scorecardresearch

മകനെ ഡോക്ടറാക്കണം എന്ന ബാപ്പയുടെ സ്വപ്നം വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി സഫലീകരിച്ചപ്പോള്‍

സിനിമാമോഹം തലയ്ക്കു പിടിച്ച് തിയേറ്ററുകളിൽ അലയുന്നതിനിടയിൽ കെമിസ്ട്രി പരീക്ഷയിൽ തോറ്റു പോവുകയും അതോടെ ബാപ്പയുടെ 'ഡോക്ടർ മോഹം' തകരുകയും ചെയ്തെന്നും മമ്മൂട്ടി

സിനിമാമോഹം തലയ്ക്കു പിടിച്ച് തിയേറ്ററുകളിൽ അലയുന്നതിനിടയിൽ കെമിസ്ട്രി പരീക്ഷയിൽ തോറ്റു പോവുകയും അതോടെ ബാപ്പയുടെ 'ഡോക്ടർ മോഹം' തകരുകയും ചെയ്തെന്നും മമ്മൂട്ടി

author-image
Entertainment Desk
New Update
Mammootty, മമ്മൂട്ടി, Mammootty Photos, മമ്മൂട്ടി ചിത്രങ്ങൾ, Mammootty films, മമ്മൂട്ടി വീഡിയോ, Mammootty videos, Mammootty speech, indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

പൊതുവേ അഹങ്കാരിയെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും അടുത്തറിയുന്നവർക്കെല്ലാം സ്നേഹസമ്പന്നനും സഹജീവികളോട് വാത്സല്യവുമുള്ളൊരു മമ്മൂട്ടിയെ കുറിച്ചാവും പറയാനുണ്ടാകുക. എന്നാൽ അത് കെട്ടിലും മട്ടിലും മാത്രമാണെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. 2O10ൽ കേരള സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ച വേളയിൽ താരം നടത്തിയ പ്രസംഗം മമ്മൂട്ടി എന്ന നടന്റെ ലാളിത്യവും രാഷ്ട്രീയവും നിലപാടുകളുമെല്ലാം വ്യക്തമായി വിളിച്ചോതുന്നതാണ്. ഒമ്പത് വർഷങ്ങൾക്കു മുൻപുള്ള ഹൃദയസ്പർശിയായ ആ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

"മമ്മൂട്ടിയ്ക്ക് അൽപ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കൾ പോലും പറയും, എന്നാൽ അത് കെട്ടിലും മട്ടിലും മാത്രമേയുള്ളൂ. ഉള്ളൊന്നു ചികഞ്ഞാൽ ഞാൻ നിങ്ങളെ പോലെ സ്നേഹവും കാരുണ്യവും വാത്സല്യവും വികാരവായ്പുമെല്ലാമുള്ള മനുഷ്യനാണ്," മമ്മൂട്ടി പറയുന്നു.

ഇല്ലാത്ത പാണ്ഡിത്യത്തിന് കിട്ടിയ ആദരവ് എന്ന് വിനയത്തോടെ തനിക്കു കിട്ടിയ ഡോക്ടറേറ്റിനെ വിശേഷിപ്പിച്ച താരം, തന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു ബാപ്പയുടെ ആഗ്രഹം എന്നും പറഞ്ഞു. സിനിമാമോഹം തലയ്ക്കു പിടിച്ച് തിയേറ്ററുകളിൽ അലയുന്നതിനിടയിൽ കെമിസ്ട്രി പരീക്ഷയിൽ തോറ്റു പോവുകയും അതോടെ ബാപ്പയുടെ 'ഡോക്ടർ മോഹം' തകരുകയും ചെയ്തെന്നും മമ്മൂട്ടി ഓർത്തെടുക്കുന്നുണ്ട് വീഡിയോയിൽ. തന്നെ ഡോക്ടറായി കാണാൻ ആഗ്രഹിച്ച ബാപ്പയ്ക്കാണ് മമ്മൂട്ടി തന്റെ ഡോക്ടറേറ്റ് ബിരുദം സമർപ്പിച്ചത്.

Advertisment

"ഒരു വ്യക്തിയുടെ സ്വഭാവത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് വിദ്യഭ്യാസകാലഘട്ടമാണ് എന്റെ തലമുറയിലെ ശരാശരി വിദ്യാർത്ഥി കടന്നുപോയ ദുർഘടം പിടിച്ച പാതയിലൂടെ തന്നെയാണ് ഞാനും ചവിട്ടി കയറിയത്. അലഞ്ഞും തിരഞ്ഞും പഠിച്ചും പഠിക്കാതെയും ചിരിച്ചും കരഞ്ഞും കലഹിച്ചും സ്നേഹിച്ചും നീങ്ങിയ ആ ദിനങ്ങൾ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. ഇതിനെല്ലാം ഇടയിൽ ജാതിക്കും മതത്തിനും സമുദായത്തിനും അനീതിക്കും അതീതമായി ചിന്തിക്കുന്ന വികാരവിക്ഷോഭങ്ങളുടെയും മൂല്യങ്ങളുടെയും ശക്തിയാണ് നിങ്ങളറിയുന്ന മമ്മൂട്ടി എന്ന ജേതാവിനെ സൃഷ്ടിച്ചത്. സങ്കുചിതവും വിഭാഗീയവും പ്രാകൃതവുമായ വഴിത്താരയിൽ നിന്ന് കേരളം മാറി നടന്നതിന്റെ ഉത്പന്നമാണ് മമ്മൂട്ടി എന്ന നടൻ. മലയാളിയായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി."

"മമ്മൂട്ടിയുടെ രാഷ്ട്രീയമെന്തെന്ന് പലരും ചോദിക്കാറുണ്ട്. ജാതിക്കും മതത്തിനും മറ്റു വേർത്തിരിവുകൾക്കും അതീതമായി ചിന്തിക്കാൻ കഴിയുന്ന മാനസികാവസ്ഥയാണ് എന്റെ രാഷ്ട്രീയം. ഈ അവസ്ഥയോട് പൊരുത്തപ്പെടാൻ കഴിയുന്ന ഏതൊരു വ്യക്തിയോടും പ്രസ്ഥാനത്തോടും ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പഠിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ ഇടതും വലതുമുണ്ടായിരുന്ന സഹപാഠിയുടെ ജാതിയോ മതമോ സാമൂഹിക സാമ്പത്തിക സാഹചര്യമോ ഞാൻ ആരാഞ്ഞിരുന്നില്ല. എന്റെ തലമുറയുടെ പ്രത്യേകതയും അതായിരുന്നു." മമ്മൂട്ടിയുടെ നിലപാടുകൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് വരവേറ്റത്. മമ്മൂട്ടി എന്ന നടനുള്ള സ്വീകാര്യത വ്യക്തിയുടെ നേട്ടമല്ല, മറിച്ച് അയാൾ പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തിന്റെ ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more: സിനിമയില്‍ 48 വര്‍ഷം തികച്ച് മമ്മൂട്ടി: ആഘോഷമാക്കി ആരാധകര്‍

Mammootty Viral Video Doctorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: