/indian-express-malayalam/media/media_files/uploads/2022/08/Mammootty-4.jpg)
മുകേഷ് കഥകൾ എന്നും പ്രശസ്തമാണ്. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങൾ നർമ്മം കലർത്തി രസകരമായി മുകേഷ് പറയുമ്പോൾ അത് കേട്ടിരിക്കാൻ മലയാളികൾക്ക് ഏറെ താൽപ്പര്യമാണ്. 'മുകേഷ് കഥകൾ- ജീവിതത്തിലെ നേരും നർമ്മവും' എന്ന പുസ്തകം ഏറെ ജനപ്രീതി നേടാൻ കാരണവും മുകേഷിന്റെ ഈ കഥപറച്ചിൽ പാടവം തന്നെ.
തന്റെ യൂട്യൂബ് ചാനലിലൂടെയും മുകേഷ് കഥകളുമായി സജീവമാണ് താരമിപ്പോൾ. ഇപ്പോഴിതാ, മമ്മൂട്ടിയുടെ കരിയർ മാറിമറിയാൻ നിമിത്തമായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് മുകേഷ്. മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ പിജി വിശ്വംഭരൻ ഒരിക്കൽ തന്നോട് സംസാരിച്ച കാര്യം ഓർത്തെടുക്കുകയായിരുന്നു മുകേഷ്.
"ഇതിലും ഇനിയും വരൂ എന്ന ചിത്രത്തിന്റെ ലൊക്കേഷനാണെന്ന് തോന്നുന്നു, ഞാനും കലാഭവൻ അൻസാർ, സൈനുദ്ദീൻ ഒക്കെയുണ്ട്. മമ്മൂട്ടി അന്ന് സൂപ്പർസ്റ്റാർഡത്തിലേക്ക് എത്തുന്നതേയുള്ളൂ. അന്ന് വിശ്വംഭരൻ ചേട്ടൻ ഞങ്ങളോടൊരു കഥ പറഞ്ഞു, മമ്മൂട്ടി ഈ നിലയിൽ എത്തിയതിന്റെ ഒരു കാരണം ഞാനാണ്. അതുകേട്ട് ഞങ്ങൾക്കെല്ലാവർക്കും ജിജ്ഞാസയായി. അതെങ്ങനെ എന്നു തിരക്കിയപ്പോൾ, സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടി വേണം എന്ന് നിർബന്ധം പിടിച്ചത് താനാണെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് മമ്മൂട്ടിയ്ക്ക് ആരും അത്ര വലിയ വേഷങ്ങൾ കൊടുത്തിരുന്നില്ല. എനിക്ക് ആ ചെറുപ്പക്കാരനിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ് നിർമാതാവിനോട് താൻ സംസാരിച്ചെന്നും വിശ്വംഭരൻ ചേട്ടൻ പറഞ്ഞു. സ്ഫോടനം സൂപ്പർ ഹിറ്റായപ്പോഴാണ് മമ്മൂട്ടിയെ നല്ല നടനായി ആളുകൾ അം​ഗീകരിച്ചു തുടങ്ങിയതും വലിയ റോളുകൾ അദ്ദേഹത്തെ തേടിയെത്തിയതും. എന്തുകൊണ്ട് താൻ മമ്മൂട്ടിയ്ക്ക് വേഷം കൊടുത്തു എന്നതിനു പിന്നിലെ കഥയും വിശ്വംഭരൻ ചേട്ടൻ പറഞ്ഞു. "
"ഒരിക്കൽ ഞാൻ ലൊക്കേഷനൊക്കെ നോക്കാൻ പോയപ്പോൾ നല്ല മഴ പെയ്തു. ആ റോഡിന്റെ സൈഡിൽ ഒരു ചെറിയ വെയ്റ്റിം​ഗ് ഷെഡ് ഉണ്ട്. ഞാൻ നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഒരു സ്കൂട്ടറിൽ വന്ന സുമുഖനായ മമ്മൂട്ടിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും കണ്ടു. ആ സമയത്ത് അവരുടെ കല്യാണം കഴിഞ്ഞതേ ഉള്ളൂ. മഴ കാരണം രണ്ടുപേരും വെയ്റ്റിംഗ് ഷെഡിൽ കയറി നിൽക്കുന്നു, അവിടെ വേറെയും ആളുകളുണ്ട്. പക്ഷേ ആരും മമ്മൂട്ടിയെ തിരിച്ചറിയുന്നില്ല. അതുകണ്ട് കാറിലിരുന്ന എനിക്കത് ഫീൽ ചെയ്തു, ശ്ശൊ ഒരു നല്ല നടനാവേണ്ട ആളാണ്. നല്ല മുഖവും ഫി​ഗറുമൊക്കെയുണ്ട്. ഇയാൾക്ക് എന്തെങ്കിലും നല്ലൊരു റോൾ കൊടുത്തിട്ട് രക്ഷപ്പെടുന്നെങ്കിൽ രക്ഷപെടട്ടേയെന്ന് ആ കാറിൽ ഇരുന്ന് ഞാൻ തീരുമാനമെടുത്തു. പിന്നീടങ്ങനെയൊരു ചാൻസ് വന്നപ്പോഴാണ് ആ വേഷം മമ്മൂട്ടിയ്ക്ക് കൊടുക്കണമെന്ന് താൻ പറഞ്ഞത്," പിജി വിശ്വംഭരൻ പറഞ്ഞ ആ വാക്കുകൾ മുകേഷ് ഓർത്തെടുത്തതിങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us