/indian-express-malayalam/media/media_files/uploads/2019/03/lucifer-1-1.jpg)
"ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമില്‍ അവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവനൊരു പേരേയുള്ളൂ...ലൂസിഫര്‍ !"
ട്രെയിലറിലെ ഈ ഡയലോഗ് കേട്ട് മോഹന്‍ലാല്‍ ആരാധകര്‍ ആവേശം കൊള്ളാന്‍ തുടങ്ങിട്ട് ഒരാഴ്ചയായി. ഇനി രണ്ടു ദിവസം കൂടി നീളുന്ന കാത്തിരിപ്പ്. മാർച്ച് 28നാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി വരുന്ന 'ലൂസിഫർ' തിയേറ്ററുകളിലേക്ക് എത്തുന്നത്.
ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന സാഹചര്യത്തിലും ട്രെയിലറില്‍ അദ്ദേഹത്തിന്റെ വോയിസ് ഓവറില്‍ വരുന്ന ഡയലോഗുകളെ മുന്‍നിര്‍ത്തിയും 'ലൂസിഫര്‍' എന്ന കഥാപാത്രത്തിന് ബൈബിളിലെ ലൂസിഫറുമായി സാമ്യമുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ സജീവമാകുന്നു.
ആരാണ് ലൂസിഫര്‍ ?
സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫര്‍ എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. എന്നാൽ പൂർണമായ ഒരു പ്രതിനായകനല്ല ലൂസിഫർ. ക്രിസ്തു മതവുമായി ബന്ധപ്പെട്ടാണ് പരാമര്‍ശിക്കപ്പെടാറുള്ളതെങ്കിലും പാശ്ചാത്യനോവലുകളാണ് സാത്താന് ലൂസിഫര്‍ എന്ന് പേര് നല്‍കി പ്രചരിപ്പിച്ചത്. പറുദീസയിലെ മാലാഖമാരില്‍ പ്രധാനി അത്യുന്നതനെപ്പോലെയാകാന്‍ ശ്രമിച്ചപ്പോള്‍ പുറത്താക്കപ്പെട്ടുവെന്നാണ് ബൈബിള്‍ പറയുന്നത്.
രണ്ടു രീതിയിലാണ് സാത്താന്‍ പ്രതിപാദിക്കപ്പെടുന്നത്. ഒന്ന്, ഉല്പത്തി കഥകളിൽ ആദത്തിനും ഹവ്വയ്ക്കും സ്വർഗം നഷ്ടപ്പെടുത്തിയ സർപ്പത്തിന്റെ പേരിലാണ്. പ്രത്യക്ഷമായി ഇതിലൊന്നും പറയുന്നില്ലെങ്കിലും സർപ്പത്തിന്റെ രൂപത്തിലെത്തിയത് സാത്താൻ ആണെന്ന് തന്നെയാണ് കരുതപ്പെടുന്നത്. രണ്ടാമത്തെ കഥ ദൈവത്തിന്‍റെ വിശ്വസ്തനായിരുന്ന മാലാഖ ദൈവത്തിനേക്കാള്‍ വലിയവനാകാന്‍ ശ്രമിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് പുറംതള്ളപ്പെട്ടു എന്നാണ്. ദൈവത്തെപ്പോലെ ആരാധിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന സാത്താന്‍ അന്ന് മുതല്‍ മനുഷ്യരെ തന്‍റെ കീഴിലാക്കാന്‍ ശ്രമിക്കുന്നു. പുതിയ നിയമത്തില്‍ ദൈവപുത്രനായ യേശുവിനോട് തന്നെ ആരാധിക്കാന്‍ സാത്താന്‍ നേരിട്ട് ആവശ്യപ്പെടുന്നുണ്ട്.
സ്വർഗ്ഗത്തിൽ സേവിക്കുന്നതിനേക്കാൾ ഭേദം നരകത്തിൽ ഭരിക്കുന്നതാണ്
ഇംഗ്ലീഷ് എഴുത്തുകാരനായ ജോൺ മിൽട്ടന്റെ 'പാരഡൈസ് ലോസ്റ്റ്' (നഷ്ടപ്പെട്ട പറുദീസ) എന്ന 1667-ൽ രചിക്കപ്പെട്ട ഇതിഹാസ കാവ്യത്തിൽ സാത്താൻ പറയുന്ന വരികളാണ് ഇവ. സാത്താന്റെ പതനത്തെക്കുറിച്ചു മിൽട്ടൺ പറയുന്നത് ഇങ്ങനെയാണ്, "ദൈവത്താലും, ദൈവപുത്രന്മാരാലും കീഴ്പ്പെടുത്തപ്പെടാൻ ആഗ്രഹിക്കാത്ത ലൂസിഫർ, താന്‍ ഉള്‍പ്പെടുന്ന ഓരോ മാലാഖമാരും സ്വയം പിറവിയെടുത്തവരും, സ്വയം തന്നെ വളർന്നവരുമാണെന്നും വിശ്വസിക്കുക വഴി, സ്രഷ്ടാവെന്ന ദൈവത്തിന്റെ അധികാരത്തെ നിരാകരിക്കുകയാണ് ചെയ്തത്."
നന്മ-തിന്മ, മതാധിഷ്ഠിതമായ ശരി-തെറ്റുകള്‍, എന്നിങ്ങനെയുള്ള ആശയങ്ങള്‍ രൂപം കൊണ്ടതിന്റെ പശ്ചാത്തലത്തില്‍, മനുഷ്യനെ പാപങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനായി ലൂസിഫർ എന്ന അധഃപതിച്ച മാലാഖയുടെ കഥ തുടർച്ചയായി പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്തു. ഇതിന്റെ മറ്റൊരു ഉദാഹരണമാണ്, 1320-ൽ ഇറ്റാലിയൻ എഴുത്തുകാരനായ ഡാൻന്റെ അലിഘെറിയുടെ 'ഡിവൈൻ കോമഡി' എന്ന ഇതിഹാസകാവ്യം.
മൂന്ന് ഭാഗങ്ങളിലായി തിരിച്ച കാവ്യത്തിലെ ആദ്യ ഭാഗം ഇൻഫെർണോ (നരകം) എന്നാണ് അറിയപെടുന്നത്. നരകത്തെ ഒൻപതു വൃത്തങ്ങളായി ചിത്രീകരിച്ച ഡാൻന്റെ മനുഷ്യൻ ചെയ്യുന്ന ഓരോ പാപങ്ങൾക്കുമുള്ള ശിക്ഷകൾ ഈ ഭാഗത്തു അക്കമിട്ട് വിവരിക്കുന്നുണ്ട്. ഒൻപതാമത്തേതും അവസാനത്തേതുമായ വൃത്തത്തിൽ അദ്ദേഹം സാത്താനെ ഉറഞ്ഞ മഞ്ഞില്‍ പാതിയോളം മുങ്ങി നിൽക്കുന്ന നിലയിൽ വരച്ചു കാട്ടുന്നു. തന്റെ ചിറകുകളുടെ ചലനത്തിന്റെ ഭാഗമായി പിന്നെയും മഞ്ഞിലുറഞ്ഞു പോകുന്ന സാത്താൻ, തന്റെ മൂന്ന് മുഖങ്ങളിലെ കണ്ണുകൾ വഴിയും കണ്ണീർ വാർക്കുന്നു.
എന്നാൽ 1667-ൽ എത്തിയ ജോൺ മിൽട്ടന്റെ 'ലൂസിഫർ' തികച്ചും വ്യത്യസ്തനായിരുന്നു. പ്രശസ്തനായ ഇംഗ്ലീഷ് എഴുത്തുകാരനായ വില്യം ബ്ലെയ്ക്ക് പറഞ്ഞത്, 'താൻ ചെകുത്താന്റെ ഭാഗത്താണെന്നു അറിയാതെ ചെകുത്താന്റെ ഭാഗത്തു നിന്ന വ്യക്തിയാണ് മിൽട്ടൺ' എന്നാണ്. മിൽട്ടൺ സാത്താനെ തന്റെ ഇതിഹാസ കാവ്യമായ 'പാരഡൈസ് ലോസ്റ്റിൽ' അങ്ങനെയാണ് ചിത്രീകരിച്ചത്. ഒരു പരിധി വരെ നായക പരിവേഷത്തിലേക്ക് മിൽട്ടന്റെ സാത്താൻ എത്തിച്ചേരുന്നുണ്ട്.
'ഫൗസ്റ്' എന്ന ഗോയിഥെയുടെ നാടകത്തിൽ, മനുഷ്യരുടെ ആത്മാവിനെ വിലപേശി വാങ്ങുന്ന സാത്താനും പ്രത്യക്ഷപ്പെട്ടു. വ്യത്യസ്തനായ ആധുനിക സാത്താനെ കാണാൻ സാധിക്കുന്നത് നീൽ ഗെയിമിന്റെ 'ദി സാൻഡ്മാൻ' പരമ്പരയിലെ ലൂസിഫർ എന്ന കഥാപാത്രത്തിലാണ്. കാലാകാലങ്ങളായി മനുഷ്യർ തന്നെ പിശാചായി കാണുന്നതിലും, മനുഷ്യരുടെ ആത്മാവിന്റെ കച്ചവടക്കാരനായി കാണുന്നതിലും, ഒരിക്കൽ എതിർപ്പ് പ്രകടിപ്പിച്ചതിനു എന്നന്നേക്കുമായി നരകം ഭരിക്കേണ്ടി വരുന്നതിൽ അമർഷമുള്ളതുമായ ലൂസിഫർ നരകത്തിന്റെ കവാടം പൂട്ടുന്നതായിട്ടാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.
പോള്‍ ഗുസ്താവ് ദോരെ എന്ന ഫ്രഞ്ച് ചിത്രകാരന്റെ 'ദി ഫാള്‍ ഓഫ് ലൂസിഫര്‍'പൃഥ്വിരാജിന്റെ 'ലൂസിഫര്‍'
'ലൂസിഫറി'ന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞത്, ഈ സിനിമയിലെ കഥാപാത്രങ്ങളിൽ നല്ല കഥാപാത്രം ചീത്ത കഥാപാത്രം എന്നില്ല, ഒരു ഹീറോ-വില്ലൻ ചിത്രമല്ല 'ലൂസിഫർ' എന്നാണ്. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാം ഒരു 'ഗ്രേ' മേഖലയിൽ നിലനിൽക്കുന്നവരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
Read More: Lucifer Movie Review: ചെകുത്താനും മാലാഖയും ഒരാളില്‍: 'ലൂസിഫറി'ലെ ലാലിസം
ആദ്യ കാലങ്ങളിൽ ലൂസിഫറിനെ സാത്താനായും, പിശാചായും, പാപത്തിന്റെ ബിംബമായും കാണിക്കപ്പെട്ടെങ്കിലും, ലൂസിഫർ മുഴുവനായും തെറ്റുകാരൻ അല്ല എന്നൊരു വാദവും ഇതിനൊപ്പം വളർന്നിട്ടുണ്ട്. ലൂസിഫറിന്റെ ആരാധിക്കുന്നവര്‍ അദ്ദേഹത്തെ, നിരീശ്വരവാദത്തിന്റെ ആദ്യ അംഗമായും വിമോചകനായും വരെ കണക്കാക്കുന്നുണ്ട്. സ്ഥാപിത വ്യവസ്ഥിതികളോട് കലഹിച്ചൊരു വ്യക്തിയാണ് ലൂസിഫർ, അത് കൊണ്ട് തന്നെ വ്യവസ്ഥകൾ സ്ഥാപിച്ചവർ കഥ പറഞ്ഞാൽ ലൂസിഫർ തെറ്റുകാരനാകും. മറ്റൊരു വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ അങ്ങനെയാവണം എന്നില്ല.
ഈയൊരു സാധ്യത തന്നെയാവണം മുരളി ഗോപിയേയും പൃഥ്വിരാജിനേയും നയിച്ചതും അത്തരം ഒരു പേരിലേക്ക് എത്തിച്ചതും. 'ലൂസിഫര്‍' എന്ന ടൈറ്റിൽ അക്ഷരങ്ങൾ തിരിച്ചെഴുതിയ രീതിയും വിവക്ഷിക്കുന്നത് ഇത് തന്നെയാകാം.
ചിത്രത്തിന്റെ ട്രെയിലറിൽ 'വൻമരം വീണു, പകരം ആര്' എന്ന് ചോദിക്കുമ്പോഴാണ് സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രം കടന്നു വരുന്നത്. അതും വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്... പുറത്താക്കപ്പെട്ട 'വഴി പിഴച്ച മാലാഖ', 'ദൈവത്തിന്റെ' മരണ ശേഷം ആ സ്ഥാനമേറ്റെടുക്കുമോ? ട്രെയിലറിന്റെ അവസാനം മോഹൻലാൽ കഥാപാത്രം പറയുന്നുണ്ട് 'ഇത്തവണ കരാർ പിശാചിന്റെ കൂടെയാണ്' എന്ന്. സമകാലിക മലയാള സിനിമയിലെ ലൂസിഫര്‍ പുനരാഖ്യാനത്തിനായി കാത്തിരിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us