/indian-express-malayalam/media/media_files/uploads/2018/12/marikkar.jpg)
മരക്കാർ
കൊച്ചി: കുഞ്ഞാലി മരക്കാറുടെ ജീവിതം പ്രമേയമായ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചിത്രം തങ്ങളുടെ കുടുംബത്തേയും മരക്കാരെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മരക്കാരുടെ പിൻമുറക്കാരി കൊയിലാണ്ടി നടുവത്തുർ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാർ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ചിത്രത്തിൽ കുഞ്ഞാലി മരക്കാരുടെ യഥാർത്ഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രികരിച്ചിട്ടുള്ളതെന്നും സിനിമക്ക് പ്രദർശനാനുമതി നൽകിയാൽ മതവിദ്വേഷത്തിന് കാരണമാവുമെന്നും സമുദായ സൗഹാർദം തകരുമെന്നും ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലെന്നും പ്രദർശനം തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.
മാർച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നതിനു ഇടയിലാണ് ഇപ്പോൾ ഹൈക്കോടതിയിൽ ഈ ഹർജി എത്തിയിരിക്കുന്നത്. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്.
Read more: ‘മരക്കാർ’ വിവാദത്തിൽ: തന്റെ ആശയം മോഷ്ടിക്കപ്പെട്ടു എന്ന് ടിപി രാജീവൻ, നിഷേധിച്ച് പ്രിയദര്‍ശന്‍
നൂറുകോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.