/indian-express-malayalam/media/media_files/uploads/2019/02/mohanlal-3.jpg)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രമാണ് 'ലൂസിഫർ'. ചിത്രം മാർച്ചോടെ തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നതിന്റെ മുന്നോടിയായി മോഹൻലാലിന്റെ ലൂസിഫർ ലുക്കിലുള്ള പുതിയ പോസ്റ്റർ റിലീസിനെത്തിയിരിക്കുകയാണ്. മാസ് ലുക്കിലുള്ള മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. മലയാളികൾ​ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ലൂസിഫർ'.
'ലൂസിഫറി'ന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജുവാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്‌റോയ് എന്നുതുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജനുവരി അവസാന ആഴ്ചയാണ് ‘ലൂസിഫറി’ന്റെ ചിത്രീകരണം ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ പൂർത്തിയായത്. മാർച്ച് 28 നാണ് ചിത്രത്തിന്റെ റിലീസ്.
Read more: 5000 അഭിനേതാക്കളുമായി മാസ് സീൻ, 'ലൂസിഫർ' കൗതുകങ്ങൾ അവസാനിക്കുന്നില്ല
ഏറെനാളായി സംവിധാനമോഹം കൊണ്ടുനടക്കുന്നുവെങ്കിലും വളരെ യാദൃശ്ചികമായാണ് ലൂസിഫറിലേക്ക് എത്തി ചേർന്നതെന്നാണ് പൃഥിരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. "ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാൻ എന്ന ചിത്രത്തിൽ ഞാനും മുരളി ഗോപിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ വൈകിട്ട് ഇരിക്കുമ്പോൾ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വെച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടർ​ എന്നു ഞാൻ ചോദിച്ചു. ആ സംഭാഷണത്തിൽ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. ‘ലൂസിഫർ’ എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുൻപ് അനൗൺസ് ചെയ്ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റിൽ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റിൽ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റിൽ എടുത്തതാണ്.” 'ലൂസിഫറി'ലേക്കുള്ള യാത്രയെ കുറിച്ച് പൃഥിരാജ് പറഞ്ഞതിങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.