/indian-express-malayalam/media/media_files/uploads/2018/09/Manju-Warrier-comes-in-support-of-Kerala-Nun-Protest-against-delay-in-arresting-Jalandhar-Bishop-1.jpg)
church, church abuse, nun abuse clergy abuse, kuruvilangad, kerala nun protest, bishop franko
പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ച് സമൂഹത്തിലെ വിവിധരംഗങ്ങളിൽ നിന്നുള്ള പ്രശസ്തർ സമരപന്തലിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഞ്ജു വാര്യരും പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
"നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈപോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു", മഞ്ജുവാര്യർ പറയുന്നു.
"നിയമനടപടി വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്.
അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നിൽ മുട്ടുകുത്തിനിൽക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണു തുറക്കണം. സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല. നീതി ജലംപോലെ ഒഴുകട്ടെ, നന്മ ഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)" മഞ്ജു കൂട്ടിച്ചേർക്കുന്നു.
പീഡന പരാതിയിൽ സഭയും സർക്കാരും കൈവിട്ടതോടെയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ സമരത്തിലേക്കിറങ്ങിയത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കാനായി തങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് കന്യാസ്ത്രീകൾ. സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കന്യാസ്ത്രീകള്‍ പരസ്യമായി സഭയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവരുന്നത്.
അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ഇന്ന് സമരപന്തലിൽ എത്തിയിരുന്നു.
"സ്വന്തം കുടുംബത്തെ പോലും ത്യാഗം ചെയ്താണ് അവർ മഠത്തിൽ ചേരുന്നത്. അങ്ങനെ ഒരു വിഭാഗം കന്യാസ്ത്രീകളാണ് ഇപ്പോൾ കൂട്ടത്തോടെ രംഗത്ത് വന്നിരിക്കുന്നത്. എന്നിട്ടും തെളിവുകളുടെ പേരിൽ ഒരാളെ സംരക്ഷിക്കുക എന്നു പറയുന്നത് പണത്തിന്റെയും സ്ഥാനത്തിന്റെയും സ്വാധീനം മൂലം മാത്രമാണ്," കന്യാസ്ത്രീ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.
Read More: കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി റിമയും ആഷിഖും ഷഹബാസും
എറണാകുളത്തെ കന്യാസ്ത്രീകളുടെ സമരപന്തലിൽ ഇന്നലെ റിമ കല്ലിങ്കലും ആഷിഖ് അബുവും ഷഹബാസ് അമനുമൊക്കെ എത്തിയിരുന്നു. ഡബ്ല്യുസിസിയ്ക്ക് വേണ്ടി കന്യാസ്ത്രീ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇന്നലെ റിമ സമരവേദിയിലെത്തിയത്.
നടി പാർവ്വതിയും കഴിഞ്ഞ ദിവസങ്ങളിൽ കന്യാസ്ത്രീ സമരത്തിൽ ശക്തമായ നിലപാടുകളോടെ മുന്നോട്ട് വന്നിരുന്നു. കന്യാസ്ത്രീകളെ​ അധിക്ഷേപിച്ച പി.സി.ജോർജിനെതിരെ നടക്കുന്ന ക്യാംപെയിനിൽ അഭിമാനമുണ്ടെന്നും ഇയാളുടെ അറപ്പുളവാക്കുന്ന തരത്തിലുള്ള സംസാരം നിർത്തണമെന്നും അഭിപ്രായപ്പെട്ട പാർവ്വതി പരാതിപ്പെട്ട കന്യാസ്ത്രീയേയും അവരുടെ ധീരതയേയും സല്യൂട്ട് ചെയ്യുന്നുവെന്നും പറഞ്ഞിരുന്നു.
Read More: പി.സി.ജോര്‍ജിനെതിരെ പാര്‍വ്വതിയും; 'വായമൂടല്‍' ഹാഷ്‌ടാഗിന് താരത്തിന്റെ പിന്തുണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.