/indian-express-malayalam/media/media_files/uploads/2019/03/prithvi.jpg)
മലയാള സിനിമയുടെ ഇതിഹാസങ്ങളായ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുമൊപ്പം സദസ്സില്‍ ഇരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. അബുദാബിയില്‍ ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച് നടക്കുന്നതിനിടെയാണ് സംഭവം. ലൂസിഫറിന്റെ ട്രെയിലറിനെ കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്ക് മമ്മൂട്ടിയോട് നന്ദി അറിയിക്കാനും പൃഥ്വി മറന്നില്ല.
ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പം ആന്റണി പെരുമ്പാവൂരിനേയും ചിത്രത്തില്‍ കാണാം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 28നാണ് തിയേറ്ററുകളില്‍ എത്തുന്നത്. 1500 സ്‌ക്രീനുകളിലായാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തുന്നത്. വലിയ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ 'വരിക വരിക' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തുവിട്ടിരുന്നു.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.
Read More: മീശ പിരിച്ചും മുണ്ട് ഉടുത്തും കൊണ്ട് മാത്രം സിനിമ വിജയിക്കില്ലെന്ന് മോഹന്‍ലാല്‍
ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മറ്റുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ലൂസിഫര്‍ എന്നുറപ്പാണ്. ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്താന്‍ വേണ്ടതെല്ലാം ട്രെയിലറിലുണ്ട്.
ഇരുപത്തിയാറു നാളുകളിലായി റിലീസ് ചെയ്യപ്പെട്ട 'ലൂസിഫര്‍' ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ നല്‍കിയ ഉദ്വേഗവും ആവേശവും വര്‍ധിപ്പിക്കുകയാണ് പുതിയ ട്രെയിലറും. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ കൂടാതെ വിവേക് ഒബ്‌റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും 'ലൂസിഫറി'നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്.
Read More: 'അങ്ങനെ ഒരുനാള്‍ ദെെവം മരിച്ചു'; ലാലേട്ടന്റെ വിവരണവുമായി ലൂസിഫർ ട്രെയിലർ
സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിര്‍വ്വഹിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us