/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2022/03/Bheeshma-Parvam.jpg)
മഹാഭാരതത്തെ കുറിച്ച് പൊതുവെ പറയാറുള്ള ഒരു ചൊല്ലുണ്ട്, ലോകത്തുള്ളതെല്ലാം മഹാഭാരതത്തിലുണ്ട്, എന്നാൽ മഹാഭാരതത്തിലില്ലാത്ത ഒന്നും ലോകത്തില്ല! സാഹോദര്യം, കുടിപ്പക, ചതി, വഞ്ചന, പ്രണയം, ഒറ്റ്, സ്നേഹം, വാത്സല്യം, ധനത്തോടുള്ള ആർത്തി, യുദ്ധം, സന്ധി, സമാധാനം, ഒളിപ്പോര്, നിസ്സഹായത എന്നു തുടങ്ങി എല്ലാ അവസ്ഥാന്തരങ്ങളിലൂടെയും മനുഷ്യന്‍റെ വികാര-വിചാരങ്ങളിലൂടെയും കടന്നു പോവുന്ന അഞ്ഞൂറോളം കഥാപാത്രങ്ങൾ. നൂറു കണക്കിന് ഉപകഥകൾ... ആയിരകണക്കിന് ശിഖരങ്ങളും ചില്ലകളുമായി പടർന്നു പന്തലിച്ച് ദേശാതിർത്തികളിലേക്ക് പടരുന്ന കഥാപ്രപഞ്ചമായി നിൽക്കുമ്പോഴും മനുഷ്യകുലത്തിന്‍റെ ഉത്പത്തിയോളം ആഴത്തിൽ വേരിറങ്ങിയ ഒരു വടവൃക്ഷമാണ് മഹാഭാരതം. ക്രാഫ്റ്റിന്‍റെയും വിവിധ ഷേഡിലുള്ള കഥാപാത്രങ്ങളുടെയും സാന്നിധ്യം കൊണ്ടും വൈചിത്രം നിറഞ്ഞ ഉള്ളടക്കം കൊണ്ടും എന്നും വിസ്മയിപ്പിക്കുന്ന ഗ്രന്ഥം.
വായിച്ചു തീരുന്നിടത്ത് അവസാനിപ്പിക്കാവുന്ന ഒന്നല്ല നമുക്ക് മഹാഭാരതം. അതിന്‍റെ റഫറൻസുകൾ പിന്തുടർന്ന് കൊണ്ടേയിരിക്കും. മഹാഭാരതം പറഞ്ഞു വെച്ച കഥകളുടെ, മനുഷ്യവസ്ഥകളുടെ കാലിക പ്രസക്തി നഷ്ട്ടപെടുന്ന ഒരു കാലമുണ്ടാകുമോ എന്ന് സംശയമാണ്.
ജീവിതത്തിന്‍റെ നടപ്പാതകളിൽ ഭീഷ്മരെയോ ശകുനിയേയോ അർജുനനേയോ കുന്തിയേയോ ഒക്കെ കണ്ടുമുട്ടാതെ ഒരു മനുഷ്യന് ഈ ലോകം വെടിഞ്ഞു പോകാനാവുമോ? മനുഷ്യരിലെ നന്മ-തിന്മകളെ, ധർമ്മാ-ധർമ്മങ്ങളെ അളക്കാൻ, എന്തിന് എല്ലാ വൈരുധ്യങ്ങളെയും ഒറ്റയിടത്തിൽ സമാഹരിക്കാനൊക്കെ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥപ്രമാണം മഹാഭാരതമാണ്. ഇക്കാലയളവിൽ ലോകത്തിലും മലയാളത്തിലും ഉണ്ടായിട്ടുള്ള എത്രയോ കഥകളെ, കവിതകളെ, നോവലുകളെ, നാടകങ്ങളെ, സിനിമകളെ മഹാഭാരതമെന്ന ഇതിഹാസം സ്വാധീനിച്ചിരിക്കുന്നു. ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുന്ന അമൽ നീരദ് ചിത്രം 'ഭീഷ്മപർവ്വ'ത്തിലും പ്രേക്ഷകർക്ക് അവരുടെ യുക്തിയ്ക്ക് അനുസരിച്ച് വായിച്ചെടുക്കാവുന്ന ഒരുപിടി മഹാഭാരതം റഫറൻസുകൾ കണ്ടെത്താം.
Read Here: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ‘ഭീഷ്മപർവ്വം’ റിവ്യൂ
ഭീഷ്മപർവ്വം എന്ന പേരിൽ നിന്നു തന്നെ തുടങ്ങുന്നുണ്ട് മഹാഭാരതം റഫറൻസ്. മഹാഭാരതത്തിലെ 18 പർവ്വങ്ങളിൽ ആറാമത് വരുന്നതാണ് ഭീഷ്മപർവ്വം. ഒന്നുമുതൽ പത്തുവരെ ദിവസങ്ങളിലെ കുരുക്ഷേത്രയുദ്ധം വർണ്ണിക്കുന്നത് ഭീഷ്മപർവ്വത്തിലാണ്. കൗരവസേനയുടെ സർവ്വസേനാധിപനായി ഭീഷ്മരായിരുന്നു ഈ ദിവസങ്ങളിൽ പടനയിച്ചത്. അഞ്ഞൂറ്റി കുടുംബത്തിലെ കൗരവപ്പടയേയും പാണ്ഡവപടയേയും ഒരേ കുടക്കീഴിൽ സംരക്ഷിക്കാൻ ശ്രമിച്ച മൈക്കിളിന്റെ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെയാണ് ഭീഷ്മപർവ്വം.
മൈക്കിൾ എന്ന ഭീഷ്മർ
മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തിൽ നിഴലിക്കുന്നതത്രയും ഭീഷ്മരാണ്. കൗരവരെയും പാണ്ഡവരെയും ഒരേ പോലെ സ്വാധീനിക്കുന്ന ഭീഷ്മ പിതാമഹന്റെ വ്യക്തിപ്രഭാവം മൈക്കിളിലും കാണാം. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ചയാളാണ് ഭീഷ്മർ. മൈക്കിളും തന്‍റെ പിതാവിനും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം ത്യജിച്ചയാളാണ്. നിസ്വാർത്ഥതയുടെ പ്രതീകമാണ് മഹാഭാരതത്തിലെ ഭീഷ്മരെങ്കിൽ, തന്‍റെ ശരി-തെറ്റുകളിൽ ഊന്നി 'അപേക്ഷിച്ചെത്തുന്നവരിൽ ഉപേക്ഷ വരുത്താത്ത പരോപകാരി'യാണ് മൈക്കിൾ. കൗരവരെയും പാണ്ഡവരെയും ഒരു പോലെ ഭീഷ്മർ ചേർത്തു നിർത്തിയപ്പോൾ, ഹൃദയവിശാലതയോടെ കുടുംബത്തിനകത്ത് അന്തഛിദ്രം ഉണ്ടാക്കുന്നവരെയും കുടുംബത്തിന് നന്മ ചെയ്യുന്നവരെയും ഇടതും വലതുമായി തന്നെ ചേർത്തു പിടിക്കാൻ ശ്രമിക്കുന്നുണ്ട് മൈക്കിൾ, അഞ്ഞൂറ്റി വീട്ടിലെ 'കുരുക്ഷേത്ര യുദ്ധം' തുടങ്ങും വരെ!
ഭീഷ്മരുടെ ശരശയ്യയ്ക്ക് സമാനമായി ഒരിക്കൽ മൈക്കിളും വീണു പോവുന്നുണ്ട്. 'ഞാനെപ്പോൾ മരിക്കണമെന്ന് ഞാൻ തീരുമാനിക്കും,' എന്ന് മൈക്കിൾ പറയുന്നുണ്ട് ചിത്രത്തിൽ. സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം കൈവശമുള്ള ഭീഷ്മരെ തന്നെയാണ് ആ സമയം മൈക്കിളിൽ കാണുന്നത്. 'ഭീഷ്മപർവ്വ'ത്തിൽ ശരീരം തളർന്നു കിടക്കുമ്പോഴും നാളെയുടെ പോരാളികളെ മുൻനിർത്തി മൈക്കിൾ യുദ്ധം തുടരുന്നുണ്ട്, ഭീഷ്മർ വീണിട്ടും കുരുക്ഷേത്രയുദ്ധം തുടർന്നതു പോലെ…
/indian-express-malayalam/media/media_files/uploads/2022/03/270742507_437064421226837_1477407678864756472_n.jpg)
ഫാത്തിമ എന്ന കുന്തി
ഭർത്താവ് പാണ്ഡുവിനെ നഷ്ടപ്പെട്ട, വിവിധ ദേവന്മാരിൽ നിന്നായി ഗർഭം ധരിച്ച പാണ്ഡവ മാതാവിനെയാണ് നദിയ മൊയ്തുവിന്‍റെ ഫാത്തിമ എന്ന കഥാപാത്രം ഓർമ്മപ്പെടുത്തുന്നത്. മൈക്കിളിന്‍റെ സഹോദരൻ പൈലിയുടെ ഭാര്യയാണ് ഫാത്തിമ. അകാലത്തിൽ മരണപ്പെട്ട പാണ്ഡുവിനെ പോലെ തന്നെ പൈലിക്കും ആയുസ്സ് കുറവായിരുന്നു.
അന്യമതസ്ഥയായ ഫാത്തിമയെ അഞ്ഞൂറ്റി കുടുംബം മകളായി സ്വീകരിച്ചെങ്കിലും പൈലിയുടെ മരണത്തോടെ ഫാത്തിമയെ വിവാഹം ചെയ്യുന്നത് അലിയാണ്. ഫാത്തിമയ്ക്ക് അലിയിൽ പിറക്കുന്ന മക്കളാണ് അജാസും അമിയും. കുന്തിയ്ക്ക് പാണ്ഡവർ എന്ന പോൽ, അഞ്ഞൂറ്റി കുടുംബത്തിലെ മരുമകളായിരുന്ന ഫാത്തിമയ്ക്ക് മറ്റൊരു മതസ്ഥനിൽ, (അല്ലെങ്കിൽ അവൾ വിശ്വസിക്കുന്ന മതത്തിലെ ചെറുപ്പക്കാരനിൽ) ഉണ്ടാവുന്ന മക്കളാണവർ. കൗരവർക്ക് പാണ്ഡവരോട് തോന്നിയ അതേ ശത്രുതയും അസഹിഷ്ണുതയും തന്നെയാണ് മൈക്കിൾ ഒഴികെ അഞ്ഞൂറ്റി കുടുംബത്തിലുള്ള ആൺപ്രജകൾക്ക് അജാസിനോടും അമിയോടും തോന്നുന്നത്. അവർ തങ്ങളിൽ പെട്ടവർ അല്ലെന്ന തോന്നൽ, അവർ ഒഴിഞ്ഞു പോയാൽ കൈവരുന്ന സ്വത്ത്, അധികാരം അതിനോടൊക്കെയുള്ള ആർത്തി.
അഞ്ഞൂറ്റി വീട്ടിൽ നിന്നുള്ള ഫാത്തിമയുടെയും മക്കളുടെയും പടിയിറക്കം, കുന്തിയുടെയും പാണ്ഡവരുടെയും വനവാസത്തെയാണ് ഓർമ്മിപ്പിക്കുന്നത്. കുടുംബചിത്രം പകർത്തുമ്പോൾ പോലും മാറ്റിനിർത്തപ്പെടുന്ന ഫാത്തിമയേയും മക്കളെയും മൈക്കിൾ ഫ്രെയിമിനകത്തേക്ക് ചേർത്തു നിർത്തുമ്പോൾ കുടുംബം ശിഥിലമാവാതിരിക്കാൻ പരിശ്രമിക്കുന്ന ഭീഷ്മപിതാമഹന്‍റെ മുഖമാണ് മൈക്കിളിന്.
Read Here: അമൽ, മമ്മൂട്ടി, ഭീഷ്മപർവ്വം; നദിയ മൊയ്തു പറയുന്നു
/indian-express-malayalam/media/media_files/uploads/2022/03/269924756_473274574162549_3444792129360370768_n.jpg)
പാണ്ഡവപുത്രര്‍ അജാസും അമിയും
സൗബിൻ അവതരിപ്പിക്കുന്ന അജാസ് എന്ന കഥാപാത്രത്തിൽ തന്നെ പാണ്ഡവരിൽ പലരുടെയും ഷെയ്ഡുകൾ കാണാം. ആദ്യ പകുതിയിൽ അജാസ് ധർമ്മിഷ്ഠനായ യുധിഷ്ഠിരനാണ്, എന്നാൽ ശത്രുപക്ഷത്തോട് യുദ്ധം പ്രഖ്യാപിക്കുമ്പോൾ അയാൾ കരുത്തിന്‍റെ ആൾരൂപമായ ഭീമനായി മാറുന്നുണ്ട്. എന്ത് അരക്കില്ലവും ചുട്ടുചാമ്പലാക്കാൻ മാത്രം ശക്തിയുണ്ട് അയാളിലപ്പോൾ.
ഊർജ്ജസ്വലനായ, ചോരത്തിളപ്പുള്ള, ആരുടെയും ശ്രദ്ധയും ഇഷ്ടവും കവരുന്ന പാണ്ഡവപടയിലെ അർജുനന്‍റെ മീറ്ററിലാണ് അമിയെന്ന കഥാപാത്രത്തെ വാർത്തിരിക്കുന്നത് . മൂത്തസഹോദരന്മാരാൽ ഏറെ സ്നേഹിക്കപ്പെട്ട ഒരനുജനെ, പാണ്ഡവരിലെ സഹദേവനേയും അമിയിൽ കാണാം.
കാഴ്ചയില്ലാത്ത ധൃതരാഷ്ട്രരും കണ്ണുമൂടി കെട്ടിയ ഗാന്ധാരിയും മക്കളും പിന്നെ ശകുനിയും
നിസ്താർ സേട്ടിന്‍റെ മത്തായിയും മാലാ പാർവ്വതിയുടെ മോളിയുമാണ് 'ഭീഷ്മപർവ്വ'ത്തിലെ ധൃതരാഷ്ട്രരും ഗാന്ധാരിയും. ഭീരുത്വമെന്ന അന്ധതയാണ് മത്തായിയെ ബാധിക്കുന്നത്, ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഉള്ള മടിയും. അതേ സമയം, മക്കൾ സ്നേഹമാണ് മോളിയെ അന്ധയാക്കുന്നത്. കണ്ണിനു ഓപ്പറേഷൻ കഴിഞ്ഞു മോളി അണിയുന്ന ആ കറുത്ത കണ്ണട, ഒരു പ്രത്യക്ഷ ഓർമപ്പെടുത്തൽ കൂടിയാണ്.
അന്ധനായ അച്ഛന്‍റെയും അന്ധത സ്വയം തിരഞ്ഞെടുത്ത ഒരമ്മയുടെയും രക്ഷാകർത്തൃത്വത്തിന്‍റെ ഇരുട്ടുവഴികളിൽ പിച്ചവെച്ച് നടന്നവരാണ് ഷൈൻ ടോമിന്റെ പീറ്ററും ഫർഹാൻ ഫാസിലിന്റെ പോളും. ഇരുട്ടിൽ നിന്ന് ഇരുട്ടു മാത്രമേ പകർന്നു നൽകാനാവൂ എന്നതിനാൽ തന്നെ പീറ്ററിനും പോളിനും ദുര്യോധനനും ദുശ്ശാസനനുമാവാനേ കഴിയൂ!
സഹോദരഭാര്യയെ സദസ്സിലിട്ട് വസ്ത്രാക്ഷേപം നടത്തിയ ദുര്യോധനന്‍റെ കഥാപാത്രം പീറ്ററിലും നിഴലിക്കുന്നുണ്ട്. സ്ത്രീകളോട് അയാൾക്കുള്ള പുച്ഛവും ബഹുമാനമില്ലായ്മയുമെല്ലാം പീറ്ററിനു തന്‍റെ ഭാര്യയോടുള്ള സമീപനത്തിൽ കാണാം . ഒറ്റനോട്ടം കൊണ്ട് അയാളെ ഭസ്മമാക്കാനുള്ള ശക്തിയുണ്ടായിരുന്നെങ്കിൽ അതും ചെയ്തുകളയുമായിരുന്നുവെന്ന് തോന്നിപ്പിക്കുന്നത്ര, അവഹേളിക്കപ്പെടുന്നുണ്ട് പീറ്ററിന്‍റെ ഭാര്യ പലപ്പോഴും.
തിന്മയോടുള്ള ചായ്‌വിനേക്കാളും പോളിൽ പ്രകടമാവുന്നത് സഹോദരനോടുള്ള അചഞ്ചലമായ വിശ്വാസവും വിധേയത്വവുമാണ്. ദുര്യോധനന് ദുശ്ശാസനനെന്ന പോൽ പീറ്ററിന്‍റെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടാണ് പോൾ.
എന്നാൽ, കർമ്മം കൊണ്ട് സഹോദരനായവനെ വധിക്കാൻ കൂട്ടുനിന്ന പോളിന് മൈക്കിൾ വിധിച്ച ശിക്ഷ ഓർമ്മപ്പെടുത്തുന്നത് പാണ്ഡവകുലം ഉന്മൂലനാശം ചെയ്യാൻ ശ്രമിച്ച അശ്വത്ഥാമാവിനു കൃഷ്ണൻ നൽകിയ ശാപമാണ്.
'നീ ബാലഘാതകിയും ദുഷ്ടനുമാണെന്നു ലോകം മനസ്സിലാക്കിയിരിക്കുന്നു. ബുദ്ധിമാന്മാർ നിന്നെ പാപിയെന്നു വിളിക്കും. നിനക്ക് ജനങ്ങൾക്കിടയിൽ ഇരിപ്പിടം കിട്ടുകയില്ല . നിന്‍റെ ശരീരത്തിൽ സകല വ്യാധികളും പടര്ന്നു പിടിക്കും . ഇത്തരത്തിൽ അശരണനായി നീ മൂവായിരത്താണ്ട് കൊല്ലം ഭൂമിയിൽ അലഞ്ഞു തിരിയും. നിന്നാൽ വധിക്കപ്പെട്ട ഗർഭസ്ഥ ശിശുവിനെ ഞാൻ ജീവിപ്പിക്കും. നീ നോക്കി നില്‍ക്കെ, അവൻ അടുത്ത കുരുരാജാവെന്നു പ്രസിദ്ധനാകും.'
ഇവിടെ മൈക്കിൾ പോളിന് കൊടുക്കുന്ന ശിക്ഷയും സമാനമാണ്, 'അപ്പനെയും അമ്മയേയും കൂട്ടി രാമേശ്വരത്തേക്ക് വിട്ടോളണം, കാർണിവൽ കൂടാൻ പോലും കൊച്ചിയിലേക്ക് വന്നേക്കരുത്' എന്ന്.
അത്രനാൾ അയാൾ ജീവിച്ച സുഖലോലുപതയുടെ സാമ്രാജ്യം ഉപേക്ഷിക്കേണ്ടി വരുന്നുവെന്നതു തന്നെ നരകജീവിതമാണ് പോളിന്. അത്ര നാൾ അയാളുടെ ശത്രുപക്ഷത്തുണ്ടായിരുന്ന അജാസ് അഞ്ഞൂറ്റി കുടുംബത്തിൽ അപ്രമാദിത്യം സ്ഥാപിക്കുന്നത് കൂടെ കണ്ടുകൊണ്ടാണ് അയാൾ പടിയിറങ്ങുന്നത്. ചൂഡാമണി രത്‌നം പാണ്ഡവർക്ക് വിട്ടു കൊടുത്തു പടിയിറങ്ങിയ അതേ അശ്വത്ഥാമാവിന്‍റെ വിദൂരഛായ പോളിൽ തള്ളികളയാനാവില്ല.
മോളിയുടെ സഹോദരനായ രാഷ്ട്രീക്കാരൻ ജെയിംസാണ് 'ഭീഷ്മപർവ്വ'ത്തിലെ ശകുനി. നനഞ്ഞിടം കുഴിക്കാൻ പീറ്ററേയും പോളിനേയും മത്തായിയേയുമൊക്കെ ഉപദേശിക്കുന്നതും കൗരവപ്പടയെ ബലപ്പെടുത്താനുള്ള കുറുക്കുവഴികൾ തേടുന്നതുമൊക്കെ ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ജെയിംസാണ്. ശകുനി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ കുരുക്ഷേത്ര യുദ്ധം തന്നെ ഉണ്ടാവുമായിരുന്നില്ലല്ലോ!
/indian-express-malayalam/media/media_files/uploads/2022/03/strip-1.jpg)
രാജൻ എന്ന ചക്രവ്യൂഹത്തിലെ അഭിമന്യു
സുദേവ് നായരുടെ രാജൻ എന്ന കഥാപാത്രം ഓർമ്മിപ്പിക്കുന്നത് അഭിമന്യുവിനെയാണ്. അമ്മയുടെ വയറ്റിൽ കിടന്ന് യുദ്ധതന്ത്രങ്ങൾ കേട്ട് പഠിച്ച, യോദ്ധാവാകാനായി മാത്രം ജനിച്ച അഭിമന്യൂ. ചതിയുടെ ചക്രവ്യൂഹത്തിൽപ്പെട്ടാണ് അഭിമന്യുവിന്‍റെ മരണം. രാജന്‍റെ കഥയും മറ്റൊന്നല്ല. അച്ഛനും അമ്മാവനുമൊക്കെ കൊല്ലപ്പെടുമ്പോൾ രാജൻ അമ്മയുടെ വയറ്റിൽ ഗർഭസ്ഥശിശുവാണ്. അവിടം മുതൽ അയാൾ തിരിച്ചറിയുന്നുണ്ട് അയാളുടെ ചിരകാല ശത്രുവിനെ. പകയുടെ ചിന്തേരിട്ട് അയാളെ വളർത്താൻ മുത്തശ്ശനും മുത്തശ്ശിയും കൂടിയായപ്പോൾ അയാൾക്ക് ശത്രുക്കളെ തേടിപ്പോവാതെ നിവൃത്തിയില്ലാതാവുന്നു. കൂടെ നിന്നവർ ചതിക്കുമ്പോൾ, ഒറ്റിന്‍റെ മരണക്കെണിയിൽ വീഴുകയാണ് രാജൻ. അല്ലെങ്കിലും, സ്നേഹിച്ചു ചതിക്കുന്നതിനോളം വലിയ ചക്രവ്യൂഹം എന്തുണ്ട്! പൂർവിക പകയുടെ ഭാരം താങ്ങി പാതി വഴിയിൽ വീണു പോയവരാണ് ഒരർത്ഥത്തിൽ അഭിമന്യുവും രാജനുമൊക്കെ.
/indian-express-malayalam/media/media_files/uploads/2022/03/7.jpg)
ഒളിഞ്ഞും തെളിഞ്ഞുമിങ്ങനെ വന്നുപോവുന്ന മഹാഭാരതം റഫറൻസുകൾ ഇനിയുമേറെയുണ്ട് ചിത്രത്തിൽ. ലോകപ്രസിദ്ധമായ ആ ഇതിഹാസത്തിൽ നിന്നും റഫറൻസുകൾ എടുക്കുമ്പോഴും നന്മ-തിന്മകളുടെ പക്ഷമെന്ന പതിവു 'ടെംപ്ലേറ്റ്' പിടിക്കാതിരിക്കാൻ തിരക്കഥാകൃത്തുകൾ ശ്രദ്ധിച്ചിട്ടുണ്ട്, നന്മയും തിന്മയും ധർമ്മവും അധർമ്മവുമൊക്കെ ആപേക്ഷികമാണ് ഭീഷ്മപർവ്വത്തിൽ. അതു മാത്രമല്ല, കഥാന്ത്യത്തിലേക്ക് അടുക്കുമ്പോൾ 'മഹാഭാരത'ത്തിന്റെ ഒരു പുനർവായന കൂടെ നടത്തുന്നുണ്ട് ഭീഷ്മപർവ്വത്തിന്റെ സ്രഷ്ടാക്കൾ. മഹാഭാരതമാണെങ്കിലും ഇതിഹാസകാവ്യമാണെങ്കിലും പൊളിച്ചെഴുത്തുക്കൾ കാലത്തിന്റെ അനിവാര്യതയാണെന്നു കൂടിയുള്ള ഓർമപ്പെടുത്തലാണ് 'ഭീഷ്മപർവ്വം'. നെടുമുടി വേണുവിന്റെയും കെപിഎസി ലളിതയുടെയും കഥാപാത്രങ്ങൾ തന്നെ ഇതിനുദാഹരണം, ഇരവിപ്പിള്ളയും കാർത്ത്യായനിയമ്മയും 'ശകുനി' ബാധിച്ച വൃദ്ധദമ്പതികളാണ്. പ്രായവും ജീവിതപരിചയവും കൊണ്ട് വാർധക്യത്തിലേക്ക് അടുത്തിരിക്കുമ്പോഴും ജീവിത യാഥാർത്ഥ്യങ്ങളുടെ പൊരുൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോയ, പകയുടെ കനലുകൾ നെഞ്ചിലേറ്റ് സർവ്വനാശം വരുത്തിവയ്ക്കുന്നവർ. അവരോടായി മൈക്കിൾ പറയുന്നുണ്ട്; "സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോവുന്നതും നല്ലതിനെന്ന് പറയാൻ പോലും കഴിയാതെ വരുന്നല്ലോ," എന്ന്.
ഇങ്ങനെ, സിനിമ കാണുന്ന പ്രേക്ഷകന്‍റെ സ്വയം കണ്ടെത്തലുകൾക്കായി, മനസ്സിലാക്കലുകൾക്കായി, പുനർവായനകൾക്കായി പ്ലോട്ടിനെ വിട്ടു നൽകുന്നു എന്നതാണ് 'ഭീഷ്മപർവ്വ'ത്തിന്റെ സൗന്ദര്യം. ഒരു കൊമേഴ്സ്യൽ എന്റർടെയിനർ എന്ന ലേബലിൽ നിൽക്കുമ്പോഴും, അത്തരം സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകസമൂഹത്തെ തൃപ്തിപ്പെടുത്തുമ്പോഴും അടരുകളിൽ ഇത്തരം ആഴമേറിയ വായനകൾക്കുള്ള സാധ്യതകൾ തുറന്നിടുന്നുവെന്നിടത്തു കൂടിയാണ് 'ഭീഷ്മപർവ്വം' ബ്രില്ല്യന്റായൊരു സൃഷ്ടിയാവുന്നത്.
Read Here: Bheeshmaparvam review: Mammootty exudes quiet power in Amal Neerad’s Godfather
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.