Bheeshma Parvam Movie Review & Rating: ലോകസിനിമയിലെ ഒരു നാഴികക്കല്ലാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ‘ഗോഡ്‌ഫാദര്‍.’ ഇറ്റാലിയന്‍ മാഫിയയുടെ വൈരത്തിന്റെ കഥ പറഞ്ഞ ചിത്രം ആഖ്യാനരീതി കൊണ്ടും അഭിനയം കൊണ്ടും വരും തലമുറയ്ക്ക് പാഠപുസ്തകമായി. ഏതു ‘ഗ്യാങ്ങ്സ്റ്റർ’ സിനിമയെടുത്താലും അതില്‍ ‘കോര്‍ളിയോണി’കള്‍ കയറി വരുന്ന അവസ്ഥ. അറിഞ്ഞോ അറിയാതെയോ അത് സംഭവിച്ചിട്ടുള്ള ഇന്ത്യന്‍ സിനിമകളും അനേകം. ആ കൂട്ടത്തിലേക്ക് മലയാള സിനിമയുടെ സംഭാവനയാണ് ഏറ്റവും പുതിയ അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം.’
ഒരുപാട് അംഗങ്ങളുള്ള മട്ടാഞ്ചേരിയിലെ പ്രശസ്തമായ അഞ്ഞൂറ്റി കുടുംബത്തിന്‍റെ നാഥനാണ് പ്രിയപ്പെട്ടവർ മൈക്കിളപ്പൻ എന്നു വിളിക്കുന്ന മൈക്കിൾ. കുടുംബത്തിനു മാത്രമല്ല, സഹായം ചോദിച്ച് മുന്നിലെത്തുന്നവർക്ക് ‘അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ആശ്രയ’മാണ് അയാൾ. അയാൾക്കും പറയാനുണ്ട്, ഒരൊറ്റ രാത്രികൊണ്ട് ജീവിതം 360 ഡിഗ്രിയിൽ തിരിഞ്ഞു പോയൊരു ഫ്ളാഷ്ബാക്ക് കഥ. നിയമം പഠിക്കാൻ ചേർന്ന മൈക്കിൾ ഡോണായി മാറിയ കഥ! ആ പരിവർത്തനത്തിനും അഞ്ഞൂറ്റി കുടുംബത്തിൽ മൈക്കിളിനുള്ള ഇന്നത്തെ അപ്രമാദിത്തത്തിനും ഒരർത്ഥത്തിൽ അയാൾ തന്റെ ജീവിതം തന്നെ പകരം കൊടുത്തിട്ടുണ്ട്. എന്നാലിപ്പോൾ, മൈക്കിൾ എന്ന തണൽമരം പുതിയ തലമുറയ്ക്ക്, അവരുടെ സ്വാതന്ത്ര്യത്തിനു മുകളിലേക്ക് ചാഞ്ഞ ആലാണ്. അഞ്ഞൂറ്റി കുടുംബത്തിലെ ഇളംതലമുറയ്ക്ക് മൈക്കിളപ്പന്റെ ‘ഭരണ’ത്തോട് തോന്നുന്ന അസ്വസ്ഥതകൾ ഒരു അഗ്നിപർവ്വതം പോലെ പുകഞ്ഞുതുടങ്ങുന്നതോടെ ആ കുടുംബാന്തരീക്ഷം കലുഷിതമാവുന്നു.
പരിചിതമായ കഥാപരിസരവും മുന്‍കൂട്ടി മനസ്സിലാവുന്ന കഥാഗതിയുമൊക്കെയാണെങ്കിലും മേക്കിംഗ് കൊണ്ടും, കഥപറച്ചിൽ രീതിയിലെ കയ്യടക്കവും ആറ്റികുറുക്കിയെടുത്ത സംഭാഷണശകലങ്ങൾ കൊണ്ടും കയ്യടി അർഹിക്കുന്നുണ്ട് ‘ഭീഷ്മപർവ്വം’. മൈക്കിൾ എന്ന പേരു മുതൽ തന്നെ ‘ഗോഡ്ഫാദര്‍’ നിഴലിക്കുന്ന ചിത്രം മഹാഭാരത കഥയേയും പലയിടത്തും ഓർമ്മിപ്പിക്കുന്നുണ്ട്. ഭീഷ്മാചാര്യരെയും കർണനെയുമൊക്കെ മമ്മൂട്ടിയുടെ മൈക്കിളും സൗബിന്റെ അജാസും ഓർമ്മിപ്പിക്കുന്നതു പോലെ, വിദൂര കാഴ്ചയിൽ പുത്രവാത്സല്യത്താൽ അന്ധയായി പോയ ഗാന്ധാരിയെയാണ് മാലാ പാർവതിയുടെ കഥാപാത്രത്തിൽ കാണാനാവുക. ഗർഭസ്ഥശിശുവായിരിക്കെ തന്നെ യുദ്ധതന്ത്രങ്ങൾ കേട്ടുപഠിച്ച മഹാഭാരതത്തിലെ അഭിമന്യുവിനെ ഓർമ്മിപ്പിക്കുന്നുണ്ട് സുദേവ് നായരുടെ കഥാപാത്രം. ഇങ്ങനെ, പുറം കാഴ്ചയ്ക്കപ്പുറമുള്ള ആഴമുണ്ട് ഓരോ കഥാപാത്ര സൃഷ്ടിയിലും. മൂലകഥകളോട് നീതി പുലർത്തുമ്പോഴും അതിനെയെല്ലാം തദ്ദേശീയമായൊരു പ്ലോട്ടിലേക്ക് അതിസമർത്ഥമായി ഇണക്കി ചേർക്കാൻ കഴിഞ്ഞുവെന്നിടത്താണ് ‘ഭീഷ്മപർവ്വ’ത്തിന്റെ തിരക്കഥയുടെ മികവ്. അതു തന്നെയാണ് ചിത്രത്തിന് പുതുമ സമ്മാനിക്കുന്നതും. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയെന്ന നടന്റെ പ്രഭാവത്തെയും സ്ക്രീൻ പ്രസൻസിനെയും ആഘോഷിക്കുകയാണ് ‘ഭീഷ്മപർവ്വം’. മൈക്കിളിന്‍റെ ഇൻട്രോ സീൻ മുതൽ ക്ലൈമാക്സ് വരെയുള്ള ഓരോ സീനിലും മമ്മൂട്ടിയിലെ ഇരുത്തം വന്ന നടന്‍ നിറഞ്ഞാടുകയാണ്. മൈക്കിളാണ് കേന്ദ്രകഥാപാത്രമെങ്കിലും ആ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും കൃത്യമായ ഐഡന്റിറ്റിയുണ്ട്. ചെറുതും വലുതുമായ വേഷങ്ങളിൽ വന്നുപോവുന്ന ഓരോരുത്തർക്കും പെർഫോമൻസിനുള്ള സ്പേസ് നൽകിയിട്ടുണ്ട് സംവിധായകൻ.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ തുടങ്ങിയ യുവനിര തകർത്തു വാരുകയാണ് ചിത്രത്തിൽ. നദിയ മൊയ്തു, ദിലീഷ് പോത്തൻ, ലെന, അബു സലിം, സ്രിന്റ, വീണ നന്ദകുമാർ, കോട്ടയം രമേശ്, അനസൂയ ഭരദ്വാജ്, സുദേവ് നായർ, ജിനു ജോസഫ്, ഹരീഷ് ഉത്തമൻ, ഷെബിൻ ബെൻസൺ, നിസ്താർ സേട്ട് എന്നിവരുടെ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന രീതിയിൽ കൃത്യമായ ഡീറ്റെയിലിംഗോടെയാണ് അവതരിപ്പിക്കുന്നത്. നെടുമുടി വേണുവും കെപിഎസി ലളിതയും ഒന്നിച്ചെത്തുന്ന രംഗങ്ങൾ ആ പ്രതിഭകൾ അശേഷിപ്പിച്ചുപോയ ശൂന്യതയെത്ര വലുതാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കും.
അമൽ നീരദ് സിനിമകളുടെ പതിവ് ‘സ്ലോ പേസി’ൽ തന്നെയാണ് ‘ഭീഷ്മപർവ്വത്തി’ന്റെ ആഖ്യാനവും മുന്നോട്ട് പോവുന്നത്. ഒരുപാടു അംഗങ്ങളുള്ള ഒരു വലിയ കുടുംബം, അവരോരോരുത്തരും തമ്മിലുള്ള ബന്ധം, കുടുംബാംഗങ്ങളുടെ സ്വഭാവവിശേഷങ്ങൾ, വീടിനകത്തെ സങ്കീർണ്ണമായ അന്തരീക്ഷം ഒക്കെ പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാക്കി തരുന്നത് ആദ്യ പകുതിയാണ്. കഥാപാത്രങ്ങളെ അവരുടെ മാനസിക- വൈകാരിക വിചാരങ്ങളോടെയും മാനറിസത്തോടെയും കൃത്യമായി അടയാളപ്പെടുത്തുണ്ട് ആദ്യ പകുതി.
മാഫിയ ചിത്രങ്ങളുടെ സ്ഥിരം ചേരുവകളായ പകയും പക പോക്കലും ഗുണ്ടായിസവുമെല്ലാം ഉണ്ടെങ്കിലും ഒപ്പം തന്നെ അതില്‍ ഉള്‍പ്പെടുന്ന വികാരവിചാരങ്ങളെയും കൃത്യമായി കൈകാര്യം ചെയ്യുന്നിടത്തു കൂടിയാണ് ‘ഭീഷ്മപർവ്വം’ വ്യത്യസ്തമാകുന്നത്. രണ്ടാം പകുതിയിലെ വൈകാരിക രംഗങ്ങളൊക്കെ പ്രേക്ഷകരെയും ആഴത്തിൽ തൊടും.
എൺപതുകളെ ഗൃഹാതുരത്വത്തോടെ അടയാളപ്പെടുത്തുന്നുണ്ട് ചിത്രം. ‘ആദിപാപം’ റിലീസായ, ജോൺ പോൾ മാർപാപ്പ കൊച്ചിയിൽ വന്ന, പെരുമൺ തീവണ്ടി ദുരന്തം നടന്ന, കാലിക്കറ്റ് എയർപോർട്ട് പ്രവർത്തനമാരംഭിച്ച ഒരു കാലത്തെ ചിത്രത്തിന്റെ തുടക്കം ഓർമ്മിപ്പിക്കുന്നു. നൊസ്റ്റാൾജിയയുടെ അയ്യാറെട്ട് കളിയാണ് കലാസംവിധാനത്തിൽ. യമഹ Rx100 ബൈക്കും സോണി വാക്ക്മാനും തുടങ്ങി വളരെ സൂക്ഷ്മമായ കാര്യങ്ങളിൽ പോലും ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് ‘ഭീഷ്മപർവ്വം’ ടീം.
സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിനെ മറ്റൊരു നിലയിലേക്ക് എടുത്തുയര്‍ത്തുന്നത്. ഓരോ സീനുകളെയും എലിവേറ്റ് ചെയ്യുന്നതിൽ ബിജിഎമ്മിന് വലിയ റോളുണ്ട്. ആനന്ദിന്റെ ക്യാമറയും ചിത്രത്തിനുടനീളം സ്വീകരിച്ചിരിക്കുന്ന കളർടോണും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുകയും ചിത്രത്തിന്റെ ക്ലാസ്സ് സ്വഭാവം നിലനിർത്തുകയും ചെയ്യുന്നുണ്ട്. ചിത്രത്തിലെ സംഭാഷണങ്ങളും ഗംഭീരമാണ്, കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ ഏറെയുണ്ട്.
‘ബിഗ് ബി’ ടീമിൽ നിന്ന് പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ, ആ പ്രതീക്ഷയും കാത്തിരിപ്പുമൊന്നും വെറുതെയാവുന്നില്ല. ക്ലാസ്സും മാസ്സും ചേരുന്ന ഒരു ഗംഭീര തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ‘ഭീഷ്മപർവ്വ’ത്തിന് ടിക്കറ്റെടുക്കാം.