/indian-express-malayalam/media/media_files/uploads/2021/02/mohanlal-4.jpg)
'ദൃശ്യം 2' സൂപ്പർഹിറ്റായതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ. ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ കൊച്ചിയിലെ തന്റെ വസതിയിൽ സുഹൃത്തുക്കൾക്കായി മോഹൻലാൽ ഡിന്നർ പാർട്ടി നടത്തി. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ഈ പാർട്ടിയിൽ പങ്കെടുത്തു.
പാർട്ടിയിൽ പങ്കെടുത്തവർക്ക് മോഹൻലാൽ സ്വയം പാചകം ചെയ്ത ഭക്ഷണവും ആസ്വദിക്കാനായി. പാചകത്തോട് തനിക്കുളള ഇഷ്ടത്തെക്കുറിച്ച് മോഹൻലാൽ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഈ ഇഷ്ടം തന്നെയാണ് മോഹൻലാലിനെ ഷെഫിന്റെ വേഷമണിയിച്ചത്. മോഹൻലാൽ പാചകം ചെയ്യുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് കല്യാണി.
സൂപ്പർസ്റ്റാർ മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിന്റെ തുടർച്ചയായ ‘ദൃശ്യം 2’ ലാൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ ഒരു ക്രൈം ത്രില്ലറായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്‍തിരുന്നുവെങ്കിൽ വലിയ ഇനീഷ്യൽ കളക്ഷൻ ഉറപ്പായും നേടുമായിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
Read More: ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവ്വചിക്കമോ?; തരംഗമായി മോഹൻലാലിൻറെ ടിറ്റ്വർ സംഭാഷണം
ആറ് വർഷങ്ങൾക്കു ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ‘ദൃശ്യം 2’വിലൂടെ സംവിധായകൻ കാണിച്ചു തരുന്നത്. മികച്ച സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്ന, ആദ്യഭാഗത്തോട് നീതി പുലർത്തുന്ന ചിത്രമെന്നു തന്നെ ‘ദൃശ്യം 2’വിനെ വിശേഷിപ്പിക്കാം. ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ മലയാളത്തിൽ നിന്നുള്ള ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം ഒരു തരത്തിലും ആരാധകരെ നിരാശരാക്കുകയില്ല.
'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. മാർച്ച് 26 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിലവിലെ വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.