/indian-express-malayalam/media/media_files/uploads/2019/09/prithviraj.jpg)
മലയാള സിനിമയുടെ ബിസിനസ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് 'ലൂസിഫര്‍.' മോഹന്‍ലാല്‍ എന്ന നടനും പൃഥ്വിരാജ് എന്ന സംവിധായകനും കൂടി ചേര്‍ന്നപ്പോള്‍ മലയാള സിനിമ അടുത്ത കാലത്ത് കണ്ട വലിയ വിജയമായി മാറി 'ലൂസിഫര്‍'. അതേ തുടര്‍ന്ന് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു അണിയറപ്രവര്‍ത്തകര്‍.
Read Here: Empuraan: എമ്പുരാൻ വരുന്നു; നയിക്കാൻ അതേ നാൽവർ സംഘം
'ലൂസിഫര്‍' എന്ന സിനിമ നേടിയ അഭൂതപൂര്‍വമായ വിജയത്തെക്കുറിച്ചും അത് മലയാള സിനിമയ്ക്കായി തുറക്കുന്ന വാണിജ്യ സാധ്യതകളെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് സംസാരിച്ചു.
"എന്റെ ആദ്യ സംവിധാന സംരംഭമായി 'ലൂസിഫര്‍' ചെയ്യാം എന്നേറ്റപ്പോള്‍ തന്നെ എനിക്കും നിർമാതാവിനും ഒരു ധാരണയുണ്ടായിരുന്നു. ഇതൊരു അവസരമാണെന്ന്. കാരണം ഭയങ്കരമായ ഹൈപ്പ് ഉണ്ടാകും, ഫോര്‍ ഒബ്വിയസ് റീസണ്‍സ്, നല്ല രീതിയില്‍ ഇതിനെ പാക്കേജ് ചെയ്തു, നല്ല രീതിയില്‍ ഇതിനെ ലോഞ്ച് ചെയ്‌താല്‍, മലയാള സിനിമയുടെ കമേഴ്സ്യല്‍ ഫീസിബിളിറ്റി ശരിക്ക് പുഷ് ചെയ്യാന്‍ പറ്റുന്ന ഒരു പ്രൊജക്റ്റ് ആയിരിക്കും ലൂസിഫര്‍ എന്നതിനെപ്പറ്റി ഒരു ധാരണയുണ്ടായിരുന്നു. അതിനു എന്റെ കൂടെ നിന്നു എന്റെ നിർമാതാവും ലാലേട്ടനും. ആന്‍ഡ് ലൂസിഫര്‍ ഡിഡ് പുഷ് ദി കമേഴ്സ്യല്‍ ബൗണ്ടറീസ് ഓഫ് മലയാളം സിനിമ. അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആണെങ്കിലും ഇന്ത്യയ്ക്ക് പുറത്തുളള മാര്‍ക്കറ്റ് ആണെങ്കിലും ഒക്കെ നമ്മള്‍ ഇതിനു മുന്‍പ് സാധ്യമല്ല എന്ന് വിചാരിച്ചിരുന്ന പലതും 'ലൂസിഫറിലൂടെ' മലയാള സിനിമയ്ക്ക് നേടാന്‍ സാധിച്ചു," റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. തന്റെ ഏറ്റവും പുതിയ റിലീസ് ആയ 'ബ്രദേഴ്സ് ഡേ' എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് പൃഥ്വി ഇത് പറഞ്ഞത്.
ഇതൊരു 'one-off' പ്രതിഭാസം ആയിപ്പോകരുത്, തുടര്‍ന്നും ഇത്തരം വലിയ സിനിമകളും വലിയ വിജയങ്ങളും മലയാളത്തില്‍ ഉണ്ടാവേണ്ടത് ഒരു വ്യവസായം എന്ന നിലയ്ക്ക് മലയാള സിനിമയ്ക്ക് അത്യന്താപേക്ഷിതമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഇനി വരാന്‍ രണ്ടു വലിയ ചിത്രങ്ങള്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം', പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'മാമാങ്കം' എന്നിവ അത്തരത്തില്‍ വലിയ കമേഴ്സ്യല്‍ സാധ്യതകള്‍ ഉള്ളവയാണ്, അവ അര്‍ഹിക്കുന്ന വിജയം നേടുമെന്നും പൃഥ്വിരാജ് പ്രത്യാശ പ്രകടിപ്പിച്ചു.
"ഞങ്ങള്‍ 'ലൂസിഫര്‍'എന്ന ചിത്രത്തിലൂടെ നേടിയത് നൂറു ശതമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇപ്പോള്‍ പ്രിയന്‍ സാര്‍ സംവിധാനം ചെയ്യുന്ന 'മരക്കാര്‍' എന്ന സിനിമ റിലീസിന് മുന്‍പ് അച്ചീവ് ചെയ്തിരിക്കുന്നതു അണ്‍ബിലീവബിള്‍ ആണ്. ഒരു രണ്ടു കൊല്ലം മുന്‍പ് ഞാനിതൊരാളോട് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞേനെ. അങ്ങനത്തെ കാര്യങ്ങള്‍ ആണ് 'മരക്കാര്‍' നേടിയിരിയിക്കുന്നത്. അതുപോലെ തന്നെ, ഞാന്‍ തീര്‍ത്തു വിശ്വസിക്കുന്നു, വിശ്വാസം മാത്രമല്ല, എനിക്ക് നന്നായി അറിയാം, മമ്മൂട്ടി നായകനാകുന്ന 'മാമാങ്കം' എന്ന ചിത്രവും ഇതുപോലെ തന്നെ വലിയ ഒരു ബിസിനസ് മൈല്‍സ്റ്റോണ്‍ അച്ചീവ് ചെയ്യുമെന്ന്."
പൃഥ്വിരാജ് മാത്രമല്ല മലയാള സിനിമ ഒന്നാകെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് മരയ്ക്കാരും മാമാങ്കവും. 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം അടുത്ത വര്‍ഷം വിഷു റിലീസ് ആയിട്ടായിരിക്കും എത്തുകയെന്ന് കരുതപ്പെടുന്നു. മമ്മൂട്ടിയുടെ 'മാമാങ്കം' ഈ വര്‍ഷം അവസാനം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read Here: വിവാദവഴികളിൽ രണ്ടു ബ്രഹ്മാണ്ഡചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.