നടൻ ഇന്നസെന്റിന് വേദനയോടെ വിട നൽകി മലയാള സിനിമാ ലോകം. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്നസെന്റ് തിരികെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവർത്തകരും കുടുംബവും പ്രേക്ഷകരുമെല്ലാം. പൃഥ്വിരാജ്, മഞ്ജു വാര്യർ, ദിലീപ്, സൗബിൻ ഷാഹിർ, ഇന്ദ്രജിത്ത്, റിമി ടോമി എന്നു തുടങ്ങി സിനിമാരംഗത്തുനിന്നും നിരവധി പേരാണ് ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.
“സിനിമ ചരിത്രത്തിലെ ഒരു ഐതിഹാസിക അധ്യായത്തിന് അന്ത്യം! നിത്യശാന്തി നേരുന്നു, ഇതിഹാസമേ,” പൃഥ്വിരാജ് കുറിക്കുന്നു.
“നന്ദി ഇന്നസെൻ്റ് ചേട്ടാ! നൽകിയ ചിരികൾക്ക്… സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും,” മഞ്ജു വാര്യർ കുറിച്ചതിങ്ങനെ.
“ഇന്ത്യൻ സിനിമയുടെ മറ്റൊരു വലിയ നഷ്ടം. മൂന്നു പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഒരു സാഹോദര്യത്തിന് വിരാമം, ഈ നിമിഷം എനിക്ക് വാക്കുകൾ കിട്ടാതെ പോവുന്നു. അദ്ദേഹത്തെ പരിചയപ്പെടാനും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് സ്ക്രീൻ സ്പേസ് പങ്കിടാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു,” ജയറാം അനുസ്മരിച്ചു.
“വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ, സഹോദരനെ പോലെ, ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു. ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും,” ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
“എക്കാലവും എന്റെ ജോസ് അങ്കിളായി നിങ്ങളെ ഞാനോർക്കും,” ആദരാഞ്ജലികൾ അർപ്പിച്ച് കാളിദാസ് ജയറാം.
തന്റെ ഭാര്യ കാൻസറിനോട് പൊരുതിയപ്പോൾ ആ നിമിഷം തന്നെ സമാധാനിപ്പിക്കാനെത്തിയ ഇന്നസെന്റിനെയും ഭാര്യയെയും ഓർത്തു കൊണ്ടാണ് ഗായകൻ ബിജു നാരായണൻ കുറിപ്പ് പങ്കുവച്ചത്.
ഇന്നസെന്റ് ചേട്ടനു ഞാൻ ആദരാഞ്ജലി അർപ്പിക്കില്ലെന്നും അദ്ദേഹം ദൂരെ എവിടെയോ ഷൂട്ടിങ്ങിനു പോയതാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമെന്നുമാണ് നടൻ സലീം കുമാർ കുറിച്ചത്.
മലയാള സിനിമയിലെ അഭിനേതാക്കൾക്ക് വെറുമൊരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല ഇന്നസെന്റ്. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് പതിനഞ്ചു വർഷത്തോളമാണ് ആ സ്ഥാനത്തിരുന്നത്. അമ്മ സംഘടനയിൽ അംഗമായിരുന്ന ഓരോരുത്തരുമാരും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്ന ഒരാൾ കൂടിയാണ് ഇന്നസെന്റ്.
1948 ഫെബ്രുവരി 28 ന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനനം. വറീദ് തെക്കേതല, മാർഗററ്റ് എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ച് ഇന്നസെന്റ് പഠനത്തിൽ താത്പര്യം തോന്നാത്ത സാഹചര്യത്തിൽ എട്ടാം ക്ലാസ്സിൽ വച്ച് പഠനം നിർത്തി. അഭിനയിക്കണമെന്ന മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറിയ ഇന്നസെന്റ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിട്ടാണ് സിനിമാജീവിതം ആരംഭിക്കുന്നത്. ‘നെല്ല്’ എന്ന ചിത്രത്തിലാണ് ഇന്നസെന്റ് ആദ്യമായി മുഖം കാണിച്ചത്. അഞ്ചു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിനിടെ 500ൽ ഏറെ ചിത്രങ്ങളുടെ ഭാഗമായി. ഹാസ്യ റോളുകളിൽ തിളങ്ങിയതിനൊപ്പം തന്നെ വില്ലനായും സ്വാഭാവ നടനായും ഇന്നസെന്റ് മലയാളികൾക്കു മുൻപിലെത്തി. മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
റാംജി റാവൂ സ്പീക്കിങ്ങ്, മാന്നാർ മത്തായി സ്പീക്കിങ്ങ്, കിലുക്കം, പൊൻമുട്ടയിടുന്ന താറാവ്, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, നാടോടികാറ്റ്, ദേവാസുരം, കേളി, കാതോട് കാതോരം, മിഥുനം, ഗജകേസരിയോഗം, മഴവിൽകാവടി, തുറുപ്പുഗുലാൻ, രസതന്ത്രം തുടങ്ങി എത്രയോ ചിത്രങ്ങൾ. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നൂറുകണക്കിന് കഥാപാത്രങ്ങൾ. മലയാളസിനിമയിലെ ഒരു കാലഘട്ടത്തെ കൂടി രേഖപ്പെടുത്തികൊണ്ടാണ് ഇന്നസെന്റ് വിട പറയുന്നത്.
നടനായി മാത്രമല്ല നല്ലൊരും അഡ്മിനിസ്ട്രേറ്ററായ ഇന്നസെന്റ് തിളങ്ങി. 2014 ൽ ഇരിങ്ങാലക്കുട എന്ന തന്റെ സ്വന്തം പ്രദേശത്തു നിന്ന് എം പിയായി പാർലമെന്റിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചു.
1980 ലാണ് ഇന്നസെന്റ് കാൻസറിന്റെ പിടിലാകുന്നത്, പിന്നിടിങ്ങോട് 2020 ൽ മാത്രമാണ് ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് അദ്ദേഹം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. മികച്ച രണ്ടാമത്തെ നടൻ, നിർമാതാവ് എന്ന വിഭാഗങ്ങളിൽ കേരള സർക്കാറിന്റെ ചലച്ചിത്ര പുരസ്കാരവും ഇന്നസെന്റ് സ്വന്തമാക്കി. അസുഖത്തോട് പൊരുതുമ്പോളും തമാശ നിറഞ്ഞ സംസാരവും പൊട്ടിച്ചിരിയും ഇന്നസെന്റിനെ വ്യത്യസ്തനാക്കി. കാൻസർ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇന്നസെന്റ് എഴുതിയ ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടി.
സിനിമയെ മാറ്റി നിർത്തിയാൽ ഇന്നസെന്റ് ഏറ്റവും കൂടുതൽ വാചാലനാകുന്നത് ഭാര്യ ആലീസിനെ കുറിച്ചാണ്. 1976 സെപ്തംബർ 26 നായിരുന്നു ആലീസും ഇന്നസെന്റുമായുള്ള വിവാഹം. സോണറ്റ് എന്നു പേരായ ഒരു മകനും ഇവർക്കുണ്ട്. പാച്ചുവും അത്ഭുതവിളക്കും എന്ന അഖിൽ സത്യൻ ചിത്രത്തിലാണ് ഇന്നസെന്റ് അവസാനമായി അഭിനയിച്ചത്.