scorecardresearch

ചെമ്പകത്തൈകൾ പൂത്ത മാനത്തു നിന്ന് അർജുനൻ മാസ്റ്റർ മായുമ്പോൾ

ബാഗേശ്രീരാഗത്തിൽ അർജുനൻ മാഷ് ചിട്ടപ്പെടുത്തിയ 'ചെമ്പകത്തൈകൾ മാനത്ത്' യേശുദാസ്, ശ്രീകുമാരൻ തമ്പി വരികളിൽ പാടിയത് ഇന്നു മുഴുവൻ മലയാളി മൂളുന്ന പാട്ടാവാം

ബാഗേശ്രീരാഗത്തിൽ അർജുനൻ മാഷ് ചിട്ടപ്പെടുത്തിയ 'ചെമ്പകത്തൈകൾ മാനത്ത്' യേശുദാസ്, ശ്രീകുമാരൻ തമ്പി വരികളിൽ പാടിയത് ഇന്നു മുഴുവൻ മലയാളി മൂളുന്ന പാട്ടാവാം

author-image
Viju Nayarangady
അപ്‌ഡേറ്റ് ചെയ്‌തു
New Update
MK Arjunan

എന്നെങ്കിലുമൊരിക്കൽ എന്നെ എന്റെ പ്രണയം അവളുടെ ജീവിതത്തിലേക്ക് വിളിച്ചാൽ ആ മുഹൂർത്തത്തിൽ ഞാനെങ്ങനെ പെരുമാറുമെന്ന്,  അപ്പോൾ ഞാനെന്തു പാടുമെന്ന് ശ്രീകുമാരൻ തമ്പിയും അർജുനൻ മാഷും ചേർന്ന് തീർച്ചപ്പെടുത്തിയ ഒരു പാട്ടുണ്ടായിരുന്നു.  ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടിൽ 'കാത്തിരുന്ന നിമിഷം' എന്ന സിനിമയ്ക്കകത്ത് വന്ന ഒരു പാട്ട്, യേശുദാസ് അല്ലാതെ മറ്റാർക്കും പാടാനാവില്ലെന്നു നമുക്ക് ഓരോ കേൾവിയിലും ബോധ്യപ്പെടുന്ന പാട്ട്,  'ചെമ്പകത്തൈകൾ പൂത്തമാനത്ത് പൊന്നമ്പിളി, ചുംബനം കൊള്ളാനൊരുങ്ങീ!'

Advertisment

ബാഗേശ്രീ രാഗത്തിലാണിത് അർജുനൻ മാഷ് രൂപപ്പെടുത്തിയിട്ടുള്ളത്.  മനസ്സിനെ അതിന്റെ എല്ലാ ജാലകങ്ങളും തുറപ്പിക്കുകയും അത്രമേൽ ഋതു ശുദ്ധമായ അന്തരീക്ഷത്തിൽ ലഘുവാക്കുകയും ചെയ്യുന്ന അർദ്ധ യാമ ഹിന്ദുസ്ഥാനീ രാഗമാണ് ബാഗേശ്രീ.  'മാനസ മൈനേ വരൂ' പോലെ വളരെ കുറച്ചു പാട്ടുകളേ അതിനു മുൻപ് ഈ രാഗത്തിൽ വന്നിട്ടുള്ളു.  പക്ഷേ ഈ രാഗത്തിന്റെ മുഴുവൻ തുറസ്സും ഉപയോഗിച്ച് ആദ്യത്തെ പാട്ടു ചെയ്തത് അർജുനൻ മാഷാണ്. സിതാറും സാരംഗി പോലെയുള്ള ഒരുപകരണവും പാട്ടിലേക്ക് ലയിപ്പിച്ചിട്ടാണ് മാഷ് പാട്ട് ആരംഭിക്കുന്നത്.  ഒപ്പം അവയുടെ ചരണവിന്യാസത്തെ മുറുക്കത്തോടെ  പിന്തുടർന്നു കൊണ്ട് പിടഞ്ഞുണരുന്ന വയലിനും ആ തന്തിവാദ്യങ്ങളുടെ ലയത്തെ ഹൃദയത്തിലറിഞ്ഞു കൊണ്ട് കൃത്യമായി അനുസരിക്കുന്ന തബലയും പാട്ടിലേക്ക്, യേശുദാസിന്റെ ശബ്ദത്തിലേക്ക് നമ്മെ അക്ഷമരാക്കുന്നു . സീനിൽ വന്നു നിറയുന്ന അസാമാന്യ സുന്ദരനായ കമൽഹാസനും അതിസുന്ദരിയായ വിധുബാലയും. വിധുബാലയുടെ ഇടം കവിളിൽ ചുണ്ടമർത്തി തലയുയർത്തി കുസൃതി നിറഞ്ഞ മുഖത്തോടെ നോക്കുമ്പോൾ പ്രണയപരിഭവസ്നേഹപ്രപഞ്ചം ഒറ്റ നോട്ടത്തിൽ നിറച്ച്, ആ വിധുബാല! ആ നിമിഷത്തിലേക്ക് ഇറ്റി വീഴുന്ന സന്തൂറിന്റെ നാദം.  മഴത്തുള്ളികളെ പോൽ അടർന്നു വീഴുന്ന നാദത്തിന്റെ തുള്ളികൾ അവയോടൊപ്പം അത്രമേൽ ആത്മാവിന്റെ അഗാധതയിൽ നിന്നെ പോലെ ചെം... പക ...തൈകൾ പൂത്ത... എന്ന അഭൗമാലാപനവും വരുന്നു.

Read more: ഓസ്‌കാര്‍ വേദിയോളമെത്തിയ ആ സംഗീതം തുടങ്ങിയത് അര്‍ജുനന്‍ മാസ്റ്ററുടെ കീഴീല്‍

'അമ്പിളീ' എന്നും 'അമ്പിളി പൊന്നമ്പിളീ' എന്നുമുള്ള സല്യൂട്ടേഷന്റെ ട്രീറ്റ്മെന്റ് കഴിയുമ്പോഴേയ്ക്കും 'ചുബനം കൊള്ളാനൊരുങ്ങീ ' എന്ന് നമ്മൾ പ്രതീക്ഷിച്ചു പോവും. പാട്ടെഴുതിയ ശ്രീകുമാരൻ തമ്പിയും പാട്ടുണ്ടാക്കിയ അർജുനൻ മാഷും പിടിയിൽ നിൽക്കാതെ കുതറിപ്പാഞ്ഞ് തടം തല്ലിത്തകർത്തു പാഞ്ഞു പോയ ആ ആലാപനത്തിൽ മുഗ്ദ്ധഹൃദയരായിരിക്കണം. അന്നൊക്കെ റിക്കാർഡിംഗ് സ്റ്റുഡിയോയിൽ ഇവരെല്ലാവരും ഉണ്ടായിരുന്നിരിക്കാൻ നൂറു ശതമാനവും സാദ്ധ്യതയുണ്ടല്ലോ. അതിൽത്തന്നെ നോക്കൂ, 'ചുംബനം കൊള്ളാനൊരുങ്ങി ' എന്ന വരിയുടെ ഒരാവർത്തനമുണ്ട്. രണ്ടിനും രണ്ടു ട്രീറ്റ്മെൻറാണ് പല്ലവിയിൽ മാഷ് കൊടുത്തിരിയ്ക്കുന്നത്. അതിനെ പുഷ്പം പോലെയാണ് യേശുദാസ് പാടി വെച്ചിരിയ്ക്കുന്നത്.

Advertisment

പല്ലവിക്കും അനുപല്ലവിക്കുമിടയിലെ വാദ്യസംഗീതം സൃഷ്ടിക്കുന്ന മൂഡാണ് അനുപല്ലവിയെയും പിന്നീട് ചരണത്തേയും സൃഷ്ടിക്കുന്നത്.  പാട്ടെഴുതുമ്പോൾ സംഗീതകാരനും പാട്ടുകാരനുമായുള്ള അസാമാന്യ ബാലൻസിന്റെ പേരാണ് ശ്രീകുമാരൻ തമ്പി. പതിനായിരക്കണക്കിനാൾക്കാർക്ക് ഒരുമിച്ച് ഭക്ഷണമൊരുക്കുന്ന പാചകക്കാരൻ കറിയിൽ ഉപ്പു ചേർക്കുന്നത് ഒരു കണക്കും വെച്ചല്ല. അതൊരു മനക്കണക്കാണ്. അത് കൂടില്ല , ഒട്ടും കുറയുകയുമില്ല . അതേ പോലെത്തന്നെ ഒട്ടും കൂടുകയോ കുറയുകയോ ചെയ്യാതെ കൃത്യമായി എഴുതിയ പാട്ടിലേക്ക് സംഗീതം വന്ന് നിറയുകയാണ്. വയലിനും സിതാറും മൽസരിച്ചാർദ്രമാക്കി , തബലയുടെ പെരുക്കങ്ങളിൽ പെട്ട് മത്ത് വരുന്ന ഇടത്തിലേക്കാണ് 'അത്തറിൻ സുഗന്ധവും പൂശി യെൻ മലർച്ചെണ്ടീ മുറ്റത്ത് വിടർന്നില്ലല്ലോ ' എന്ന ആലാപനം വന്നു നിറയുന്നത്. ആ വരിയുടെ ട്രീറ്റ്മെന്റിലുള്ള ആവർത്തനം , അതിന് നൽകുന്ന ഇംപ്രവൈസേഷനുകൾ, 'വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി' എന്നതിലെ ചുണ്ടുമായ് എന്ന പ്രയോഗത്തിൽ വരുന്ന നേർത്തതെങ്കിലും സൂക്ഷ്മമായ സംഗതി , 'ഒപ്പന പാടിയില്ലല്ലോ ' എന്നതിലെ ആന്ദോളനം , ദൈവമേ ഈ പാട്ട് നിലനിൽക്കുന്ന ഭൂമിയിൽ നീയെന്നെ മാർക്കണ്ഡേയനാക്കുക!

ചരണം അതേ ആയത്തിൽത്തന്നെ മുന്നോട്ടു പോകും . 'അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയിൽ അവൾ പടം വരച്ചില്ലല്ലോ /മാണിക്ക മണിമുത്തു കവിളെന്റെ കവിളിലെ മങ്ങലിൽ തിളങ്ങിയില്ലല്ലോ ' എന്ന രണ്ടു വരിയെ മാഷ് പൊലിപ്പിച്ചെടുത്ത് ആസക്തമധുരമായ പ്രണയത്തിന്റെ ചിറകിലാണ് പറത്തിയത്. എന്റെയനുഭവത്തിൽ ഇത്രയും ആഴത്തിൽ അത്മത്തിൽ തൊട്ടു കൊണ്ട് യേശുദാസ് മാറ്റൊരു പാട്ടു പാടിയിട്ടില്ല.  ഏതൊരു പാട്ടും കേൾവിക്കാരന്റെ അഹങ്കാരമാണ്.  അങ്ങനെ ഞാനഹങ്കരിക്കുന്ന പാട്ടാണിത്. പ്രണയിക്കപ്പെടാൻ മാത്രം പ്രിവിലേജുകളുണ്ടായിരിക്കുന്ന ഒരാൺകുട്ടിയ്ക്കത് മനസ്സിലായെന്നു വരികയില്ല.  എനിക്കിപ്പോഴുമോർത്തെടുക്കാനാവും, കോളേജിൽ പഠിയ്ക്കുന്ന ആദ്യകാലത്ത് മികച്ച പാട്ടുകാരും പാട്ടുകാരികളും ഇംഗ്ലീഷിലെ സഖീർ കാദിരി മാഷുടെ നേതൃത്വത്തിൽ റിഹേഴ്സൽ നടത്തുന്നത്. പ്രവേശനമില്ലാത്ത ഇടമാണെന്നറിഞ്ഞിട്ടും വെറുതെ എത്തിച്ചു നോക്കിപ്പോന്നിരുന്നത്.  പ്രണയമടക്കം എല്ലാത്തിന്റേയും പുറം വാതിൽക്കൽ ഒരനാവശ്യവസ്തുപോലെ തെണ്ടിത്തിരിഞ്ഞത്.

MK Arjunan master

ഇന്നു രാവിലെ കണ്ണുമിഴിച്ചത് അർജുനൻ മാഷുടെ മരണവാർത്തയിലേയ്ക്കാണ്. ഞാനിങ്ങനെ പാട്ടുകുറിപ്പെഴുതുന്നതിന്റെ ഒരു ലിങ്ക് തുടക്കത്തിലൊരു ദിവസം മെസഞ്ചറിൽ തമ്പി സാറിനയച്ചുകൊടുത്തിരുന്നു . രണ്ടു ദിവസം മുമ്പ് അദ്ദേഹം ആ ലിങ്കിനു പിറകേ പോയി ടൈംലൈനിൽ നിന്ന് ഏറെക്കുറെ മുഴുവനും വായിച്ചിട്ടാവണം Thank you Viju എന്നൊരു മെസേജയച്ചു. സത്യത്തിൽ തളച്ചിടപ്പെട്ട ഈ കാലത്ത് കേട്ട പാട്ടുകൾ ബാധയായതിന്റെ ഒരു രേഖ വരക്കുകയേ ഇതുവരെ ചെയ്തുള്ളു. അത്തരം പാട്ടുണ്ടാക്കിയവരിൽ അമരത്തു നിന്ന ഒരാൾ അത് പരിഗണിച്ചതിന്റെ കുളിർമ്മ മനസ്സിലുണ്ടായിരുന്നു.  തമ്പി സാർ കണ്ടാൽ വൈകാതെയത് അർജുനൻ മാഷറിയും എന്നൊരു ഗൂഢമായ ആനന്ദം എന്തുകൊണ്ടാണെന്നറിഞ്ഞുകൂടാ ഉള്ളിൽ വന്നു പെട്ടു.  പക്ഷേ ,സാധിച്ചില്ല.  അത്ഭുതകരമായ സംഗീതം ഹാർമോണിയത്തിന്റെ കട്ടകളിലൂടെ വിരലോടിച്ച് സൃഷ്ടിച്ചു വെച്ച ആ വിസ്മയം കണ്ണടച്ചുവല്ലോ.

പാലക്കാട് സ്വരലയയുടെ വേദിയിൽ വെച്ച് ഞാനൊരിക്കൽ മാഷെ കണ്ടിട്ടുണ്ട്, അന്ന് ഏറെ നേരം സംസാരിച്ചിട്ടുമുണ്ട്. കേട്ടിരിക്കുകയായിരുന്നു. പാട്ടിഷ്ടമുള്ള ഒരാളാണെന്ന് പെട്ടന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവണം.  എന്നെപ്പോലെയുള്ള അനേകരായ കേരളത്തിലെ സാംസ്കാരിക ഭിക്ഷാംദേഹികളുടെ അവസാനത്തെ അഭയമായ പാലക്കാട്ടെ ടി ആർ അജയൻ സാറാണ് ആ കണ്ടുമുട്ടലിന് ഇടയാക്കിയത്.  ഇപ്പോൾ അദ്ദേഹത്തെക്കൂടി ഞാനോർക്കുന്നു.  എത്ര ധന്യമായ ജീവിതമാണ് അസ്തമിച്ചതെന്നോർക്കുക. യഥാർത്ഥ കലാകാരൻ , അയാൾ സൂക്ഷിക്കുന്ന വിനയമുണ്ടല്ലോ, സത്യമായും,  എനിക്ക് എന്നെയൊക്കെ അനേകമാവർത്തി കീറി മുറിച്ചു പരിശോധിക്കാൻ ഇട നൽകിയിട്ടുണ്ട്. സംസാരിച്ചു നിറയുമ്പോൾ അന്ന് അർജുനൻ മാഷ് വിനയചക്രവർത്തിയായാണ് മനസ്സിന്റെ വിശുദ്ധ പീഠത്തിലിരുന്നത്.

Read more: തൊട്ടേനെ ഞാൻ മനസ്സു കൊണ്ട്….

മരണം അനിവാര്യമാണ്. ' ഗതാസൂ ന ഗതാസൂം ച നാ ന: ശോചന്തി പണ്ഡിതാ: ' എന്ന് ഭഗവദ് ഗീത പറയും. ജനനത്തിലും മരണത്തിലും പണ്ഡിതനായ ഒരാൾക്ക് ദു:ഖമില്ല, മനോനിലയിൽ മാറ്റമില്ലെന്നർത്ഥം.  എല്ലാം അറിയുന്നവനാണ് പണ്ഡിതൻ , ഒന്നുമറിയാത്ത 'അപ്പുക്കിളി' അതിന്റെ മറുപുറമാണ്.  രണ്ടു പേർക്കും ദു:ഖമില്ല . പക്ഷേ നമ്മൾ ഇതിനു രണ്ടിനുമിടയിൽ പെട്ടു പോയവരല്ലോ.  നമുക്ക് ദു:ഖിക്കാതെ തരമില്ലല്ലോ.

മാഷെ,  ഇന്ന് അങ്ങീ മണ്ണിൽ നിന്നിറങ്ങി അഗ്നിമാർഗ്ഗങ്ങളിൽ ചരിക്കുമ്പോൾ, എനിക്കുറപ്പാണ് പാട്ട് കേൾക്കുന്ന മുഴുവൻ മലയാളികളും , മനസ്സിലെ കണ്ണുകൾ നിറഞ്ഞ്, കടയുന്ന തൊണ്ട കൊണ്ട് 'ചെമ്പകത്തൈകൾ പൂത്തമാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ' എന്ന് മൂളുന്നുണ്ടാവും.

അത്തരത്തിൽ നിറഞ്ഞ കണ്ണും കടയുന്ന തൊണ്ടയുമായി , ഒരാൾ !

വിട

Read more: വിജു നായരങ്ങാടി എഴുതിയ കുറിപ്പുകൾ ഇവിടെ വായിക്കാം

Music Memories Film Songs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: