scorecardresearch
Latest News

ആ നിമിഷത്തിൻ്റെ നിർവൃതിയിൽ ഞാനൊരു…

എസ് ജാനകിയ്ക്ക് സമാന്തരമായി എപ്പോഴൊക്കെ യേശുദാസ് പാടിയിട്ടുണ്ടോ, അവിടെ യേശുദാസിനെ എസ് ജാനകി കയറിവെട്ടിയിരിയ്ക്കും

ആ നിമിഷത്തിൻ്റെ നിർവൃതിയിൽ ഞാനൊരു…

വിനോദഉപാധിയായി റേഡിയോ മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് ചലച്ചിത്രഗാനങ്ങളായിരുന്നു അന്നത്തെ യുവതയുടെ ആത്മാവില്‍ നിറയെ. കൈ പിടിച്ചു നടത്തിയിരുന്നതും ചേര്‍ത്തിരുത്തിയിരുന്നതും കണ്ണു വിടര്‍ത്തിയിരുന്നതും ആത്മാവ് തുറക്കാന്‍ പ്രേരിപ്പിച്ചതും ഒക്കെ അന്നത്തെ പാട്ടുകളാണ്. ഓരോ പാട്ടും ഓരോ ലോകം തുറന്നു വച്ചു. സ്വപന്ങ്ങളിലേയ്ക്ക് കൈ ചൂണ്ടി. കുശലം പറഞ്ഞ് ഒപ്പംനടന്നു.ചലച്ചിത്ര ഗാനങ്ങള്‍ക്കൊപ്പം സഞ്ചരിക്കെ, ഓരോരുത്തര്‍ക്കും ഓരോ ആത്മഗാനങ്ങളുണ്ടായിവന്നു.

ഓരോ പാട്ടും നമ്മളെ എങ്ങനെയാണ് മുഴുവനായും അപഹരിച്ചു കൊണ്ടുപോയി കൂടെക്കൂട്ടി ചേര്‍ത്തു നടത്തിയത് എന്ന്, ഇന്നും കേള്‍വിയുടെ ചെവിയോരത്തിരുന്ന് പഴയ കാലത്തിലേയ്ക്ക് അവ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നതും പുതിയ കാലത്തിന് ഊര്‍ജ്ജമാകുന്നതെങ്ങനെ എന്നുമുള്ള ഒരു അന്വേഷണത്തിന്റെ വഴിയേ വിജു നായരങ്ങാടി. ഒരു പാട്ടുലോകത്തിന്റെ പ്രിയ സംഗീതസ്പന്ദനങ്ങളുടെ വഴിയേ ശ്രുതിയും താളവുമലിഞ്ഞു ചേര്‍ന്ന്, ഓര്‍മ്മപ്പാട്ടുകളില്‍ ഒരു മാത്ര ഒന്നു ചാരിച്ചേര്‍ന്നു നിന്നുപോവുക നിങ്ങളെല്ലാവരും…

 

ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാല് മലയാളത്തിൽ ഏകദേശം അൻപത്തിയൊന്ന് സിനിമകൾ റിലീസ് ആയ വർഷമാണ്. അതിൽ ഇരുപത്തിയഞ്ചിലധികം സിനിമകളിൽ പ്രേംനസീറായിരുന്നു നായകൻ. ഭൂരിഭാഗം സിനിമകളും ഒരർത്ഥത്തിലും കലാപരമായി മൂല്യവത്തായവയായിരുന്നില്ല. പക്ഷേ അവയിൽ നല്ലൊരു പങ്കും ഇന്നും അവശേഷിയ്ക്കുന്നതിൽ ഒരേയൊരു കാരണം പാട്ടുകളാണ്.

ഹൃദയം കൊണ്ട് സൃഷ്ടിക്കപ്പെടുകയും ഹൃദയം കൊണ്ട് പാടി വെക്കുകയും ഹൃദയം കൊണ്ട് കേൾക്കുകയും നാം ഹൃദയം കൊണ്ട് കാത്തുവെക്കുകയും ചെയ്ത പാട്ടുകൾ.  തൊള്ളായിരത്തി എഴുപത്തിനാലിൽ ശ്രീകുമാരൻ തമ്പി പാട്ടെഴുത്തിനോടൊപ്പം കഥയെഴുതി സംവിധാനം ചെയ്ത ‘ചന്ദ്രകാന്തം’ എന്ന സിനിമ അക്കാലത്തെ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു.  അദ്ദേഹത്തിന്റെ ആത്മാംശം കലർന്ന സിനിമ എന്ന് ‘ചന്ദ്രകാന്ത’ത്തെക്കുറിച്ച് വായിച്ചിട്ടുണ്ട് .  ഈ സിനിമയിൽ  എം എസ് വിശ്വനാഥന്റെ സംഗീത സംവിധാനത്തിനായി ശ്രീകുമാരൻ തമ്പി എഴുതിയ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ,  ഞാനൊരാവണിത്തെന്നലായ് മാറീ’ എന്ന പാട്ട് ഉള്ളിൽ സൃഷ്ടിച്ച, സൃഷ്ടിച്ചു കൊണ്ടേയിരിയ്ക്കുന്ന അസാമാന്യമായ അനുഭൂതിയ്ക്ക് സമാനതയുണ്ടോ, എനിക്കറിഞ്ഞു കൂടാ.

ഈ പാട്ടിന് യേശുദാസ് പാടിയ ഒരു മെയിൽ വേർഷനും എസ് ജാനകി പാടിയ ഒരു ഫീമെയിൽ വേർഷനുമുണ്ട്. പലപ്പോഴും എനിക്കു തോന്നിയ ഒരു കാര്യം എസ് ജാനകിയ്ക്ക് സമാന്തരമായി എപ്പോഴൊക്കെ യേശുദാസ് പാടിയിട്ടുണ്ടോ, അവിടെ യേശുദാസിനെ എസ് ജാനകി കയറിവെട്ടിയിരിയ്ക്കും.

ഒരാളും ഒരിക്കലും പ്രതീക്ഷിയ്ക്കാത്ത ഒരധികമാനം പാട്ടിലവർ ചേർത്തുവെച്ചിരിയ്ക്കും.  തീർച്ചയായും പാട്ടിന്റെ പരമാവധിയിലാണ് യേശുദാസ് പാടി വെച്ചിരിയ്ക്കുന്നത്.  എന്നാൽ മറ്റേതോ ഒരനുഭൂതിയുടെ അധികമാനത്തിന്റെ ആകാശവിതാനത്തിലാണ്  ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ‘ ജാനകി പാടിത്തകർത്തിരിക്കുന്നത്.  ഏതനുഗ്രഹ നിമിഷത്തിലാവും ഈ പാട്ടുമായി അവർ മൈക്രോഫോണിനു മുന്നിൽ ഒരു നിമിഷം കണ്ണടച്ചു നിന്നിരിയ്ക്കുക? ആദ്യത്തെ ശ്വാസം എടുത്ത് ആലാപനത്തിന്റെ ചുഴികളിലേക്ക് അവരെത്തന്നെ വലിച്ചെറിഞ്ഞിരിയ്ക്കുക? ഞാനാ നിമിഷത്തെ അത്ഭുതത്തോടെയും അങ്ങേയറ്റം ആദരവോടെയും ഇപ്പോഴും നമിക്കുന്നു.

ഫീമെയിൽ വേർഷൻ പാട്ട് ആരംഭിക്കുന്നതിനു മുൻപ് നായിക കവിയായ നായകനെ ഓർക്കുന്നതാണ് സിനിമയിലെ സീൻ .  ജയഭാരതിയാണ് സീനിൽ.  നായകന്റെ കാവ്യപുസ്തകം തുറന്ന് ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ‘ എന്നവർ വായിക്കുന്നു.  സിതാറിൽ പാറി വീഴുന്ന താരഫിനോടൊപ്പം ഏതോ വൈദ്യുതാഘാതമേറ്റതു പോലെ അസാമാന്യമായ ഒരു ഹമ്മിംഗിലേക്ക്, അതുവഴി പാട്ടിലേക്ക് സീൻ വഴുതി വീഴുന്നു.  ആ ഹമ്മിംഗ് ഉയർത്തുന്ന തീവ്രഭാവത്തിന് പകരം വെക്കാൻ മറ്റൊന്ന് കണ്ടെത്താനാവില്ല.  ആ ഹമ്മിംഗിനൊപ്പം കേൾവിക്കാരന്റെയുള്ളിൽ അനിതാ രത്നത്തെപ്പോലുള്ള ഒരു നർത്തകിയുടെ പദവിന്യാസം അയാളറിയാതെ നടന്നിരിയ്ക്കും.  ഉച്ചസ്ഥായിയിലുള്ള,  ചില്ലുവെയിൽ പോലുള്ള ആ ആലാപനത്തെ പിൻതുടർന്ന് അവർ  ‘ആ … നിമിഷത്തിന്റെ നിർവൃതിയിൽ… ‘ എന്നാലപിച്ചു തുടങ്ങുന്നു.

എം എസ് വിശ്വനാഥനാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  അസാമാന്യ സംഗീതജ്ഞനായ എം എസ് വി എഴുപത്തിയൊന്നിൽ ‘ലങ്കാദഹന’ത്തിലൂടെയാണ് ശ്രീകുമാരൻ തമ്പിയോടൊപ്പം ചേരുന്നത്.  ഏകദേശം നൂറോളം പാട്ടുകൾ ,  മറവിയിൽ മാഞ്ഞു പോകാത്തവ ഈ ദ്വയം സൃഷ്ടിച്ചിട്ടുണ്ട്.  ജി ദേവരാജൻ, ദക്ഷിണാ മൂർത്തി , എം എസ് വി , എം കെ അർജുനൻ എന്നിങ്ങനെയാണ് ശ്രീകുമാരൻ തമ്പിയുടെ പ്രധാനകമ്പോസർമാരുടെ നിര.  ആ നിമിഷത്തിന്റെ നിർവൃതിയിൽ എന്ന പാട്ട് കല്യാണിയിലാണ് എം എസ് വി ക്രിയേറ്റ് ചെയ്തത്.  മലയാളത്തിൽ കല്യാണിയിൽ പാട്ടു ചെയ്യുമ്പോൾ കല്യാണിയുടെ അനേകങ്ങളായ വേർഷനുകളും ഫ്ലേവറുകളും കൊണ്ട് അത്ഭുതം സൃഷ്ടിച്ച ബാബുരാജ് തൊട്ടപ്പുറത്തുണ്ട്. മോഹനത്തിലൊരു പാട്ടു ചെയ്യുമ്പോൾ ദേവരാജൻ മാഷെ മറികടക്കാനുള്ള ബാധ്യത വന്നു പെടും.  എന്നാൽ മേച കല്യാണിയെന്ന അറുപത്തഞ്ചാം മേളകർത്താരാഗത്തെ ,  മിനുസമാർന്ന പ്രതലത്തിൽ ഇരു കൈകളിലും നിറയെ മുത്തുകൾ വാരിയെറിയും പോലെ പ്രയോഗിച്ച് ,  സർവ്വസ്വരഗമക പ്രാധാന്യമുള്ള ആ സാർവ്വകാലിക രാഗത്തെ സായന്തനരാഗത്തിന്റെ നേർത്ത രുചിയിലേക്ക് വ്യാവർത്തിപ്പിച്ചാണ് എം എസ് വിശ്വനാഥൻ ജാനകിയെക്കൊണ്ട് പാടിച്ചിരിക്കുന്നത്.  പാട്ടിനെ ചിറകിലേറ്റുന്ന ആ ഹമ്മിംഗ് ഉണ്ടല്ലോ, അതിന്റെ സ്വര വിന്യാസം അനന്താകാശങ്ങളുടെ ഏതോ കോണിൽ നിന്നും ശരവേഗേന പറന്നിറങ്ങി വന്ന് സ്വരഘടനയുടെ വിന്യാസക്രമത്തിന്നുള്ളിൽ ചിറകൊതുക്കുന്ന ഒരു വെള്ളിൽപ്പറവയാണ്.  അതിൽ പെട്ടു പോയാൽ , ആ ശരപ്പക്ഷി കൊരുക്കുന്ന തീവ്രാവേഗത്തിൽ നിന്ന് പിന്നീടൊരിക്കലും നിങ്ങൾക്ക് മോചനമില്ല.

‘ആ..ആ…ആ….
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ്‌ മാറി
ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി
ആത്മദളത്തില്‍ തുളുമ്പി

നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ
രാഗപരാഗമുലര്‍ത്തുമാ തേന്‍ ചൊടി
പൂവിലെന്‍ നാദം മെഴുകി
അറിയാതെ നീയറിയാതെ…

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭി തന്‍ പദമായി
ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യ ഭാവ മരന്ദം വിതുമ്പി
താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
താരാട്ടു പാട്ടായ്‌ ഒഴുകീ
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കീ
താളം പകര്‍ന്നു ഞാന്‍ നല്‍കീ
അറിയാതെ നീയറിയാതെ…

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ്‌ മാറി
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭി തന്‍ പദമായി ‘

സാധാരണ സ്വഭാവമുള്ള ഒരു രചനയല്ലിത്. സാമ്പ്രദായികമായ പാട്ടെഴുത്തു രീതികളെ എം എസ് വിയ്ക്കും അർജുനനും വേണ്ടി പാട്ടെഴുതുമ്പോൾ ശ്രീകുമാരൻ തമ്പി ലംഘിച്ചെഴുതിയിട്ടുണ്ട്. അനുപല്ലവിയും ചരണവും വരികൾ കൂട്ടിയും കുറച്ചും ആവർത്തിച്ചുമൊക്കെയുള്ള ആ പരീക്ഷണങ്ങൾ മികച്ച പാട്ടുകളുണ്ടാക്കിത്തന്നിട്ടുമുണ്ട്. ഇവിടെയും അതാണ് സംഭവിച്ചത്. പാട്ട് ആ …യിര… മുൻ മാ… ദ… രാത്രികൾ … തൻ … ഗന്ധം എന്ന് പാടിക്കഴിഞ്ഞതിനു ശേഷം ഒന്നുൾവലിഞ്ഞ് ആത്മദളത്തിൽ ‘തുളുമ്പീ’ എന്ന് അസാമാന്യമായ ഒരു പ്ലാനിൽ വിഹായസ്സിലേക്ക് ചിറകു വിരുത്തുകയാണ്.  ആ ചിറകു വിരുത്തലിനെ, സാവകാശം ചിറകൊന്ന് കുടഞ്ഞുണർന്ന് ആഞ്ഞൊന്നാകാശത്തേക്ക് കുതിക്കാൻ സ്വയം അസ്ത്രമായി കൂർപ്പിച്ചെടുക്കുകയാണ് അനുപല്ലവി.  എന്നാൽ അതേ അസ്ത്രം അതിരില്ലാത്ത ആകാശത്തേക്ക് പറന്നകന്ന് പോയി മണ്ണിൽ നിൽക്കുന്ന ആളുടെ കണ്ണിൽ നേർത്ത പൊട്ടായി അവശേഷിച്ച് , ദൈവമേ എന്ന് നെഞ്ചിൽ കൈവെപ്പിക്കുന്ന പ്രക്രിയയാണ് ഈ പാട്ടിന്റെ ചരണം ;  മനം ആരഭി തൻ പദമായി’!

ഈ പാട്ടിനെ വെല്ലുക എളുപ്പമല്ല. പാടും എന്നു പറയുന്ന കുട്ടികളോട് ഈ പാട്ട് ഞാൻ പരിചയപ്പെടുത്താറുണ്ട്. പാട്ടിനെക്കുറിച്ചറിയുന്ന ചില മിടുക്കികൾ പിന്നെ അതിനെക്കുറിച്ചു പറയുമ്പോൾ ചിരിച്ചൊഴിയാറാണ് പതിവ്. അഞ്ചെട്ടു വർഷങ്ങൾക്കു മുൻപാണ്,  ഞാൻ എഫ് ബി യിൽ വന്ന കാലം. ഡസ്ക്ടോപിലാണ് ക്രിയ.  കാവ്യകേളി ഗ്രൂപ്പിലൊക്കെ സജീവമായിരുന്ന ആ കാലത്ത് എഫ് ബി ചാറ്റ് ബോക്സ് സജീവമായിരിയ്ക്കും.  കവിതയും സാഹിത്യവും നിരന്തരമായി ചർച്ച ചെയ്യുന്നതിനിടയിൽ സൗഹൃദങ്ങൾ ഇൻബോക്സിൽ വലിയ ആഴത്തിൽ രൂപപ്പെടും.  അതിൽ തന്നെ ചില രാത്രികളിൽ വാക്കുകളില്ലാതെ , കയറിക്കിടക്കാൻ മനസ്സിന് സാന്ത്വനത്തിന്റെ ഒരറയും ബാക്കിയില്ലാതെ , ഇരുട്ടുകുടിച്ച് , ‘ ഇരുളേ വിഴുങ്ങടാ ഈ മൊണ്ണയനെ’ എന്നും പറഞ്ഞിരിക്കുന്ന ഒരിരുപ്പുണ്ട്.  അതുപോലൊരു നടുപ്പാതിര . അക്കാലം വരെ ഇൻബോക്സിൽ വന്ന് വല്ലപ്പോഴും അഞ്ചോ പത്തോ മിനുട്ട് മിണ്ടിപ്പറഞ്ഞിരുന്ന ഒരു കൂട്ടുകാരിക്ക് എന്റെ പാട്ടിനോടുള്ള പ്രിയമറിയാം.  പക്ഷേ, എനിക്കവരെക്കുറിച്ചോ അവർക്കെന്നെക്കുറിച്ചോ അതിനപ്പുറമൊന്നും അന്നറിഞ്ഞുകൂടാ.  ഞാനന്ന് മൂന്നാലു മണിക്കൂറുകൾ മോണിറ്ററിലേക്ക് നോക്കി നരച്ചസ്തമിച്ചിരിക്കേ , പാതിരയുടെ നടുവിലേക്ക് എന്റെ ഫോൺ റിംഗ് ചെയ്തു.  അപരിചിതമായ ഒരു നമ്പർ . ഉള്ളൊന്നു നടുങ്ങിയാണ് ഫോണെടുത്തത് , ‘ഹലോ’ എന്ന വചനത്തിന് ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ മനം ആരഭി തൻ പദമായീ ‘ എന്നങ്ങു തുടങ്ങി
ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ /നവ്യ ഭാവ മരന്ദം വിതുമ്പി / താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍ / താരാട്ടു പാട്ടായ്‌ ഒഴുകീ
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ/ താളം പകര്‍ന്നു ഞാന്‍ നല്‍കീ /താളം പകര്‍ന്നു ഞാന്‍ നല്‍കീ / ആറിയാതെ നീയറിയാതെ… ‘ എന്നങ്ങ് പാടി നിർത്തി , ഫോൺ ഓഫാക്കി ആ മാന്ത്രിക സ്വരം ഇറങ്ങിപ്പോയി. അത്ര സുന്ദരമായി , ജീവനിൽ അമൃതം തളിക്കും പോലെ ആ പാട്ട് ജാനകിയമ്മയ്ക്കപ്പുറം മറ്റൊരാൾ പാടി ഞാൻ കേട്ടിട്ടില്ല. പിന്നീട് ആ പാട്ടൊരിക്കൽക്കൂടിയെന്ന് ഞാനവളോട് ആവശ്യപ്പെട്ടിട്ടുമില്ല.  ജീവിതം ജീവിച്ചു തീർക്കാൻ നമുക്കും എന്തെല്ലാം കാരണങ്ങളുണ്ടല്ലേ!

ജീവിതമേ , നീയെന്ന വിസ്മയത്തിനു മുന്നിൽ , ‘മനം ആരഭിതൻ പദമായീ !’

Stay updated with the latest news headlines and all the latest Music news download Indian Express Malayalam App.

Web Title: Aa nimishathinte nirvruthiyil song s janaki sree kumaran thampi m s viswanathan k j yesudas chandrakaantham movie