സിനിമാപ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ്ക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്.
ഇതിനിടയില്‍ ‘മരക്കാറി’ന്റെ ആശയം തന്റെ തിരക്കഥയിൽ നിന്നും എടുക്കപ്പെട്ടതാണെന്ന അവകാശവുമായി എഴുത്തുകാരന്‍ ടിപി രാജീവൻ രംഗത്തു വന്നത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.തന്റെ തിരക്കഥയിലെ ആശയം പ്രിയദർശൻ ചിത്രത്തിനായി ഉപയോഗിച്ചുവെന്നാണ് ടിപി രാജീവന്റെ വാദം.
“പ്രിയദർശൻ എന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം അദ്ദേഹം അത് വായിച്ചിട്ടില്ല. എന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് പ്രിയന്റെ ‘മരക്കാർ’ ചിത്രീകരിച്ചെന്നും ഞാൻ പറയില്ല. എന്നിരുന്നാലും 2016 ൽ ഞാനെന്റെ തിരക്കഥയും ആശയവും മുഴുവനായും പ്രിയനുമായി സംസാരിച്ചിട്ടുള്ളതാണ്. എന്റ കൺസെപ്റ്റ് കേട്ട പ്രിയൻ ഒന്നിച്ചു ജോലി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രിയൻ മുന്നോട്ട് വെച്ച രണ്ടു നിബന്ധനകൾ എനിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഒന്ന്, ടി ദാമോദരൻ സിനിമയ്ക്ക് വേണ്ടി 10-15 സീനുകൾ രചിച്ചിരുന്നു, അത് തിരക്കഥയിൽ കൂട്ടിച്ചേർത്ത് തിരക്കഥയുടെ ക്രെഡിറ്റ് ടി ദാമോദരനൊപ്പം പങ്കുവയ്ക്കുക. മറ്റൊന്ന് കഥയുടെ ക്രെഡിറ്റ് പ്രിയദർശന് ലഭിക്കും,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ടി പി രാജീവൻ പറയുന്നു.
ടി പി രാജീവന്‍ എഴുത്തുകാരന്‍ താന്‍ ഏറെ ബഹുമാനിക്കുന്ന ആളാണ്, ഒരിക്കല്‍ അദ്ദേഹത്തെ കണ്ട വേളയില്‍ കുഞ്ഞാലി മരക്കാറിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം എടുക്കാന്‍ പോകുന്ന വിവരം പങ്കു വച്ചതായും പ്രിയദര്‍ശന്‍ വെളിപ്പെടുത്തി.
“മരക്കാര്‍ ആശയങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. പക്ഷേ ദാമോദരന്‍ മാസ്റ്റര്‍ എഴുതിയ, ഞാന്‍ സിനിമയാക്കാന്‍ ഉദ്ദേശിച്ചതും ടി പി രാജീവന്‍ പറഞ്ഞതും വ്യത്യസ്തമാണ്. ഞാന്‍ എടുക്കാന്‍ പോകുന്ന ചിത്രത്തില്‍ പങ്കു ചേരാന്‍ താത്പര്യമുണ്ടോ എന്ന് ഞാന്‍ ടി പി രാജീവനോട് ചോദിച്ചിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിയുന്ന ‘മരക്കാര്‍’ എന്ന സിനിമയ്ക്ക് വേണ്ടി ഓഗസ്റ്റ് സിനിമയുടെ കൈയ്യില്‍ നിന്നും അഞ്ചു ലക്ഷം അഡ്വാന്‍സ് വാങ്ങിതായും ആ ചിത്രം നടന്നില്ലെങ്കില്‍ എന്റെ ടീമില്‍ ചേരാന്‍ താത്പര്യമുണ്ട് എന്നുമാണ് അന്ന് ടി പി രാജീവന്‍ എന്നോട് പറഞ്ഞത്,” ടി പി രാജീവനുമായുള്ള ഇടപെടലിനെ പ്രിയദര്‍ശന്‍ ഓര്‍ത്തെടുത്തത് ഇങ്ങനെ.
Read more: മോഹൻലാലിന്റെ ‘മരക്കാർ’ സെറ്റിൽ അജിത്തിന്റെ സർപ്രൈസ് എൻട്രി
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മോഹൻലാലിന്റെ ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.
മലയാളത്തിൽ കുഞ്ഞാലിമരക്കാറിന്റെ ജീവിതം പശ്ചാത്തലത്തിൽ നേരത്തെയും സിനിമകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടിയെ കുഞ്ഞാലി മരയ്ക്കാരാക്കി അമല്‍ നീരദ് മൂന്ന് വര്‍ഷം മുന്‍പ് തന്നെ ഒരു ബിഗ് ബജറ്റ് ചിത്രം പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായില്ല. പൃഥ്വിരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ മമ്മൂട്ടി കുഞ്ഞാലി മരക്കാറായുള്ള ഒരു ഫോട്ടോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. കണ്ണൂരില്‍ ഒരുക്കിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പായിരുന്നു അത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ടി.കെ.രാജീവ്കമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാരായി വേദിയിലെത്തിയിരുന്നു.
Read more: ദാമോദരൻ മാസ്റ്റർ പോയി, പക്ഷേ ‘മരക്കാർ’ തിരിച്ചുവന്നു: മോഹൻലാൽ