/indian-express-malayalam/media/media_files/uploads/2023/03/Mohanlal-innocent1.jpg)
കൊച്ചി: നടൻ ഇന്നസെന്റിന്റെ വേർപാടിൽ വികാരനിർഭരനായി മോഹൻലാൽ. ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
''പോയില്ലെന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും,'' മോഹൻലാൽ എഴുതി.
ഇന്നലെ രാത്രി 10.30 ഓടെയാണ് ഇന്നസെന്റിന്റെ മരണം സ്ഥിരീകരിച്ചത്. മാർച്ച് മൂന്നു മുതൽ ചികിത്സയിലായിരുന്നു. കാൻസർ അസുഖവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാലാണ് മരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യനില അതിഗുരുതരമായി തുടരുകയായിരുന്നു. ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് നില ഗുരുതരമാവുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇസിഎംഒ സഹായത്തോടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ഡോക്ടർമാർ.
കോവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.