/indian-express-malayalam/media/media_files/uploads/2018/11/madhavan-nambi-narayanan.jpg)
നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ബയോപിക് ചിത്രത്തിൽ നായിക ഉണ്ടായിരിക്കില്ലെന്ന് വെളിപ്പെടുത്തുകയാണ് നായകനും ചിത്രത്തിന്റെ സഹസംവിധായകനുമായ മാധവൻ. 'റോക്കറ്ററി: ദ നമ്പി എഫക്റ്റ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത് മാധവനാണ്. സംവിധായകൻ ആനന്ദ് മഹാദേവനൊപ്പം ചിത്രത്തിന്റെ സഹസംവിധായകനായും മാധവൻ പ്രവർത്തിക്കുന്നുണ്ട്.
വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിലെയും തമിഴകത്തെയും തെലുങ്ക് ഇൻഡസ്ട്രിയിലെയും മുൻനിരതാരങ്ങളും അണിനിരക്കുന്നുണ്ട്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെയും അദ്ദേഹം ജയിലിൽ കഴിഞ്ഞ നാളുകളിലേക്കും മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ ചിത്രത്തിൽ നായിക ഉണ്ടായിരിക്കില്ലെന്നും മാധവൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഈ ചിത്രം തനിക്ക് ഒരു ബാധ പോലെയായിരുന്നുവെന്ന് മുൻപ് മാധവൻ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, "മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആനന്ദ് മഹാദേവന്‍ നമ്പി നാരായണനെക്കുറിച്ച് എന്നോടു പറഞ്ഞപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുക വഴി കടുത്ത അനീതിക്കിരയായ ഒരു മനുഷ്യന്റെ കഥയായാണ് തനിക്ക് അനുഭവപ്പെട്ടത്," എന്നായിരുന്നു മാധവന്റെ വാക്കുകൾ.
"അതിനു ശേഷം ഞാന്‍ ഈ സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ ആരംഭിച്ചു. ഏഴുമാസമെടുത്താണ് ഞാന്‍ അത് പൂര്‍ത്തിയാക്കിയത്. തിരക്കഥയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം തന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാറേ ഇല്ലായിരുന്നു. പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഞാന്‍ ചോദിച്ചതു മുഴുവന്‍ അദ്ദേഹത്തിന്റെ കേസിനെ കുറിച്ചായിരുന്നു, അത് നീതിയല്ലെന്ന്," മാധവൻ പറയുന്നു.
"ചിലപ്പോഴൊക്കെ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് തെറ്റ് ചെയ്യുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കുന്നതിലൂടെ ഈ രാജ്യത്തിനോട് തന്നെയാണ് നാം നീതി പുലര്‍ത്തുന്നത്. അതുകൊണ്ട് ഏഴുമാസത്തോളം എഴുതിയ തിരക്കഥ ഞാന്‍ വലിച്ചെറിഞ്ഞു. പിന്നീട് ഒന്നര വര്‍ഷമെടുത്താണ് പുതിയ തിരക്കഥ എഴുതിയത്. ആനന്ദ് മഹാദേവനും മറ്റുള്ളവര്‍ക്കുമൊപ്പം ചേര്‍ന്നാണ് അത് പൂര്‍ത്തിയാക്കിയത്," തിരക്കഥയെഴുത്തിനെ കുറിച്ച് മാധവൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ.
"എനിക്കുറപ്പാണ് രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും നമ്പി നാരായണന്‍ ആരെന്ന് അറിയില്ല. അത് തീര്‍ച്ചയായും ഒരു ക്രൈമാണെന്ന് ഞാന്‍ കരുതുന്നു. ഇനി അറിയാവുന്ന ബാക്കി അഞ്ച് ശതമാനം ആളുകള്‍ക്ക് അദ്ദേഹത്തിന്റെ മുഴുവന്‍ കഥയും എന്തെന്ന് അറിയില്ല," മാധവന്‍ അഭിപ്രായപ്പെടുന്നു.
അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ടീസറിന് വൻ പ്രതികരണമാണ് സമൂഹമാധ്യമങ്ങൾ നൽകിയത്. 2019 ഏപ്രിലിൽ ചെന്നൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us