തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി നടി മഞ്ജു വാര്യർ. ഇക്കാര്യം ചൂണ്ടിക്കാട്ടി താരം ഡിജിപിക്ക് പരാതി നൽകി. ഡിജിപി ലോക്നാഥ് ബെഹ്റെയെ നേരിൽ കണ്ടാണ് മഞ്ജു പരാതി നൽകിയത്.

ശ്രീകുമാർ മേനോൻ തനിക്കെതിരെ സംഘടിതമായ നീക്കം നടത്തുന്നു. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പരാതിയിൽ പറയുന്നു.

ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്തിനും പങ്കുണ്ടെന്നും താരം പരാതിയിൽ പറയുന്നു.

വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് അവസരമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.

അതേസമയം മാധ്യമ വാർത്തകളിലൂടെയാണ് മഞ്ജുവിന്റെ പരാതിയെ കുറിച്ച് താൻ അറിഞ്ഞതെന്നും ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും തനിക്കും മഞ്ജുവിനും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്നും ശ്രീകുമാർ മേനോൻ പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.