/indian-express-malayalam/media/media_files/uploads/2020/09/SPB-1.jpg)
പാട്ടുകളുടെ കാര്യത്തിൽ മിസ്റ്റർ പെർഫക്ഷനിസ്റ്റാണ് എസ്.പി.ബാലസുബ്രഹ്‌മണ്യം. പാടുന്ന പാട്ടിനോട് നൂറ് ശതമാനം നീതി പുലർത്തണമെന്ന് ആഗ്രഹിക്കുന്ന അസാധ്യ കലാകാരൻ. പൂർണതയ്‌ക്കുവേണ്ടിയുള്ള എസ്‌പിബിയുടെ നിരന്തര ശ്രമങ്ങളാണ് സംഗീത ലോകത്തിനു 'മലരേ...മൗനമാ...' എന്ന സൂപ്പർഹിറ്റ് ഗാനം സമ്മാനിച്ചത്.
1995 ൽ പുറത്തിറങ്ങിയ 'കർണ' എന്ന ചിത്രത്തിലെ 'മലരേ...മൗനമാ...' എന്ന ഗാനം ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. ഈ ഗാനം ആലപിച്ചത് എസ്‌പിബിയും എസ്.ജാനകിയും ചേർന്നാണ്. വിദ്യാസാഗർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്.
Read Also: കൂടെയുണ്ടാകും ആ പാട്ടുകൾ; എസ്‌പിബിക്ക് വിട ചൊല്ലി സിനിമ ലോകം
തനിക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം റെക്കോർഡ് ചെയ്യുന്ന വേളയിൽ എസ്‌പിബിയിൽ നിന്നുണ്ടായ അനുഭവം വിദ്യാസാഗർ പലപ്പോഴും വിവരിച്ചിട്ടുണ്ട്. വിദ്യാസാഗറിന്റെ വാക്കുകൾ മാത്രം കേട്ടാൽ മതി ഒരു പാട്ടിനോട് എസ്‌പിബി എത്രത്തോളം നീതി പുലർത്തിയിരുന്നു എന്ന് മനസിലാക്കാൻ. മലരേ...മൗനമാ...ഗാനവുമായി എസ്‌പിബിയുടെ അടുത്തെത്തുമ്പോൾ സംഗീത ലോകത്തേക്ക് കടന്നുവരുന്ന ഒരു യുവാവ് മാത്രമായിരുന്നു താൻ എന്ന് വിദ്യാസാഗർ പറയുന്നു,
'മലരേ...മൗനമാ...'ഗാനം ആലപിക്കാൻ താൻ തയ്യാറാണെന്ന് എസ്‌പിബി വിദ്യാസാഗറെ അറിയിച്ചു. ഫിമെയിൽ വേർഷൻ ആലപിക്കുന്നത് എസ്.ജാനകിയായിരുന്നു. ജാനകിയുടെ ഭാഗം വിദ്യാസാഗർ നേരത്തെ തന്നെ റെക്കോർഡ് ചെയ്‌തിരുന്നു. എസ്‌പിബി 'മലരേ...മൗനമാ...'പാട്ട് റെക്കോർഡ് ചെയ്യാൻ എത്തിയപ്പോൾ എട്ട് മണി കഴിഞ്ഞിരുന്നു. എട്ട് മണി കഴിഞ്ഞാൽ പിന്നെ റെക്കോർഡ് ചെയ്യുന്ന ശീലം എസ്‌പിബിക്ക് ഇല്ലായിരുന്നു. എട്ട് മണി കഴിഞ്ഞതിനാൽ ഇപ്പോൾ റെക്കോർഡ് ചെയ്യേണ്ട എന്ന് എസ്‌പിബി നിലപാടെടുത്തു. ഇക്കാര്യം വിദ്യാസാഗറിനെ അറിയിക്കുകയും ചെയ്തു.
Read Also: Singer SP Balasubrahmanyam passes away: ഗായകൻ എസ്.പി ബാലസുബ്രമണ്യം അന്തരിച്ചു
റെക്കോർഡിങ് നടക്കില്ലെന്ന് മനസിലായ വിദ്യാസാഗർ എസ്‌പിബിയോട് മറ്റൊരു അഭ്യർത്ഥന നടത്തി. പാട്ടിന്റെ ട്രാക്കും ജാനകി പാടിയ ഭാഗവും കേൾക്കാമോ എന്നായിരുന്നു വിദ്യാസാഗർ അഭ്യർത്ഥിച്ചത്. എസ്‌പിബി സമ്മതംമൂളി. പാട്ടിന്റെ ട്രാക്കും ജാനകി പാടിയ ഭാഗവും കേട്ടപ്പോൾ തന്റെ ഭാഗം ഇപ്പോൾ തന്നെ റെക്കോർഡ് ചെയ്യണമെന്നായി എസ്‌പിബി. രാത്രി എട്ട് മണി കഴിഞ്ഞ് റെക്കോർഡിങ് ആരംഭിച്ചു. എന്നാൽ, റെക്കോർഡിങ് ആരംഭിച്ചപ്പോൾ എസ്‌പിബി നിരാശനായി. താൻ എത്ര തവണ പാടിയിട്ടും ജാനകിയുടെ ശബ്ദത്തോട് ചേർന്നു പോകുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷമം. എന്നാൽ രണ്ടാമത്തെ ടേക്കിൽ തന്നെ പാട്ട് നന്നായിട്ടുണ്ട് എന്ന അഭിപ്രായമായിരുന്നു വിദ്യാസാഗറിന്, എസ്‌പിബി സമ്മതിച്ചുകൊടുത്തില്ല.
എസ്‌പിബിയിലെ സംഗീതജ്ഞൻ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. വീണ്ടും വീണ്ടും പാടിനോക്കി. റെക്കോർഡിങ് മണിക്കൂറുകൾ നീണ്ടു. പുലർച്ചെ വരെ ഈ ഒരു പാട്ടിനായി അദ്ദേഹം സമയം നീക്കിവച്ചു. റെക്കോർഡിങ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ എസ്‌പിബി ഒരിറ്റു കണ്ണീർ വീഴ്‌ത്തിയെന്നും വിദ്യാസാഗർ വർഷങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു.
വളരെ തിരക്കുപിടിച്ച സംഗീത ജീവിതത്തിൽ ഒരു ദിവസം മൂന്ന് ഗാനങ്ങൾ റെക്കോർഡ് ചെയ്യാനാണ് എസ്‌പിബി സമയം കണ്ടെത്തിയിരുന്നത്. എന്നാൽ, 1981 ൽ ഒറ്റദിനം 21 പാട്ടുകൾ റെക്കോർഡ് ചെയ്ത ചരിത്രവുമുണ്ട്. 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയുള്ള 12 മണിക്കൂറിനിടെ 21 കന്നഡ ഗാനങ്ങളാണ് എസ്‌പിബി റെക്കോർഡ് ചെയ്തത്. ഉപേന്ദ്രകുമാർ ആയിരുന്നു സംഗീതസംവിധായകൻ.
എസ്‌പിബിയുടെ മറ്റൊരു സൂപ്പർഹിറ്റ് ഗാനമായ ഇളയനില..., 16 തവണയാണ് അദ്ദേഹം പാടിയത്. ഗിറ്റാറിസ്റ്റിന് പെർഫക്ഷൻ ലഭിക്കാൻ വേണ്ടിയാണ് അദ്ദേഹം 16 തവണ ഈ പാട്ട് ആലപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.