/indian-express-malayalam/media/media_files/uploads/2020/04/viju-fi.jpg)
സിനിമയേതെന്ന് അറിയാതെ, അറിയേണ്ട ആവശ്യമില്ലാതെ കൂടെ വന്ന ഒരു പാട്ടുണ്ട്, 'രാജശില്പീ, നീയെനിയ്ക്കൊരു പൂജാ വിഗ്രഹം തരുമോ, പുഷ്പാഞ്ജലിയിൽ പൊതിയാനെനിക്കൊരു പൂജാ വിഗ്രഹം തരുമോ?'
പഴയ പാട്ടുകളെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം സുശീലയുടെ മദഭരിതമായ ശബ്ദത്തിൽ ഈ പാട്ട് വന്ന് തൊടും. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത 'പഞ്ചവൻകാട്' എന്ന സിനിമയിലാണ് ഈ പാട്ടെന്നത് പിന്നീടേതോ കാലത്ത് ഉണ്ടായ അറിവാണ്. പാട്ടിലുള്ള ആസക്തി അത്തരമൊരു ഇൻഫർമേഷനു വലിയ പ്രാധാന്യമൊന്നും ഒരു കാലത്ത് കൊടുത്തില്ല. പക്ഷേ ഇന്നറിയാം, ഏതുതരം സിനിമയും എക്കാലത്തേക്കുമുള്ള സംഗീതവും കൊണ്ട് അക്കാലത്ത് പുറത്തിറങ്ങിയതിൽ ആ സിനിമകളുടെ നിർമ്മാതാക്കൾക്കും സംവിധായകർക്കുമുള്ള പങ്ക്. അവർ വയലാറിനെയും ദേവരാജനെയും സൃഷ്ടിച്ചു. അവർ പി ഭാസ്കരനെയും ഒ എൻ വിയെയും ശ്രീകുമാരൻ തമ്പിയെയും യൂസഫലിയെയും ബിച്ചു തിരുമലയേയും കൈതപ്രത്തിനെയും ഗിരീഷ് പുത്തഞ്ചേരിയേയും റഫീക് അഹമ്മദിനെയും സൃഷ്ടിച്ചു. അവർ ബാബുരാജിനെയും കെ രാഘവനെയും എം എസ് വി യെയും എം ബി എസിനെയും എ ടി ഉമ്മറിനെയെയും എം കെ അർജുനനെയും പോലെ നിരവധി സംഗീതകാരൻമാരെയും അസംഖ്യം പാട്ടുകാരെയും സൃഷ്ടിച്ചു.
പാട്ടിലൂടെ, പാട്ടിലൂടെ മാത്രമെ ഇന്നീ സിനിമകൾ പരാമർശിക്കപ്പെടുന്നുള്ളു. അപ്പോൾ തീർച്ചയായും അവർ ഓർമ്മിക്കപ്പെടണം. അങ്ങനെ നിരന്തരമായി പാട്ടുകളിലൂടെ മാത്രം ഇന്ന് ഓർമ്മിക്കപ്പെടുന്ന നിർമ്മാതാവും സംവിധായകനുമാണ് ഒരു പക്ഷേ, കുഞ്ചാക്കോ. അത്തരം പാട്ടുകളിൽ 'രാജശില്പീ, നീയെനിക്കൊരു പൂജാ വിഗ്രഹം തരുമോ?' എന്ന പാട്ട് ഏറ്റവും മുന്നിലാണ്. വയലാറും ദേവരാജനും ചേർന്ന് ഒരുക്കിയ പാട്ട്. ചേർന്നൊരുക്കിയത് എന്ന പ്രയോഗം സാധാരണ പറയും പോലെയുള്ള ഒരു ക്ലീഷേ പറച്ചിലല്ല. ബോധമുറച്ച കാലം മുതൽ ഈ പാട്ട് കേൾക്കുമ്പോൾ അവർ 'ചേർന്ന്' തന്നെയാണ് ഈ പാട്ടുണ്ടാക്കിയതെന്ന തോന്നൽ അബോധത്തിൽ വീണിട്ടുണ്ട്. ഓരോ തവണ കേൾക്കുമ്പോഴും ആ ചേർന്നിരിപ്പിന്റെ സജീവതയും ആഴവും എന്നെ വിസ്മയിപ്പിക്കുന്നു.
ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടു നോക്കുക, അനായാസേനയാണ് പി സുശീല രാജശില്പി പാടി വെച്ചിട്ടുള്ളത്. അത്ര അനായാസമായി ഗായകനോ ഗായികയോ ഒരു പാട്ടു പാടി വെക്കണമെങ്കിൽ അത് ഒന്നുകിൽ പാട്ടെഴുത്തുകാരനെ അതല്ലെങ്കിൽ സംഗീത സംവിധായകനെ അത്രമേൽ ആയാസപ്പെടുത്തിയിരിയ്ക്കണം. അത് മിക്കവാറും സംഗീത സംവിധായകനായിരിക്കും കൂടുതൽ ആയാസപ്പെടുത്തിയിരിക്കുക. ഇവിടെ, ഈ പാട്ടിൽ പക്ഷേ കവിയും സംഗീത സംവിധായകനും ഒരേ ആയത്തിൽ, ഒരേ നിരപ്പിൽ ആയാസപ്പെട്ടിട്ടുണ്ട്. തണ്ടുമുറിഞ്ഞ ഭാരവണ്ടിയെ സങ്കൽപ്പിക്കുക. കഴുത്തൊടിഞ്ഞ് ആ വണ്ടിയെ താങ്ങാൻ ശ്രമിക്കുന്ന കാളകളെ മുൻനിർത്തി, ആ ഭാരവണ്ടി പുല്ലുപോലെ വലിച്ചു പൊക്കി കാളകളെ അഴിച്ചുവിടുന്ന രണ്ടു പേരെയും ഒപ്പം സങ്കൽപ്പിക്കുക. ഈ പാട്ടിൽ വയലാറും ദേവരാജനും ആ ഭാരമേറ്റിയവരാണ്. പിന്നീട് ആ ഭാരത്തിൽ നിന്ന് സ്വതന്ത്രമായ പ്രപഞ്ചപ്രാണൻ സ്വച്ഛന്ദമായി ചിറകടിച്ചു പറന്നതാണ്,' രാജശില്പീ' എന്ന സുശീലയുടെ ആലാപനം.
നോക്കുക ഈ പാട്ട് ഇങ്ങനെയാണ്.
'രാജശില്പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ /പുഷ്പാഞ്ജലിയിൽപൊതിയാനെനിക്കൊരു /
പൂജാ വിഗ്രഹം തരുമോ
തിരുമെയ് നിറയെ പുളകങ്ങൾ കൊണ്ടു ഞാൻ / തിരുവാഭരണം ചാർത്തും /ഹൃദയ തളികയിൽ / അനുരാഗത്തിൻ /അമൃതു നിവേദിയ്ക്കും 1 ഞാൻ അമൃതു നിവേദിക്കും /മറക്കും /എല്ലാം മറക്കും / ഞാനൊരു /മായാലോകത്തിലെത്തും
രജനികൾ തോറും / രഹസ്യമായ് വന്നു ഞാൻ / രതിസുഖസാരേ പാടും / പനിനീർക്കുമ്പിളിൽ / പുതിയ പ്രസാദം / പകരം മേടിക്കും / ഞാൻ പകരം മേടിക്കും / മറക്കും / എല്ലാം മറക്കും / ഞാനൊരു / മായാലോകത്തിലെത്തും
പാട്ടെഴുതുമ്പോൾ കവി നേരിടുന്നത് ഒരു പരകായപ്രവേശമാണ്. പുരുഷ കഥാപാത്രത്തിനു വേണ്ടി എഴുതുമ്പോൾ പ്രാഥമികമായി പുരുഷനാവണം. പിന്നീടാണ് ആ പുരുഷന്റെ അപ്പോഴത്തെ മനോനിലയെ പരിഗണിക്കാനാവൂ. പുരുഷൻമാർ എഴുതുമ്പോൾ അതൊരു പ്രശ്നമേയല്ല. എന്നാൽ സ്ത്രീ കഥാപാത്രത്തിനുവേണ്ടി പുരുഷൻ എഴുതുമ്പോൾ കവി തന്നിലുള്ള പുരുഷനെന്ന നില വിട്ട് സ്ത്രൈണം എന്നതിന്റെ കാതലിൽ നിന്ന് മനോനിലകൾ ആർജ്ജിച്ചെടുക്കണം. അതൊട്ടും എളുപ്പമല്ല. മലയാളത്തിൽ ഈ ലിംഗഭേദം പാട്ടെഴുതുമ്പോൾ സസൂക്ഷ്മം പാലിച്ചത് വയലാറാണ്. വയലാറിനകത്ത് ഒരർദ്ധനാരീശ്വര പ്രകൃതമുണ്ട്. എഴുതുമ്പോൾ അത് പൂർണ്ണപുരുഷനായും പൂർണ്ണ സ്ത്രീയായും നിമിഷ നേരം കൊണ്ട് പ്രകൃതം മാറും. അങ്ങനെ പ്രകൃതമാറ്റം വന്ന, സ്ത്രീയെ ഉള്ളിൽ പ്രതിഷ്ഠിച്ച് വയലാറെഴുതിയ പാട്ടാണ് രാജശില്പി.
Read more: സംഗീതം പഠിക്കേണ്ടത് ഗുരുമുഖത്ത് നിന്നാണ്, യൂട്യൂബില്‍ നിന്നല്ല: ഉസ്താദ് റഫീഖ് ഖാന്‍ അഭിമുഖം
ഈ പാട്ടെഴുതുമ്പോൾ ഓരോ പദത്തിനു മുന്നിലും വയലാർ തപസ്സ് ചെയ്തിരിക്കണം. ഒരു കൗമാരക്കാരിയുടെ കാമിനീ ഭാവം, അവളുടെ കാമോന്മദമനസ്സിന്റെ പിടി കിട്ടാത്ത ഉള്ളറകൾ, ആ മനസ്സിൽ രൂപം കൊള്ളുകയും പൊലിയുകയും ചെയ്യുന്ന കാമസംബന്ധിയായ സന്ത്രാസങ്ങൾ, ഒരിക്കലും ഒരാളോടുപോലും ഉച്ചരിച്ചിട്ടു പോലുമില്ലാത്ത ഉണർവ്വിലും ഉറക്കത്തിലുമുള്ള തന്റെ കാമ സുരഭില സ്വപ്നങ്ങൾ ഇതിങ്ങനെ ഒരു പുരുഷന് ലിസ്റ്റ് ഔട്ട് ചെയ്യാൻ ഒരു പ്രയാസവുമില്ല. പക്ഷേ അവളെ ആഖ്യാതാവിന്റെ സ്ഥാനത്തു നിർത്തി അവളായി നിന്ന് ഇതു പറയൽ എളുപ്പമല്ല. വയലാർ സംബോധന ചെയ്യുമ്പോൾ സാധാരണ ശില്പിയെയല്ല രാജശില്പിയെ മാത്രമേ വിളിക്കൂ എന്ന് പാട്ടിന്റെ മറുകര കണ്ടിട്ടുള്ള ഞങ്ങളുടെ പൊതു സുഹൃത്ത് ഇ ജയകൃഷ്ണൻ നിരന്തരം പറയാറുള്ളതാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയവും ആകർഷകവുമായ ഒരു കാര്യം രാജശില്പിയോട് പൂജാ വിഗ്രഹം ചോദിക്കുന്നത് ആണിനെ അറിഞ്ഞ ഒരു പെണ്ണല്ല, ആണിലേക്ക് പടർന്നു കയറി പെണ്ണാവാൻ വെമ്പുന്ന ഒരു പെൺ മനസ്സും ശരീരവുമാണ്. അനുപല്ലവിയും ചരണവും ഒരു തവണ കൂടി വായിക്കുക. ഓരോ വാക്കിലും കാമോന്മാദിയായ ഒരു പെൺകിടാവ് നിന്നു കത്തുന്നുണ്ട്. ഒരു പെണ്ണിനു മാത്രം എഴുതാൻ പറ്റുന്ന, പെറുക്കിയെടുത്ത് സാക്ഷാത്കരിക്കാൻ പറ്റുന്ന പദങ്ങളാണത്. ഇതെഴുതുമ്പോൾ വയലാർ, രതിയെന്തെന്നറിയാത്ത എന്നാൽ സ്വാഭാവികരതി മോഹിപ്പിക്കുന്ന ഒരു പെണ്ണാണ്. പെണ്ണു മാത്രമാണ്.
മനസ്സ് പറിച്ചെടുത്ത് രൂപപ്പെടുത്തിയ ഈ പദശില്പത്തെ ശങ്കരാഭരണമെന്ന സമ്പൂർണ്ണ രാഗത്തിലേക്ക് പ്രവേശിപ്പിച്ച് തങ്കം കാച്ചിയെടുത്ത് തല്ലി പതം വരുത്തി അത്ഭുതകരമായ ആഭരണമാക്കും പോലെയാണ് ദേവരാജൻ മാഷ് പാട്ടാക്കിയത്. വയലാർ എടുത്ത അത്ര തന്നെ ആയാസം ദേവരാജൻ മാഷിനും ഉണ്ടായിട്ടുണ്ടാവണം. വഴുക്കുന്ന വരമ്പിലൂടെ നടക്കും പോലെയാണ് ഈ പാട്ടിൽ ഈ രാഗത്തിന്റെ പ്രയോഗം. ഏതു നിമിഷം വേണമെങ്കിലും ഈ പാട്ട് ഒരു കച്ചേരിയുടെ കീർത്തനാലാപം പോലെ വഴി മാറിപ്പോയേക്കും. അവിടെയാണ് രാഗത്തിന്റെ ലളിത ഗാന സ്വഭാവമെന്ന അപൂർവ്വവും അസുലഭവുമായ ഫീച്ചറിൽ ആ ജീനിയസിന്റെ കൈ പതിയുന്നത്.
ഓർക്കസ്ട്രേഷനിൽ ആർ കെ ശേഖറിന്റെ അസാമാന്യമായ പിൻബലം കൂടി പാട്ടിന്റെ മെയ്ക്കിംഗിൽ മാഷെ സഹായിച്ചിട്ടുണ്ട്. ഓർക്കസ്‌ട്രേഷന്റെ നൊട്ടേഷനും മാഷ് തന്നെയാണ് തയ്യാറാക്കുന്നതെന്ന് ജയകൃഷ്ണനൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അക്കാര്യത്തിൽ എനിക്ക് കൂടുതലറിഞ്ഞു കൂട. പക്ഷേ ഉപകരണങ്ങളെ, അതും ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും ഉപയോഗിയ്ക്കാതെ അവയുടെ ഹാർമണി ഇത്രമേൽ ഹൃദ്യമാക്കി തീർക്കുന്നതു കൂടി പാട്ടിനെ അസുലഭാനുഭവമാക്കുന്നു. സിതാറിന്റെ ഒറ്റക്കമ്പിയുടെ ഒരു ചിതറിയ ബീറ്റിനു പിറകേ 'രാജശില്പീ' എന്ന സുശീലയുടെ അതീവ മൃദുലവും മാദകവുമായ ശബ്ദം പ്രാവ് ചിറകുവിരിക്കും പോലെ വന്നിറങ്ങുന്നു. പല്ലവിയെ അനുസരിക്കുന്ന തബലയിൽ വിരിയുന്ന ഒരു വിചിത്ര നാദമുണ്ട്. പാട്ടിനെ അതിന്റെ തേജസ്സിലേക്ക് എടുത്തുയർത്തുന്ന പ്രധാനപ്പെട്ട കരങ്ങളിലൊന്നാണത്. അനുപല്ലവിയിലും ചരണത്തിലും ആദ്യ പാദങ്ങളിൽ തീൻ താളിന്റെ മാസ്മര ലയത്തോടൊപ്പമാണ് സുശീല അതീവ തരളിതമായ ശബ്ദത്തോടെ വയലാറിന്റെ ഉള്ളിലിരുന്നു കുറുകിയ പെൺകിടാവിനെ ആവിഷ്കരിക്കുന്നത്. ഈ പാട്ടിൽ കവിയും കമ്പോസറും പണി കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ പി സുശീലയുടെ രൂപത്തിൽ മനുഷ്യാകാരം പൂണ്ട നാദശലാക സ്വയമേവ സ്വതന്ത്രമാവുകയും 'മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും' എന്ന് പാടി നിർത്തും .
എത്ര തലമുറകൾ ഈ പാട്ട് ഇതുവരെ പാടിയോ അതിനൊക്കെയപ്പുറത്ത് ഇനിയുമെത്രയോ തലമുറകൾ ഈ പാട്ട് പാടും. മനസ്സിനോടൊപ്പം ശരീരത്തെക്കുറിച്ചും ശരീര കാമനയെക്കുറിച്ചും കേവല ധാരണ രൂപപ്പെടുന്ന ഏതൊരു പെൺകുട്ടിയും അവളെ മറന്നു പോകുന്ന ഒരേകാന്ത നിമിഷത്തിൽ 'ഹൃദയ തളികയിൽ അനുരാഗത്തിൻ അമൃതു നിവേദിക്കും' എന്ന് മൂളിപ്പോകും.
ആണിലും പെണ്ണിലുമുള്ള സ്ത്രൈണ കാമനയെ ഇത്രമേൽ ഇളക്കിയ, തൃപ്തിപ്പെടുത്തിയ മറ്റൊരു പാട്ടില്ല. എന്റെ അവിദഗ്ദ്ധമായ തൊണ്ട ഇതൊരിക്കലും പാടിയിട്ടില്ല. എന്നാൽ എന്റെ കാമിനിയിൽ നിന്ന് വിഷം തീണ്ടിയ മനസ്സ് ഇതല്ലാതെ മറ്റൊരു പാട്ടും ഇതാ ഈ നിമിഷത്തിലും പാടുന്നില്ല!
Read more: ആ നിമിഷത്തിൻ്റെ നിർവൃതിയിൽ ഞാനൊരു…
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.