പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ വിശേഷങ്ങളെല്ലാം കൗതുകത്തോടെയാണ് സമൂഹമാധ്യമങ്ങൾ വരവേൽക്കുന്നത്. ഇപ്പോഴിതാ, 5000 അഭിനേതാക്കളുമായി ഒരു ബ്രഹ്മാണ്ഡ സീൻ ഷൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ് സംവിധായകൻ പൃഥി. 5000 ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന മെഗാസീനിന്റെ ഷൂട്ടിങ് തിരുവനന്തപുരം അടിമാലതുറ ബീച്ചിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ കൊച്ചിയിൽ പൂർത്തിയാക്കിയതിനു ശേഷമാണ് ലൂസിഫർ ടീം തിരുവനന്തപുരത്തേക്ക് ലൊക്കേഷൻ ഷിഫ്റ്റ് ചെയ്തത്.

ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളാണ് ഈ രംഗത്തിൽ അഭിനയിക്കുന്നതെന്നാണ് ലൊക്കേഷൻ റിപ്പോർട്ടുകൾ. നൂറു കണക്കിന് കാറുകളും സീനിൽ ഉണ്ട്. സിനിമയിലെ​ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ് ഇതെന്നും വാർത്തകളുണ്ട്. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന്റെ മാത്രം നിർമാണച്ചെലവ്. ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രതിഫലം തന്നെ രണ്ടു കോടിയോളം വരും. 15 ദിവസമായി ഈ സീനിന്റെ ചിത്രീകരണത്തിലാണ് പൃഥിയും സംഘവും.

“സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്ന ലൂസിഫര്‍ ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം നിറയെ ജനക്കൂട്ടത്തെ പ്രേക്ഷകര്‍ കണ്ടിരിക്കും, അത് ലാലേട്ടന്‍ നായകനാകുന്ന ചിത്രമായതുകൊണ്ടുമാത്രല്ല, മറിച്ച് അത്തരത്തില്‍ ജനക്കൂട്ടത്തിന്റെ ആവശ്യമുള്ളൊരു സിനിമയായതുകൊണ്ടുകൂടി ആണെന്ന്” മുൻപ് പൃഥ്വിരാജ് തന്നെ ഫെയ്സ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. ആ വാക്കുകളെ സാധൂകരിക്കുകയാണ് ലൂസിഫർ ടീം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന മേക്കിങ് വീഡിയോയും.

Mohanlal Prithviraj Lucifer Location Featured

Mohanlal Prithviraj Lucifer Location Featured

മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്, ബോളിവുഡ് താരം വിവേക് ഒബ്റോയ് എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മുരളി ഗോപിയാണ് ഈ പൊളിറ്റിക്കൽ ത്രില്ലറിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. 2019 ഏപ്രിലിൽ വിഷുവിനോട്​ അനുബന്ധിച്ചാവും ചിത്രം തിയേറ്ററുകളിൽ എത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook