നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ത്രിഭാഷാചിത്രം ‘റോക്കെറ്ററി- ദ നമ്പി എഫക്റ്റ്’ യുടെ ടീസർ ഉടനെ റിലീസാവുമെന്ന് മാധവൻ. ഇൻസ്റ്റഗ്രാമിൽ പബ്ലിഷ് ചെയ്ത വീഡിയോയിലൂടെയാണ് മാധവൻ ഈ വിശേഷം പങ്കുവച്ചിരിക്കുന്നത്.

“സഹോദരാ.. ഈ സ്വപ്നത്തിന്റെ ഭാഗമാകാൻ ഞാനാഗ്രഹിക്കുന്നു”വെന്നാണ് ഇൻസ്റ്റഗ്രാമിലെ വീഡിയോ കണ്ട സൂര്യയുടെ പ്രതികരണം. മാധവന്റെ ഇൻസ്റ്റഗ്രാം വീഡിയോ ഷെയർ ചെയ്തുകൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം.

തങ്ങളുടെ പ്രിയപ്പെട്ട മാഡി, നമ്പി നാരായണനായി വെള്ളിത്തിരയിൽ എത്തുന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് മാധവന്റെ ആരാധകർ. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ഐഎസ്ആർഒ ശാസ്ത്രഞ്ജനായ നമ്പി നാരായണന്റെ കഥയാണ് പറയുന്നത്.

ചാരക്കേസിൽ പ്രതിയായി മുദ്രക്കുത്തപ്പെട്ട നമ്പി നാരായണന് വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് നീതി ലഭിച്ചത്. ലോകം ഇപ്പോഴും മുഴുവനായി അറിയാതെ പോയ നമ്പി നാരായണന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം കൂടിയാവും ‘റോക്കെറ്ററി- ദ നമ്പി എഫക്റ്റ്’. മാധവന്റെ കരിയറിലെയും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നാവും ഇത്.

ചിത്രത്തെ കുറിച്ചു സംസാരിക്കുന്ന ഒരു ചെറിയ വീഡിയോയാണ് മാധവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ലോകത്തിലെ നിരവധിയേറെ വ്യക്തികളുടെ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ നിങ്ങൾ കേൾക്കാത്ത,​ ഒരു ക്ലൂവുമില്ലാത്ത കഥകൾ ഇനിയുമേറെയുണ്ടാവും. ഈ മനുഷ്യന്റെ കഥ കേൾക്കുമ്പോൾ, അയാളുടെ നേട്ടങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് നിശബ്ദരായിക്കാനാവില്ല,” മാധവൻ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook