/indian-express-malayalam/media/media_files/uploads/2019/07/manju-warrier-1.jpg)
ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറയുന്ന ‘മിഷൻ മംഗൾ’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്. 'മിഷൻ മംഗളി'ൽ മലയാളത്തിൽ നിന്നും മഞ്ജു വാര്യരും ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നെന്ന് തുറന്നു പറയുകയാണ് സംവിധായകൻ ജഗൻ ശക്തി.
"ഞാൻ ഈ സ്ക്രിപ്റ്റ് എഴുതിയപ്പോൾ, മുഴുവൻ രാജ്യത്തെയും ഒന്നിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് മലയാളത്തിൽ നിന്നും മഞ്ജു വാര്യർ ചിത്രത്തിൽ വരണമെന്നുണ്ടായിരുന്നു. തമിഴിൽ നിന്നും സുഹാസിനി മണിരത്നം, കന്നഡയിൽ നിന്നും അനു പ്രഭാകർ, ഒരു പ്രമുഖ ബംഗാളി അഭിനേത്രിയും ചിത്രത്തിലുണ്ടാകണമെന്ന് ഞാനാഗ്രഹിച്ചു. ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ഹിന്ദിയിൽ നിന്നും ശ്രീദേവി ആയിരുന്നു എന്റെ മനസ്സിൽ. 'ഇംഗ്ലീഷ് വിംഗ്ലിഷി'ൽ ഗൗരി ഷിൻഡയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്തതിനാൽ എനിക്ക് അവരെ പരിചയമുണ്ടായിരുന്നു. അവരെ പോലൊരു താരം ഒരു സ്ക്രിപ്റ്റിനു കൊണ്ടുവരുന്ന മാറ്റം എത്രത്തോളമാകുമെന്നും എനിക്ക് അറിയാമായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അതിനു സാധിച്ചില്ല. അക്ഷയ് കുമാർ സാർ പ്രോജക്റ്റിന് പച്ചകൊടി കാണിച്ചപ്പോൾ, ആദ്യം ബോളിവുഡ് താരങ്ങളുമായി ചിത്രത്തെ കുറിച്ച് സംസാരിക്കാം എന്നു ഞാൻ വിചാരിച്ചു. ഭാഗ്യവശാൽ, ഞാൻ അവരെ സമീപിച്ചപ്പോൾ മിക്കവാറും എല്ലാവരും സമ്മതിക്കുകയും ചെയ്തു," ജഗൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗൻ ശക്തി.
"കഥ പറഞ്ഞപ്പോൾ വിദ്യാ ബാലൻ സമ്മതിച്ചു. 'ഹോളിഡേ'യിലും 'അക്കിറ'യിലും ഞാൻ സോനാക്ഷിയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്, എന്റെ ആദ്യ സിനിമയുടെ ഭാഗമാകാൻ അവർ ആഗ്രഹിച്ചിരുന്നു. ഞാൻ അത്യാഗ്രഹത്തോടെ താപ്സിയോട് കഥാപാത്രത്തെ കുറിച്ചു പറഞ്ഞപ്പോൾ അവരും സമ്മതം പറഞ്ഞു. 'പിങ്കി'ലെ കീർത്തി കുൽഹാരിയുടെ പ്രകടനം എനിക്ക് വളരെ ഇഷ്ടമായിരുന്നു, പ്രത്യേകിച്ച് കോടതി രംഗത്ത്. നിത്യ മേനനെ കുറിച്ചാണെങ്കിൽ, ഒരു ദക്ഷിണേന്ത്യക്കാരനെന്ന നിലയിൽ, പല ഭാഷകളിലെയും നിത്യയുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ സൗത്ത് ഇന്ത്യൻ കഥാപാത്രത്തിന് എന്റെ മനസ്സിലെ ആദ്യ ചോയ്സ് നിത്യയായിരുന്നു. ഒരു കലാകാരിയെന്ന നിലയിൽ ഞാൻ നിത്യയെ ബഹുമാനിക്കുന്നു," 'മിഷൻ മംഗളി'ലെ സ്ത്രീ കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പിനെ കുറിച്ച് ജഗൻ പറഞ്ഞു.
ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് വിദ്യാ ബാലനും താപ്സിയും നിത്യ മേനോനും സോനാക്ഷിയും കീർത്തി കുൽഹാരിയുമെല്ലാം എത്തുന്നത്. ഒരേ സമയം നിരവധി ജോലികളിൽ മികവു പുലർത്തുന്ന ഐ എസ് ആർ ഒ യിലെ വനിതകൾക്കുള്ള ആദരം കൂടിയാണ് ചിത്രമെന്നും ജഗൻ കൂട്ടിച്ചേർത്തു. " ഐ എസ് ആർ ഒയിലെ ശാസ്ത്രഞ്ജൻമാരുടെയും എഞ്ചിനീയർമാരുടെയും അചഞ്ചലമായ മനോഭാവത്തെയാണ് ടീം 'മിഷൻ മംഗൾ' അഭിവാദ്യം ചെയ്യുന്നത്. ചന്ദ്രയാൻ രണ്ടിനു പിറകിൽ പ്രവർത്തിയ സ്ത്രീകൾക്കു മുന്നിലും ഞങ്ങൾ വണങ്ങുന്നു. ജോലിയും വീടും തുല്യ പ്രാധാന്യത്തോടെ അവർ കൈകാര്യം ചെയ്യുന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്."
ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് 'മിഷൻ മംഗൾ' നിർമ്മിക്കുന്നത് 2013 നവംബർ അഞ്ചിനായിരുന്നു ഇന്ത്യയുടെ തന്നെ അഭിമാനമായ മിഷൻ മംഗൾ വിജയകരമായി സംപ്രേക്ഷണം ചെയ്യപ്പെട്ടത്. ആദ്യ ശ്രമത്തിൽ 2014 സെപ്റ്റംബർ 24 ന് ചൊവ്വാ ഓർബിറ്റർ മിഷൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി. അതിന്റെ ദൗത്യജീവിതം ആറുമാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, 2017 ജൂണിൽ ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തിൽ 1000 ദിവസം പൂർത്തിയാക്കി. ഇപ്പോഴും ചൊവ്വയിൽ നിന്നുള്ള വിവരങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്ന മാർസ് ഓബിറ്റർ മിഷൻ ഇന്ത്യയ്ക്ക് ഒന്നാകെ അഭിമാനകരമായ ബഹിരാകാശ മിഷനുകളിൽ ഒന്നാണ്.
Read more: ബോളിവുഡിൽ ചുവടുവച്ച് നിത്യ മേനൻ, മിഷൻ മംഗൽ ടീസർ
ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ അവിശ്വസനീയമായ യഥാർത്ഥ കഥയെ തന്റെ മകൾ ഉൾപ്പെടുന്ന പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രം തിരഞ്ഞെടുത്തതെന്ന് അക്ഷയ് കുമാർ മുൻപ് ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.
നമ്മുടെ ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന, ഭാവനയും ജിജ്ഞാസയും നിറഞ്ഞ ഒരു സിനിമ- എന്നെ സംബന്ധിച്ച് മിഷൻ മംഗൾ അതാണ്. ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ അവിശ്വസനീയമായ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ‘മിഷൻ മംഗൽ’ സാധാരണക്കാർ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചതിന്റെ കഥ കൂടിയാണ്. സർഗ്ഗാത്മകതയ്ക്കും ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരുകളില്ലെന്ന് തെളിയിക്കുന്ന ഒരു കഥ,” അക്ഷയ് കുമാർ പറയുന്നു. ആഗസ്ത് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.