മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമയായ ‘ദൃശ്യം 2’ ന് സോഷ്യൽ മീഡിയയിലെങ്ങും മികച്ച പ്രതികരണമാണ്. ദൃശ്യം ആദ്യ ഭാഗത്തേതുപോലെ തന്നെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് രണ്ടാം ഭാഗവുമെന്നാണ് പലരുടെയും അഭിപ്രായം. ഒടിടി പ്ളാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ‘ദൃശ്യം 2’ റിലീസ് ചെയ്തത്.

ഭാര്യയ്ക്കും മക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വീട്ടിലെ ഹോം തിയേറ്ററിൽ ‘ദൃശ്യം 2’ കാണുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും മക്കളായ പ്രണവ്, വിസ്മയ, അടുത്ത സുഹൃത്ത് പ്രിയദർശൻ എന്നിവരെയും വീഡിയോയിൽ കാണാം. ‘ഞാന്‍ കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുന്നു, നിങ്ങളോ?’ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുളളത്.

സൂപ്പർസ്റ്റാർ മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിന്റെ തുടർച്ചയായ ‘ദൃശ്യം 2’ ലാൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ ഒരു ക്രൈം ത്രില്ലറായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്‍തിരുന്നുവെങ്കിൽ വലിയ ഇനീഷ്യൽ കളക്ഷൻ ഉറപ്പായും നേടുമായിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും; ‘ദൃശ്യം 2’ റിവ്യൂ

ആറ് വർഷങ്ങൾക്കു ശേഷമുള്ള ജോർജുകുട്ടിയുടെ ജീവിതമാണ് ‘ദൃശ്യം 2’വിലൂടെ സംവിധായകൻ കാണിച്ചു തരുന്നത്. മികച്ച സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്ന, ആദ്യഭാഗത്തോട് നീതി പുലർത്തുന്ന ചിത്രമെന്നു തന്നെ ‘ദൃശ്യം 2’വിനെ വിശേഷിപ്പിക്കാം. ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിനെത്തിയ മലയാളത്തിൽ നിന്നുള്ള ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം ഒരു തരത്തിലും ആരാധകരെ നിരാശരാക്കുകയില്ല.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook