കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാംസ്കാരിക നായകന്മാരും എഴുത്തുകാരും സിനിമാതാരങ്ങളും ചലച്ചിത്രപ്രവർത്തകരുമടക്കം നിരവധിയേറെ പേരാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ചലച്ചിത്രരംഗത്തു നിന്നും റിമ കല്ലിങ്കലും ആഷിഖ് അബുവും ഷഹബാസ് അമനും സമരവേദിയിലെത്തി കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
“പി.സി.ജോർജിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതിനൊപ്പം ഇരയോട് ഇപ്പോഴും അനാദരവു കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടികൾ എടുക്കണം. കന്യാസ്ത്രീകൾ നടത്തുന്ന ചരിത്രപ്രധാനമായ സമരത്തിൽ ഞങ്ങളും പങ്കുചേരുന്നു,” സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റിമ കല്ലിങ്കൽ സംസാരിച്ചു. ഡബ്ല്യുസിസിയുടെ പിന്തുണയും റിമ സമരക്കാരെ അറിയിച്ചു.
കുറ്റവാളിയ്ക്കെതിരെ നിയമനടപടികൾ എടുക്കാൻ വരുന്ന കാലതാമസത്തെ ആഷിഖ് അബു അപലപിച്ചു. സർക്കാർ നീതി നടപ്പാക്കണമെന്ന് ആഷിഖ് ആവശ്യപ്പെട്ടു.
“യഹൂദാവിലെ ഒരു ഗ്രാമത്തിൽ… ” എന്ന പാട്ടു പാടിയാണ് ഷഹബാസ് അമൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.