/indian-express-malayalam/media/media_files/uploads/2022/12/listin-stephen.jpg)
മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാക്കളിലൊരാളാണ് ലിസ്റ്റിൻ സ്റ്റീഫൻ. അടുത്തകാലത്ത് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളുടെയും നിർമ്മാണവും, വിതരണവും ഏറ്റെടുത്തത് ലിസ്റ്റിന്റെ കമ്പനിയായ മാജിക്ക് ഫ്രെയിംസാണ്. ലിസ്റ്റിൻ ഒറ്റയ്ക്കാല്ലായിരുന്നു ഈ വിജയങ്ങളെല്ലാം കൊയ്തത്,നടൻ പൃഥ്വിരാജുമൊപ്പമുണ്ടായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്ക് ഫ്രെയിംസും ചേർന്ന് ബോക്സോഫീസിലെത്തിച്ചത് മലയാള ചിത്രങ്ങൾ മാത്രമല്ല മറ്റു ഭാഷാചിത്രങ്ങളുമാണ്. 2022 ൽ മാജിക്ക് ഫ്രെയിംസിന്റെ നിർമ്മാണത്തിൽ തിയേറ്ററിലെത്തിയത് കടുവ, കൂമൻ, ഗോർഡ് എന്നീ ചിത്രങ്ങളാണ്. ഇവയ്ക്കൊപ്പം കെ ജി എഫ് 2, ന്നാ താൻ കേസ് കൊട്, ഗോഡ്ഫാദർ, കാന്താര, കുമാരി തുടങ്ങിയ ചിത്രങ്ങളുടെ വിതരണവും ഏറ്റെടുത്തിരുന്നു. നിർമ്മാതാവെന്ന നിലയിൽ വിജയിച്ചു നിൽക്കുന്ന ലിസ്റ്റിന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തിയിരിക്കുകയാണ്.
രണ്ടു കോടി വിലയുള്ള റേഞ്ച് റോവറാണ് ലിസ്റ്റിൻ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെയാണ് ലിസ്റ്റിൻ ആരാധകരുമായി സന്തോഷവാർത്ത പങ്കുവച്ചത്. കേരളത്തിലെ ആദ്യത്തെ 2023 റേഞ്ച് റോവർ സ്പോർട് ഡൈനാമിക്ക് എച്ച് എസ് ഇ ഇനി ലിസ്റ്റിനു സ്വന്തം. "ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു…അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു സന്തോഷം കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയിൽ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു… കൂടെ നിന്ന പ്രേക്ഷകർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപാട് നന്ദി" ലിസ്റ്റിൻ കുറിച്ചു. കുറിപ്പിനൊപ്പം കുടുംബത്തോടൊപ്പമുള്ള ചിത്രവും ലിസ്റ്റിൻ പങ്കുവച്ചിട്ടുണ്ട്. നിർമ്മാണത്തിൽ പങ്കാളിയായ പൃഥ്വിരാജിനെ നന്ദി അറിയിക്കാനും ലിസ്റ്റിൻ മറന്നില്ല.
ബോളിവുഡ് ചിത്രം 'സെൽഫി'യാണ് മാജിക് ഫ്രെയിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന 'എന്താടാ സജി', ടൊവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' എന്നിവയാണ് മറ്റു ചിത്രങ്ങൾ. മാജിക്ക് ഫ്രെയിംസ് വിതരണത്തിനെത്തിക്കുന്ന അനവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.