/indian-express-malayalam/media/media_files/uploads/2023/05/makoto-shinkai-anime-film-festival-in-kerala-featuring-suzume-no-tojimari-weathering-with-you-your-name-834334.jpg)
Makoto Shinkai Anime Film Festival in Kerala Featuring Suzume no Tojimari and three other films
തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രധാന തിയേറ്ററുകളില്‍ ഒന്നായ പി വി ആറില്‍ കുറച്ചു ദിവസങ്ങളായി ഒരു ഫിലിം ഫെസ്റ്റിവല്‍ നടന്നു വരികയാണ്. കൂടുതല്‍ സ്ക്രീനുകള്‍ ആവശ്യപ്പെടുന്ന ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രങ്ങളും അവ സ്ഥലം പിടിച്ചെടുക്കുന്നത് കൊണ്ട് സ്ക്രീന്‍ നഷ്ടപ്പെടുന്ന ചെറു ചിത്രങ്ങളുമൊക്കെ അടുത്തിടെ ചര്‍ച്ചയില്‍ വന്നു പോയതുമാണ്. ഇതിന്‍റെ എല്ലാം ഇടയിലാണ് ഈ ഫിലിം ഫെസ്റ്റിവല്‍ എന്നതാണ് ആദ്യത്തെ കൗതുകം. ജാപ്പനീസ് ചിത്രങ്ങളാണ് എന്നത് രണ്ടാമത്തേത്. ഒരു ചലച്ചിത്രകാരന്‍റെ റെട്രോസ്പെക്ക്റ്റിവ് എന്നത് മൂന്നാമത്തേത്.
എന്താണ് ഈ ചിത്രങ്ങളുടെ പ്രസക്തി? ഇന്ത്യയൊട്ടുക്കുമുള്ള പി വി ആര്‍ സ്ക്രീനുകളില്‍ നിറഞ്ഞു കളിക്കാനും മാത്രം എന്ത് മാജിക്ക് ആണ് ഈ ചിത്രങ്ങളില്‍ ഉള്ളത്? ആ മാജിക്കില്‍ കേരളവും പെടുന്നുണ്ടോ? ഒരു അന്വേഷണം.
We are excited to announce the Makoto Shinkai Film Festival in collaboration with @JFF_India, @JFNewDelhi and @CWF_EN!
— PVR INOX Pictures (@PicturesPVR) May 6, 2023
Make sure that you watch @shinkaimakoto's biggest hits in cinemas from 19th May'23 onwards.#MakotoShinkai#JapanFoundation#JapaneseFilmFestivalpic.twitter.com/UQB75Ufhth
കൗമാരത്തിന്‍റെ എല്ലാ കൗതുകങ്ങളും പേറുന്ന ഒരു പെൺകുട്ടിയുടെ മുഖവും സംഭാഷണങ്ങളും അതിലെ കുഞ്ഞു കുഞ്ഞു തത്വചിന്തകളുമൊക്കെ കേരളത്തിലെ കോളേജ് വിദ്യാർത്ഥികളുടെയും യുവാക്കളുടെയുമെല്ലാം ഇൻസ്റ്റാഗ്രാം സ്റ്റോറിയും വാട്സപ്പ് സ്റ്റാറ്റസ്സും ഒക്കെയാവാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. കെ പോപ്പും ബി ടി എസും ബ്ലാക്ക് പിങ്കും ഒക്കെ ഇവിടെയുണ്ടാക്കിയ ഓളത്തിന്‍റെ പിന്തുടർച്ചാവകാശികൾ ആരെന്ന അന്വേഷണം ചെന്നെത്തുക 'സുസുമേ'യിലും ജപ്പാൻ അനീം സിനിമകളിലും ഇവിടത്തെ പ്രമുഖ തീയറ്ററുകൾ ഇപ്പോള്‍ കൊണ്ടാടുന്ന ജപ്പാൻ ഫിലിം ഫെസ്റ്റിലും ഒക്കെയാണ്.
'2018' പോലുള്ള സിനിമകൾ ഈ കാലത്ത് സിനിമാ വ്യവസായതിനു പുത്തൻ ഉണർവ് നൽകിയെങ്കിലും പൊതുവെയുള്ള പ്രതിസന്ധികാലത്തിന്‍റെ എല്ലാ ബുദ്ധിമുട്ടുകളും തീയറ്റർ വ്യവസായമനുഭവിക്കുന്നുണ്ട്. പ്രേക്ഷകർ സിനിമ കാണാത്തത്തിന്‍റെ പല വിധ കാരണങ്ങൾ പല നിലക്ക് ചർച്ചയാവുന്നുണ്ട്. സാമ്പത്തികവും സാമൂഹ്യവും സൈധാന്തികവുമായ പല വിധ കാരണങ്ങൾ ഇതിനു പിന്നിലുള്ളതായി ചൂണ്ടി കാട്ടപ്പെടുന്നു. ഇങ്ങനെ പല മാനങ്ങളിലുള്ള ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോഴാണ് ജാപനീസ് അനീം സിനിമകളും മകോതോ ഷിൻകായ് ഫിലിം ഫെസ്റ്റുമൊക്കെ ഇവിടത്തെ വലിയ തീയറ്റർ ഗ്രൂപുകളിൽ പ്രദർശത്തിനു വരുന്നതും സ്വന്തമായി കാണികളെ നേടി വിജയത്തിലേക്ക് നീങ്ങുന്നതും.
ജാപ്പനീസ് അനിമേ സിനിമകൾ
പേര് സൂചിപ്പികക്കും പോലെ അനിമേഷൻ സിനിമകളാണ് ജാപ്പനീസ് അനിമേ സിനിമകൾ. സമകാലിക ലോക സിനിമാ ഭൂപടത്തില്‍ ജപ്പാന്‍റെ ഇടം ഉറപ്പിക്കുന്നതില്‍ ഈ വിഭാഗം സിനിമകൾക്ക് വലിയ പങ്കുണ്ട്. നിരവധി പുതുമകളും പ്രത്യേകതകളും ഉള്ള ഈ മേഖലയാണ് 1917 ൽ പുറത്തിറങ്ങിയ ഒരു പരസ്യത്തോടെ ആരംഭിച്ച് 1960 കളില്‍ വലിയ പ്രചാരം നേടി. ഇതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ മുതൽ ക്യാമറ വരെ അത്യന്താധുനിക സംവിധാനങ്ങൾ നിറഞ്ഞതാണ്. ഇത്തരം സിനിമകളുടെ കാഴ്ച്ചക്ക് സവിശേഷ സ്ക്രീൻ നിർമിതിയും പ്രത്യേക സ്ക്രീൻ റേഷ്യോയും നിർബന്ധമാണ്.
ജാപ്പനീസ് മുഖ്യധാര സിനിമയിലെ ഏറ്റവും വിപണന സാധ്യതയുള്ള ഒരു സിനിമാ മേഖല കൂടിയാണ് അനിമേ സിനിമകൾ.. നിലവിൽ 430 ലധികം അനിമേ സ്റ്റുഡിയോകൾ ഏറ്റവും മികച്ച സൗകര്യത്തോടെ ജപ്പാനിൽ പ്രവർത്തിക്കുന്നു. പൊതുവെ അനിമേഷൻ വിഭാഗത്തിലുള്ള കുട്ടികഥകൾക്കുപരി അതിവൈകാരികമായ കഥകൾ പറയുന്ന സിനിമകൾ, ആക്ഷൻ ത്രില്ലറുകൾ, കുടുംബ സിനിമകൾ ഒക്കെ ഈ വിഭാഗത്തിൽ എല്ലാ വർഷവും പുറത്തിറങ്ങാറുണ്ട്. ലോകത്താകമാനം അത്തരം സിനിമകൾക്ക് കാണികൾ ഉണ്ട്. 'സ്പിരിറ്റഡ് അവേ,' 'അകിര,' 'ദി ഗേള്‍ ഹൂ ലെപ്റ്റ് ത്രൂ ടൈം,' 'മൈ നൈബര്‍ തൊതോരോ,' 'ദി വിന്‍ഡ് റൈസസ്' തുടങ്ങി ലോകം മുഴുവൻ ആസ്വദിച്ചു വൻ വിജയമായ അനിമേ സിനിമകൾ അനേകം.
മകോതൊ ഷിൻകായും 'സുസുമേ'യും
സമകാലിക അനിമേ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരില്‍ ഒരാളാണ് മകോട്ടോ ഷിൻകായ്. വീഡിയോ അനിമേറ്റർ ആയി 1990 കളുടെ അവസാനം സിനിമാ ലോകത്തേക്ക് വന്ന ഇദ്ദേഹം 2004 ലാണ് തന്‍റെ ആദ്യത്തെ അനിമേ സിനിമയായ 'ദി പ്ലേസ് പ്രോമിസ്ഡ് ഇൻ ഔർ ഏർളി ഡേയ്‌സ്' റിലീസ് ചെയ്യുന്നത്. സോവിയറ്റ് അധിനിവേശത്തിന്‍റെയും അന്വേഷണത്തിന്‍റെയുമൊക്കെ കഥ പറയുന്ന ഈ സിനിമ ലോകം മുഴുവൻ ചർച്ചയായി. പിന്നീട് '5 സെന്റിമീറ്റ്റർസ് പെർ സെക്കന്റും' 'ചിൽഡ്രൻ ചേസ്ഡ് ലോസ്റ്റ് വോയ്‌സസും' 'യുവർ നേമും' 'വെദറിങ് വിത്ത് യൂവും' ഒക്കെയായി അദ്ദേഹം സിനിമാ പ്രേമികളുടെ മനസ് കീഴടക്കി. ജാപ്പനീസ് അനിമേ സിനിമകൾക്ക് ഇപ്പോൾ ലോകം മുഴുവനുമുള്ള മാർക്കറ്റിനും ട്രെൻഡിനും ഒരർത്ഥത്തിൽ കാരണക്കാരൻ മകോതൊ ഷിൻകൈ ആണ്. ഹയ്യാവ് മിയാസാകിയും സ്റ്റുഡിയോ ഗിബ്ലിയുമൊക്കെ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ മേഖലയിലെ യുവപ്രതിഭാസം എന്നൊക്കെ അദ്ദേഹത്തെ പറ്റി വേണമെങ്കിൽ പറയാം.
2022 നവംബറിലാണ് അദ്ദേഹം 'സുസുമേ' പുറത്തിറക്കുന്നത്. ഒരു 17 വയസുകാരിയുടെ വിചിത്ര സഞ്ചാരത്തിന്‍റെ കഥ പറയുന്ന ഈ സിനിമ ജപ്പാൻ സിനിമാ ലോകത്തിനു നൽകിയത് പുത്തൻ ഉണർവും ഊർജവുമായിരുന്നു. ജപ്പാനിലും ലോകം മുഴുവനും ഏറ്റവുമധികം കളക്ഷൻ നേടിയ ജാപ്പനീസ് പടമായി 'സുസുമേ' മാറി. ഇപ്പോളും ലോകം മുഴുവനുമുള്ള തീയറ്ററുകളിൽ 'സുസുമേ' വൻ ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഇത് എഴുതുമ്പോള്‍ ഉള്ള കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ചിത്രം പത്തു കോടിയിലേറെ കളക്റ്റ് ചെയിട്ടുണ്ട്. ലോകതാമാനം 350 മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ കളക്റ്റ് ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അനിമേ സിനിമകളും 'സുസുമേ'യും കേരളത്തിൽ
ഫെസ്റ്റിവൽ സിനിമകളായി ഒരു വിഭാഗം കാണികളിൽ മാത്രമായി ഒതുങ്ങിയിരുന്ന ജാപ്പനീസ് സിനിമകൾ കോവിഡ്, ലോക്ക് ഡൌൺ കാലങ്ങളിലാവണം ഓ ടി ടി റിലീസിലൂടെ ഇവിടെയും ജനകീയമാവുന്നത്. അതിന്‍റെ തുടർച്ചയിലാണ് പി വി ആർ ഐനോക്സ് തീയറ്റർ ഗ്രൂപ്പുകൾ സംയുക്തമായി മകോതോ ഷിൻകായ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. 'സുസുമേ'യുടെ വിജയവും അതിനൊരു കാരണമായി.
തീയറ്റർ സിനിമാ പ്രതിസന്ധിയുടെ ഈ കാലത്തും ഈ മേളക്ക് സവിശേഷ ആരാധകർ ഉണ്ടായതായി പി വി ആർ കൊച്ചി ഗ്രൂപ്പിന്‍റെ മാനേജർ ജോജി പറയുന്നു.
"എല്ലാ വിഭാഗത്തിലുമുള്ള സിനിമകൾ സ്ക്രീൻ ചെയ്യാൻ പാകത്തിലുള്ള തീയറ്ററുകൾ പി വി ആറിൽ ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊരു ഫെസ്റ്റ് സംഘടിപ്പിച്ചത്. തുടങ്ങി 10 ദിവസമാകാറായിട്ടും ഈ സിനിമകൾ അന്വേഷിച്ച് തിരഞ്ഞു പിടിച്ചു കാണാൻ ഇപ്പോഴും ആളുകൾ എത്താറുണ്ട്. യുവാക്കൾ തന്നെയാണ് ഈ സിനിമ കാണാൻ അധികമായും എത്തുന്നത്. പൂർണമായും തീയറ്റർ കാഴ്ച ആവശ്യപ്പെടുന്ന ഇത്തരം സിനിമകൾക്ക് പ്രേക്ഷകർ ഉണ്ടാവുന്നത് തീർച്ചയായും വലിയ പ്രതീക്ഷ തന്നെയാണ്. മുന്നേ വളരെ കുറച്ചു കാണികളാണ് ഇത്തരം സിനിമകൾ സ്വീകരിക്കാൻ അധികമായും എത്തിയിരുന്നത്. ഇപ്പോൾ അത് കൂടുന്നുണ്ട്."
'സുസുമേ'ക്കൊപ്പം '5 സെന്റിമീറ്റർ പെർ സെക്കന്റും' 'യുവർ നേമും' 'വിദറിങ് വിത്ത് യുവും' 'ചിൽഡ്രൻ വിത്ത് ലോസ്റ്റ് വോയ്‌സസും' ഒക്കെ ഇവിടെ കാണാം. ഒരു സംവിധായകന്‍റെ, ഇപ്പോൾ ലോക സിനിമയിൽ ഏറ്റവും ശക്തമായ ഒരു ഉപവിഭാഗത്തിന്‍റെ ഒക്കെ കാഴ്ചയും അനുഭവവും ഒക്കെയാണ് ഇതിലൂടെ കിട്ടുന്നത്. അവധിക്കാലത്ത് ഏറ്റവുമധികം വിജയം കണ്ട സിനിമാ ഫെസ്റ്റുകളിൽ ഒന്നും ഇതായിരുന്നു.
"ഇത്രയുമധികം സ്ക്രീനുകൾ ഇങ്ങനെയുള്ള പരീക്ഷണങ്ങൾക്ക് വലിയ സാധ്യത തന്നെയാണ് തരുന്നത്. ഷോ ടൈമിങ്ങിൽ വരുന്ന മാറ്റവും മറ്റുള്ള കാര്യങ്ങളും ഒക്കെ അറിഞ്ഞു അന്വേഷിച്ചു ഈ സിനിമകൾ ഓരോന്നും കണ്ട് തീർക്കാൻ തന്നെയാണ് ഇവിടെ കാണികൾ എത്തുന്നത്. ഇത്തരം സിനിമകളെ പറ്റി ആഴത്തിൽ അറിവുള്ള ഒരു വിഭാഗം നമ്മുടെ യുവാക്കൾക്കിടയിലുണ്ട്. ഈ സിനിമക്ക് കിട്ടുന്ന സ്വീകരണങ്ങളിൽ നിന്ന് അത് വ്യക്തമാണ്. ഇത്തരം സിനിമകൾ ഇനി കൂടുതൽ സജീവമാവാനാണ് സാധ്യത," ജോജിയുടെ വാക്കുകളില്‍ വലിയ പ്രതീക്ഷ.
#MakotoShinkai is here expressing his gratitude for making #Suzume a big hit in India and also inviting you all to attend the #ShinkaiFestival organized by PVR INOX Pictures, in collaboration with #JapanFoundation, #JapaneseFilmFestival and #CoMixWaveFilms!
— P V R C i n e m a s (@_PVRCinemas) May 24, 2023
The festival will… pic.twitter.com/9L3bms6Jkm
സിനിമാ രംഗം ഇത് വരെ കാണാത്ത തകർച്ചയുടെ വക്കില്‍ നില്‍ക്കുന്ന ഒരു നാട്ടില്‍, സിനിമകളില്‍ മിക്കതും ഒരു ഷോ എങ്കിലും ഹോൾഡ് ആവാതെ കൊണ്ട് പോകാൻ തിയേറ്റര്‍ കഷ്ടപ്പെടുന്ന ഒരിടത്ത്, ജാപ്പനീസ് അനിമേ സിനിമകളും 'സുസുമേ'യും അവൾ നൽകിയ പാഠങ്ങളും ഒക്കെ കൈയ്യടി നേടുന്നു. 'സുസുമേ' പഠിപ്പിച്ച ജീവിത പാഠങ്ങളെ പറ്റി കണ്ടവർ ചർച്ച ചെയ്യുന്നു. സിനിമ നൽകുന്ന അനുഭവം, അതിന്‍റെ ദൃശ്യ ഭാഷ ഒക്കെ യൂണിവേഴ്സൽ ആണെന്ന സത്യമാണ് ഈ വൈരുധ്യങ്ങൾക്കിടയിലും മനോഹരമായി അടിവരയിടപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.