Empuraan: Mohanlal-Prithviraj ‘Lucifer 2’: മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞു പോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്. ‘ലൂസിഫർ’ എന്ന തന്റെ സ്വപ്നത്തെ കുറിച്ച് പൃഥ്വിരാജ് ആദ്യം പ്രഖ്യാപനം നടത്തിയ കൊച്ചി തേവരയിലെ കായലരികത്തുള്ള മോഹൻലാലിന്റെ വീട്ടുമുറ്റത്ത് വെച്ച് ഇന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും അനൗൺസ് ചെയ്യപ്പെട്ടു- ‘എമ്പുരാൻ’ (Empuraan) എന്നാണ് രണ്ടാം ഭാഗത്തിന് പേരു നൽകിയിരിക്കുന്നത്.
Read Here: Empuraan: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ
എമ്പുരാൻ- തമ്പുരാനും മുകളിലുള്ള ഒരാൾ
‘More than a King..less than a God’- രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ’ മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘തമ്പുരാനും മുകളിലുള്ള ഒരാൾ’- ‘എമ്പുരാൻ’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ’ ടീം നൽകുന്ന ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാൻ’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.
‘ലൂസിഫർ’ പ്ലാൻ ചെയ്യുന്ന സമയത്തു തന്നെ ഓരോ കഥാപാത്രങ്ങളുടെയും ബാക്ക് സ്റ്റോറികളെ കുറിച്ചും അവർ കഥയിലേക്കെത്തുന്ന വഴികളെ കുറിച്ചുമെല്ലാം കൃത്യമായ ധാരണകൾ തനിക്കും തിരക്കഥാകൃത്തായ മുരളി ഗോപിയ്ക്കും ഉണ്ടായിരുന്നു എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. രണ്ടാം ഭാഗത്തിന് ‘എമ്പുരാൻ’ എന്ന പേരിലെത്തുന്നതു പോലും ആകസ്മികമല്ലെന്നു വേണം കരുതാൻ. കാരണം ‘എമ്പുരാനെ’ എന്നു തുടങ്ങുന്ന ഒരു ഗാനം ‘ലൂസിഫറിൽ’ ഉണ്ടായിരുന്നു. അതിന്റെ വരികൾ രചിച്ചതും തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയായിരുന്നു.
‘താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ…
ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ… മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ… ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ… എതിരി ആയിരം, എരിയും മാനിടം. അതിരിടങ്ങളോ അടർക്കളം… തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു… താരാധിപന്മാർ നിന്നെ…എമ്പുരാനേ..’ എന്ന വരികളിൽ തുടങ്ങിയ ഗാനം ആലപിച്ചത് ഉഷാ ഉതുപ്പ് ആണ്. ലൂസിഫറിന്റെ ടൈറ്റിൽ സോങ് അല്ലെങ്കിൽ തീം സോങ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗാനം റിലീസ് വേളയിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിലും എന്നു വേണം അനുമാനിക്കാൻ.
Read More: ആരാധകലോകം കാത്തിരിക്കുന്ന ‘എമ്പുരാന്’ ആര് ?: പൃഥ്വിരാജ് പറയുന്നു
വിജയശില്പികൾ വീണ്ടും ഒന്നിച്ച്
മോഹൻലാലിന്റെ തേവരയിലെ വീട്ടുമുറ്റം വീണ്ടും ഒരു വലിയ സ്വപ്നത്തിന്റെ ശുഭാരംഭത്തിന് സാക്ഷിയായിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ- അതേ നാൽവർ സംഘം, അതേ വീട്ടുമുറ്റം, അന്നു പറഞ്ഞ കഥയുടെ ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം പറയുന്ന മറ്റൊരു സിനിമ- എമ്പുരാൻ. മലയാളികൾക്ക് പ്രതീക്ഷയോടെ കാത്തിരിക്കാൻ ഒരു വലിയ ചിത്രം കൂടി.
‘ലൂസിഫറി’നു തുടക്കം കുറിച്ച നിമിഷങ്ങളെ ഓർത്തും അതിനു തന്റെ വീടു നിമിത്തമായതുമൊക്കെ ഓർത്തെടുത്താണ് മോഹൻലാൽ തന്റെ പ്രസംഗം ആരംഭിച്ചത്. “ലൂസിഫറിനെ ഒരു സീക്വൽ എന്നു വിശേഷിക്കുമ്പോൾ ആ വാക്ക് കറക്റ്റ് ആണോ എന്നെനിക്കറിയില്ല. സീക്വൽ മാത്രമല്ല, പ്രീക്വലും എല്ലാം അടങ്ങിയതാണ് രണ്ടാംഭാഗം,” ‘എമ്പുരാനെ’ കുറിച്ച് മോഹൻലാൽ പറഞ്ഞു.
“സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുക. ആ കഥയിലേക്ക് കഥാപാത്രങ്ങൾ എങ്ങനെയെത്തി എന്നതും ചിത്രത്തിലുണ്ടാവും. അതിനൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തിലുണ്ടാകും,” പൃഥ്വിരാജ് പറഞ്ഞു. 2020 പകുതിയോടെ ചിത്രീകരണം ആരംഭിച്ച് 2021 വിഷുവിനു തിയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമമെന്നും എന്നാൽ ചിത്രീകരണത്തെ കുറിച്ചും ഷൂട്ടിങ് ലൊക്കേഷനുകളെ കുറിച്ചും ഇനിയും ധാരണയിലെത്താനുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
“ഒരു മഞ്ഞുകട്ടയുടെ അറ്റമാണ്’ലൂസിഫർ’ എന്നു മുൻപും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇനി വരുന്ന സിനിമയിൽ അതിന്റെ ഇന്നർ ലെയറുകൾ എക്സ്പ്ലോർ ചെയ്യാൻ പറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്നായിരുന്നു മുരളി ഗോപിയുടെ പ്രതികരണം. മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി ‘ലൂസിഫർ’ മാറി എന്നതിലുള്ള സന്തോഷവും ലൂസിഫറിനെ വൻവിജയമാക്കിയ പ്രേക്ഷകരോടുള്ള നന്ദിയും അറിയിച്ചുകൊണ്ടാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സംസാരിച്ചത്.
‘ലൂസിഫർ’ പ്രേക്ഷകർക്കായി പ്രഖ്യാപിച്ച മത്സരത്തിലെ വിജയികളെ മോഹൻലാലും പൃഥ്വിരാജും മുരളിഗോപിയും ചേർന്ന് തിരഞ്ഞെടുത്തിനൊപ്പം ചടങ്ങിൽ ‘എമ്പുരാ’ന്റെ ടൈറ്റിൽ ലോഞ്ചും നടന്നു.