മോഹന്‍ലാലിനേയും മഞ്ജു വാര്യറേയും വെച്ച് ആദ്യ സിനിമ ചെയ്യുക എന്നത് എല്ലാ സംവിധായകരുടേയും സ്വപ്നം തന്നെയാണെന്ന് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ‘എന്റെ സിനിമയില്‍ എനിക്ക് ഏറ്റവും വലിയ ഭാഗ്യം ലാലേട്ടനും മഞ്ജുവും അഭിനയിച്ചതാണ്. അവരുടെ കഴിവാണ് ഈ സിനിമ. ആദ്യം ഞാന്‍ ചിത്രത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ ഇരുവരുടേയും കഥാപാത്രങ്ങളാണ് മനസ്സില്‍ തയ്യാറായത്. അതിന് ശേഷമാണ് മറ്റുളളവരെ ചിത്രത്തിലേക്ക് കൊണ്ടുവന്നത്,’ പൃഥ്വി പറഞ്ഞു.

മുണ്ടും മീശയും ജീപ്പും കൊണ്ട് മാത്രം ചിത്രം വിജയിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘മീശ പിരിക്കലും മുണ്ട് ഉടുക്കലും ജീപ്പോടിക്കലും കൊണ്ട് മാത്രം ചിത്രം വിജയിക്കില്ല. അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് കാര്യം. അതൊരു കഴിവാണ്. പ്രേക്ഷകര്‍ക്ക് വേണ്ടത് വേണ്ട പോലെ കൊടുക്കാനുളള ആ വൈദഗ്ദ്യം ഈ ചിത്രത്തിലുണ്ട്. സ്റ്റീഫണ്‍ നെടുമ്പളളി എന്ന കഥാപാത്രത്തിന് അനുയോജ്യമായ രൂപമാണ് ചിത്രത്തില്‍. അതിനെ മനോഹരമായി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിശ്വാസം,’ മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം കാണാന്‍ എല്ലാവരേയും പോലെ താനും ആകാംക്ഷയിലാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് മഞ്ജു പറഞ്ഞു.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ