽ കഴിയാൻ ആവശ്യമായ പണം സ്വരൂപിക്കാനുമായി കുറുപ്പ് രണ്ട് തവണയെങ്കിലും മാവേലിക്കരയിലും സ്വദേശമായ ചെറിയനാട്ടിലും എത്തിയതായി പൊലീസ് പറയുന്നു.
കുറുപ്പിനെ പിടികൂടാനുള്ള അവസരം ഒരിക്കൽ കയ്യെത്തും ദൂരത്താണു പൊലീസിന്റെ നഷ്ടമായത്. കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു അത്. അന്ന് കായംകുളം സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ജയപ്രകാശ് (പിന്നീട് പൊലീസ് സൂപ്രണ്ടായി വിരമിച്ച) ആ സംഭവം ഓർക്കുന്നതിങ്ങനെ:
“കുറുപ്പ് ആലുവ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ലോഡ്ജിലുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ഒരാളിൽനിന്ന് രാത്രി ഏറെ വൈകി വിവരം ലഭിച്ചു. ഞാൻ ഉടൻ തന്നെ മാവേലിക്കരയിൽനിന്ന് പുറപ്പെട്ട് 3-4 മണിയോടെ ആലുവയിലെത്തി. എന്നാൽ ലോഡ്ജിൽ എത്തിയപ്പോഴാണ് അയാൾ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മലബാർ എക്‌സ്‌പ്രസിൽ ആലുവയിൽനിന്ന് പോയെന്ന് മനസിലായത്. ഫോട്ടോ കാണിച്ചപ്പോൾ, റിസപ്ഷനിസ്റ്റ് അത് കുറുപ്പ് തന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നെങ്കിൽ ആയാളെ പിടിക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
അടുത്ത വർഷങ്ങളിൽ, കുറുപ്പിനെ പിടികൂടാനിറങ്ങിയ പൊലീസ് സംസ്ഥാനം കടന്ന് ഗ്വാളിയോർ, ഭോപ്പാൽ, ഇറ്റാർസി തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളും ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ഭൂട്ടാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുമെല്ലാം സഞ്ചരിച്ചു. കേരള പൊലീസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമായി സുകുമാരക്കുറുപ്പ് മാറി.
തന്നെപ്പോലുള്ള ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽനിന്ന് പണം ചെലവാക്കിയും കടം വാങ്ങിയുമൊക്കെയാണ് ശക്തമായൊരു തെളിവു ലഭിക്കാനായി യാത്രകൾ നടത്തിയതെന്ന് ജയപ്രകാശ് പറയുന്നു. ഒരു ഉത്തരം ലഭിക്കാതെ അന്വേഷണം അവസാനിപ്പിക്കുകയെന്നത് അവരെ സംബന്ധിച്ച് വേദനാജനകമായിരുന്നു. കുറുപ്പിന്റെ താടിവച്ച ചിത്രങ്ങൾ അക്കാലത്ത് വ്യാപകമായി പ്രചരിച്ചതോടെ, പൊലീസ് കൺട്രോൾ റൂമിലേക്ക് സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള കോളുകൾ ഒഴുകിയെത്തി.
“അദ്ദേഹം എപ്പോഴും ഒരു ബാഗ് റെഡിയാക്കി വച്ചിട്ടുണ്ടാവും. വിളി വന്നാൽ ഉടനെ പുറപ്പെടും. അദ്ദേഹത്തെ കുറിച്ചോർത്ത് ഞാനൊരുപാട് തവണ വിഷമിച്ചിട്ടുണ്ട്,” അക്കാലം ഹരിദാസിന്റെ ഭാര്യ ഓർത്തെടുക്കുന്നതിങ്ങനെ.
സിനിമയിലെ കുറുപ്പ്
1984ൽ ‘എൻഎച്ച്-47’ എന്ന സിനിമയിൽ ടിജി രവി കുറുപ്പായി അഭിനയിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം മറ്റൊരു തലമുറയിലെ താരമായ ദുൽഖർ സൽമാൻ, താൻ ജനിക്കുന്നതിനും മുൻപ് ജീവിച്ച, കേരള പൊലീസിനെ മൊത്തം വട്ടം ചുറ്റിച്ച, ഉത്തരം കിട്ടാത്ത നിഗൂഢതയായി അവശേഷിക്കുന്ന സുകുമാരകുറുപ്പ് എന്ന കുറ്റവാളിയായി സ്ക്രീനിലെത്തുകയാണ്.
Read more: അന്ന് ചാക്കോ ആയത് സുകുമാരൻ, കുറുപ്പായി ടിജി രവി
തന്റെ പിതാവിന്റെ ഘാതകനെ നായകനാക്കി മഹത്വവൽക്കരിക്കരുതെന്ന് ആവശ്യപ്പെട്ട് അന്തരിച്ച ചാക്കോയുടെ മകൻ ജിതിൻ സിനിമയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ചത് വിവാദമായിരുന്നു. എന്നാൽ, സിനിമ റിലീസിനു ഒരുങ്ങുന്നതിനു മുൻപായി ചിത്രം കണ്ട ചാക്കോയും കുടുംബവും ‘കുറുപ്പ്’ എന്ന ചിത്രം ഒരു തരത്തിലും സുകുമാരക്കുറുപ്പിനെ മഹത്വവത്കരിക്കുന്നില്ലെന്ന് അടുത്തിടെ സാക്ഷ്യപ്പെടുത്തിയിരുന്നു.
“കുറുപ്പിനെ അന്ന് പിടികൂടാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ കേസ് ഇത്രയധികം ജനശ്രദ്ധ നേടുകയോ ജനങ്ങളുടെ മനസിൽ അവിസ്മരണീയമായി നിലനിൽക്കുകയോ ചെയ്യില്ലായിരുന്നു. കുറുപ്പ് ഒരു പ്രഹേളികയായി തുടരുന്നതുകൊണ്ടാണ്, ഈ കേസിൽ ആളുകൾക്ക് ഇത്ര താൽപ്പര്യം,” ദേവസ്യ അഭിപ്രായപ്പെടുന്നു.
ഒരിക്കൽ റാഞ്ചിയിലെ ഒരു ആശുപത്രിയിൽ, കുറുപ്പിന്റെ ഒളിവു ജീവിതത്തിനിടയിൽ ഒരിക്കൽ താനയാളെ ചികിത്സിച്ചിരുന്നുവെന്ന് അവകാശപ്പെട്ട് ഒരു മലയാളി നഴ്‌സ് രംഗത്തെത്തിയിരുന്നു. ഗുരുതരമായ അസുഖം ബാധിച്ചതിനാൽ കുറുപ്പ് അധികകാലം ജീവിക്കാൻ സാധ്യതയില്ലെന്നാണ് അവർ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ജീവിച്ചിരിപ്പുണ്ടെങ്കിൽ കുറുപ്പിന് ഇപ്പോൾ 74 വയസ് തികയുമായിരുന്നു. മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോയെന്നു പോലും ഉറപ്പില്ലാത്ത സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെയാണ് മൂന്നരപ്പതിറ്റാണ്ടിലേറെയായി കേരളം അന്വേഷിക്കുന്നത്.