/indian-express-malayalam/media/media_files/2025/05/23/4vFVEMEEoc8rNf07175r.jpg)
Narivetta Movie Review & Rating: നരിവേട്ട റിവ്യൂ
Narivetta Movie Review & Rating: 'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം'- ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറായ 'നരിവേട്ട' അതിന്റെ ടാഗ് ലൈനോടു നൂറുശതമാനം നീതി പുലർത്തുന്ന ചിത്രമാണ്. നരിവേട്ട വർഗീസ് പീറ്ററിന്റെ കഥയാണ്, ഒപ്പം പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തിലേക്കും സിസ്റ്റം അവരെ എങ്ങനെയൊക്കെയാണ് 'ഫ്രെയിം' ചെയ്യുന്നതെന്നും നരിവേട്ട പറയുന്നു.
കുട്ടനാട്ടുകാരനായ വർഗീസ് പീറ്റർ ജീവിതത്തിൽ ഏറെ സ്വപ്നങ്ങളുള്ളൊരു ചെറുപ്പക്കാരനാണ്. കടംകയറി ആത്മഹത്യ ചെയ്ത കൃഷിക്കാരനായ അച്ഛന്റെ ജീവിതം ആവർത്തിക്കരുതെന്നും ജീവിതത്തിൽ ഉയർച്ച വേണമെന്നും കൊതിക്കുന്ന, അതിനായി ക്ഷമയോടെ കാത്തിരിക്കുന്നൊരു ചെറുപ്പക്കാരൻ. പിഎസ് സി ലിസ്റ്റിൽ പേരുള്ള വർഗീസിനെ സംബന്ധിച്ച് മെച്ചപ്പെട്ടൊരു പോസ്റ്റിൽ, നല്ലൊരു ജോലിയിൽ കയറിക്കൂടുക എന്നതാണ് ലക്ഷ്യം.
എന്നാൽ, വർഗീസിന്റെ കാത്തിരിപ്പു നീളുന്നതിനൊപ്പം അതിജീവനം ചോദ്യചിഹ്നമായി മാറുന്നു. ഒടുവിൽ, ഇഷ്ടമില്ലാഞ്ഞിട്ടും വർഗീസിന് പൊലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിക്കുന്നു. തുടക്കക്കാരന്റെ പകപ്പോടെ, വയനാട്ടിലെ ആദിവാസി ഭൂ സമരഭൂമിയിലേക്ക് വർഗീസ് യാത്ര തിരിക്കുന്നു. ആ യാത്ര, വർഗീസിന്റെ ജീവിതം അടിമുടി മാറ്റിമറിയ്ക്കുകയാണ്.
ടൊവിനോയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ നിരാശയും ദേഷ്യവും നിസ്സഹായതയും പ്രതിസന്ധികളുമെല്ലാം തന്മയത്വത്തോടെ ടൊവിനോ അവതരിപ്പിച്ചിരിക്കുന്നു. ടൊവിനോയുടെ കരിയറിലെ മികച്ച വേഷങ്ങളുടെ പട്ടികയിൽ നാളെ വർഗീസ് പീറ്ററും ഇടം നേടുമെന്ന് തീർച്ച. ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവായ അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. കൃത്യമായൊരു ക്യാരക്ടർ ആർക്ക് നൽകി കൊണ്ടാണ് വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെ അബിൻ ഒരുക്കിയിരിക്കുന്നത്. കാലം പലപ്പോഴും മറന്നെന്നു ഭാവിക്കുന്ന ചില ചരിത്രസത്യങ്ങൾ വീണ്ടും ഓർമപ്പെടുത്തുകയാണ് നരിവേട്ടയിലൂടെ അബിൻ. ഫിക്ഷനെന്ന രീതിയിൽ പറഞ്ഞുപോവുമ്പോഴും ചിത്രത്തിന്റെ കഥാപരിസരം കെട്ടുക്കഥയല്ലെന്ന് പ്രേക്ഷകർക്ക് ബോധ്യമാവും.
ചിത്രത്തിന്റെ പ്രമേയത്തോട് നീതി പുലർത്തുന്ന രീതിയിൽ, വളരെ റിയലിസ്റ്റിക്കായാണ് സംവിധായകൻ അനുരാജ് നരിവേട്ടയെ സമീപിച്ചിരിക്കുന്നത്. ആദ്യപകുതി ചിലയിടങ്ങളിൽ അൽപ്പം ഫ്ലാറ്റായി തോന്നുമെങ്കിലും, രണ്ടാം പകുതിയോടെ ചിത്രം അതിന്റെ തീവ്രമായ കഥാഖ്യാനത്തിലേക്കു സഞ്ചരിക്കുകയാണ്.
ചിത്രത്തിന്റെ ടെക്നിക്കൽ വശങ്ങളെല്ലാം ഒന്നിനൊന്നു മികച്ചുനിൽക്കുന്നു. ജേക്സ് ബിജോയുടെ സംഗീതവും വിജയുടെ ഛായാഗ്രഹണവും എടുത്തു പറയണം. ഷമീർ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റർ.
കാമ്പുള്ള പ്രമേയം, ടെക്നിക്കൽ വശങ്ങളിലെ മികവ്, അഭിനേതാക്കളുടെ പ്രകടനം എന്നിവ കൊണ്ട് ക്വാളിറ്റി കാഴ്ച സമ്മാനിക്കുന്ന ചിത്രമാണ് നരിവേട്ട. എല്ലാ കാലവും സംസാരിക്കാൻ ആളില്ലാതെ പോവുന്ന, അരികുവത്കരിക്കപ്പെട്ടു പോവുന്ന ഒരു ജനതയ്ക്കു വേണ്ടി കൂടിയാണ് നരിവേട്ട സംസാരിക്കുന്നത്. അത്തരമൊരു വിഷയം, ഈ കാലത്തുനിന്നു സംസാരിക്കുന്നു എന്നതു കൂടിയാണ് നരിവേട്ടയുടെ പ്രസക്തി.
Read More:
- വർഷങ്ങൾക്കു ശേഷം ആ നായികയെ കണ്ടുമുട്ടി വിനീത്; അത്രയും ക്രൂരത വേണ്ടായിരുന്നുവെന്ന് ആരാധകർ
- New malayalam OTT Release: പ്രൈം വീഡിയോയിൽ കാണാം 10 മലയാളം ചിത്രങ്ങൾ
- New OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 10 ചിത്രങ്ങൾ
- 150കോടി ആസ്തിക്ക് ഉടമ, ചെറുപ്രായത്തിൽ തന്നെ സിനിമാ പ്രേമികൾക്ക് പ്രിയങ്കരൻ, സകലകലാവല്ലഭനായ ഈ നടനെ അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.