/indian-express-malayalam/media/media_files/2025/09/23/mohanlal-2025-09-23-17-40-30.jpg)
രാഷ്ട്രപതി ദ്രൗപതി മുർമു മോഹൻലാലിന് ഫാൽക്കെ പുരസ്‌കാരം സമ്മാനിച്ചു
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി. ഡൽഹിയിലെ വിജ്ഞാന ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മോഹൻലാലിന് ഫാൽക്കെ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യൻ സിനിമാ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്‌കാരം നൽകിയത്.
'എൻ്റെ ആത്മാവിൻ്റെ സ്പന്ദനമാണ് സിനിമ' എന്ന് പുരസ്കാരം സ്വീകരിച്ച ശേഷം മോഹൻലാൽ പറഞ്ഞു. ഈ നിമിഷം മുഴുവൻ മലയാളം സിനിമയ്ക്കും അവകാശപ്പെട്ടതാണെന്നും ഈ ദിവസം യാഥാർത്ഥ്യമാകുമെന്ന് ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ആരാധകരുടെയും മലയാളം സിനിമയിലെ മുൻഗാമികളുടെയും പേരിൽ ഈ അവാർഡ് സ്വീകരിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Also Read: ഫാൽക്കെ പുരസ്കാരം വലിയ ഉത്തരവാദിത്തം; എല്ലാ അംഗീകാരങ്ങളും മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം: മോഹൻലാൽ
നിറ കയ്യടികളോടെ ആയിരുന്നു മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഷാരൂഖ് ഖാൻ അടക്കം സദസ്സിലിരുന്ന എല്ലാവരും എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് ആദരം പ്രകടിപ്പിച്ചു. 2023 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് മോഹൻലാലിന് സമ്മാനിച്ചത്. സ്വർണകമലവും പത്തു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാ സാഹേബ് പുരസ്‌കാരം നേടുന്ന മലയാളിയാണ് മോഹൻലാൽ.
അതേസമയം, 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളും ഇന്ന് കൈമാറി. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും ഏറ്റുവാങ്ങി. 'ജവാൻ' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. 'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി.
Read More: ഈ കിരീടത്തിന് അർഹൻ; മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.