/indian-express-malayalam/media/media_files/uploads/2019/10/manju-warrier-sreekumar-menon.jpg)
Manju Warrier alleges threat to life from Shrikumar Menon, director denies charges: മലയാള സിനിമാ ലോകത്ത് മറ്റൊരു വിവാദം കൂടി. കഴിഞ്ഞയാഴ്ച യുവതാരം ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുള്ള പ്രശ്നമായിരുന്നു വാർത്തകളിൽ നിറഞ്ഞത്. ഇപ്പോൾ നടി മഞ്ജു വാര്യരും ഏറെനാളായി അവരുടെ സുഹൃത്തും സംവിധായകനുമായിരുന്ന ശ്രീകുമാർ മേനോനും തമ്മിലുള്ള പ്രശ്നങ്ങളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.
ശ്രീകുമാര്‍ മേനോനില്‍ നിന്നും താന്‍ ഭീഷണി നേരിടുന്നതായും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താൻ ഒപ്പിട്ടു നൽകിയ ലെറ്റര്‍ ഹെഡും രേഖകളും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിക്കുന്നു എന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളും അത് മൂലം നേരിടുന്ന അപമാനവും ശ്രീകുമാര്‍ മേനോന്‍ ഓര്‍ഗനൈസ് ചെയ്തതായും മഞ്ജു ആരോപിക്കുന്നു.
തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതി നല്‍കിയത്. തനിക്കെതിരെ മഞ്ജു പരാതി നല്‍കിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞു എന്നും അന്വേഷണവുമായി സഹകരിക്കും എന്നും ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു. മഞ്ജു വാര്യര്‍ നല്‍കിയ പരാതി അന്വേഷിക്കാൻ ഒരു പ്രത്യേക സംഘത്തെയാണ് ഡിജിപി നിയോഗിച്ചിട്ടുള്ളത്. ശ്രീകുമാർ മേനോനിൽ നിന്നും ഉടനെ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ട്
നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം പതിനാലു വർഷത്തോളം സിനിമയില്‍ നിന്നും വിട്ടു നിന്ന മഞ്ജു വാര്യരുടെ തിരിച്ചു വരവ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ശ്രീകുമാർ മേനോന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു.
ശ്രീകുമാര്‍ മേനോന്റെ പരസ്യകമ്പനിയായ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് നിര്‍മ്മിച്ച കല്യാൺ ജ്വല്ലറിയുടെ പരസ്യ ചിത്രത്തിലൂടെ അമിതാഭ് ബച്ചനൊപ്പം സ്ക്രീൻ പങ്കിട്ടു കൊണ്ടായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ് ആരംഭിച്ചത്. പിന്നീട് ശ്രീകുമാർ മേനോന്റെ നിരവധി പരസ്യചിത്രങ്ങളിൽ മഞ്ജു അഭിനയിച്ചു. മലയാളികളുടെ ഇടയില്‍ എന്നും സ്വീകാര്യത ഉണ്ടായിരുന്ന മഞ്ജുവിനു, ഈ പരസ്യചിത്രങ്ങളിലെ സാന്നിധ്യം മൂലം ദേശീയ തലത്തില്‍ ശ്രദ്ധ നേടാനായി. ഇതിനൊപ്പം തന്നെ രണ്ടാം വരവില്‍ അവര്‍ ഏര്‍പ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ തന്റേതായ ഒരു ബ്രാൻഡ് വാല്യൂ സൃഷ്ടിക്കാനും മഞ്ജുവിനായി. മഞ്ജുവിന്റെ 'ബ്രാന്‍ഡ്', പി ആര്‍ എന്നിവ ഏറെക്കാലം മാനേജ് ചെയ്തിരുന്നത് പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് ആയിരുന്നു.
തുടര്‍ന്ന് ശ്രീകുമാർ മേനോന്റെ ആദ്യസംവിധാന സംരംഭമായ 'ഒടിയനി'ൽ മോഹന്‍ലാലിന്‍റെ നായികയായി മഞ്ജു വാര്യർ എത്തി. നിര്‍മ്മാണഘട്ടം മുതല്‍ തന്നെ 'ഒടിയന്‍' ചില പ്രശ്നങ്ങളിലൂടെ കടന്നു പോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴും വലിയ രീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ക്കും ട്രോളുകള്‍ക്കും 'ഒടിയന്‍' ഇരയായി. ഇതില്‍ പ്രധാനപ്പെട്ട ഒന്ന് മഞ്ജു വാര്യരുടെ കഥാപാത്രം സിനിമയില്‍ പറയുന്ന 'കഞ്ഞിയെടുക്കട്ടെ' എന്ന ഡയലോഗ് ചേര്‍ത്തുള്ളതായിരുന്നു.
Read more: ശ്രീകുമാർ മേനോൻ അപായപ്പെടുത്തുമെന്ന് ഭയം; മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകി
മഞ്ജുവിന്റെ പരാതി
ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് താന്‍ ഭയപ്പെടുന്നതായി മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു. കൂടാതെ, തന്നെ നിരന്തരം അപമാനിക്കാനും തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രീകുമാർ മേനോൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ ഉണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ 'മഞ്ജു വാര്യര്‍ ഫൌണ്ടേഷന്റെ' ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതായി താൻ ഭയക്കുന്നുവെന്നും മഞ്ജു പറയുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ, താന്‍ ഒപ്പിട്ടു നല്‍കിയ ചെക്കുകള്‍ മാറി പണം കൈപ്പറ്റിയതായും പരാതിയില്‍ പറഞ്ഞ മഞ്ജു വാര്യര്‍, അത് തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകളും കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
'ഒടിയന്‍' എന്ന ചിത്രത്തിനു ശേഷം തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിറകിൽ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്നും പരാതിയിലുണ്ട്. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ടെന്നും മഞ്ജു പരാതിയിൽ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ശ്രീകുമാര്‍ മേനോന്റെ പ്രതികരണം
മഞ്ജു ഡിജിപിയ്ക്ക് പരാതി നൽകിയത് വാർത്തയായതിനു പിന്നാലെ വിശദീകരണവുമായി ശ്രീകുമാർ മേനോനും രംഗത്തെത്തിയിട്ടുണ്ട്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാർ മേനോൻ തന്റെ ഭാഗം വിശദീകരിക്കുന്നത്.
"മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും," എന്നാണ് ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ച് കൊണ്ട് ശ്രീകുമാർ മേനോൻ കുറിക്കുന്നത്.
Read more: പ്രിയപ്പെട്ട മഞ്ജു, എല്ലാം നീ എത്ര വേഗമാണ് മറന്നത്; മറുപടിയുമായി ശ്രീകുമാർ മേനോൻ
ഈ വിഷയവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ ഫെഫ്കയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഫെഫ്ക്കയും ശ്രീകുമാരൻ മേനോന്റെ മറുപടി ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. സിനിമാ സംബന്ധമായ പ്രശ്നങ്ങളും ശ്രീകുമാർ മേനോന്റെ ഭാഗത്തു നിന്നുള്ള വ്യക്തിപരമായ ആരോപണങ്ങളുമാണ് പരാതിയിൽ മഞ്ജു ചൂണ്ടികാണിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. മഞ്ജുവാര്യർ പരാതിയുമായി ഫെഫ്കയെ സമീപിച്ചിരുന്നുവെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ ബി. ഉണ്ണികൃഷ്ണനും വാർത്തകൾ സ്ഥിതീകരിച്ചു. പൊലീസിൽ പരാതി നല്കിയതിനാൽ സംഘടനക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
മഞ്ജു വാര്യരുടെ പരാതി ലഭിച്ചതായി ഇടവേള ബാബുവും വ്യക്തമാക്കി. തൊഴിൽപരമായി മഞ്ജുവാര്യരെ പിന്തുണയ്ക്കുമെന്നും എന്നാൽ ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനയ്ക്ക് പരിമിതികളുണ്ടെന്നുമാണ് അമ്മയുടെ പ്രതിനിധിയായ ഇടവേള ബാബു പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.