മലയാളികൾക്ക് എത്ര കാലം കഴിഞ്ഞാലും മറക്കാനാകാത്ത കഥാപാത്രങ്ങളിലൊന്നാണ് ‘ദേവാസുരം’ ചിത്രത്തിലെ മുണ്ടക്കൽ ശേഖരൻ. മംഗലശ്ശേരി നീലണ്ഠൻ എന്ന നായക കഥാപാത്രത്തിന്റെ അത്രയും തന്നെ പ്രാധാന്യമുള്ള വില്ലൻ കഥാപാത്രം അവിസ്മരണീയമാക്കിയത് നെപ്പോളിയനാണ്. തമിഴ് സിനിമാലോകത്തെ പ്രമുഖന്മാരിലൊരാളായിരുന്ന നേപ്പോളിയൻ ഇപ്പോൾ അമേരിക്കയിലാണ് താമസം. മൂത്തമകൻ ധനുഷിന്റെ ചികിത്സയുടെ ഭാഗമായാണ് 12 വർഷങ്ങൾക്കു മുൻപ് നെപ്പോളിയനും കുടുംബവും അമേരിക്കയിലെത്തിയത്. ആറു വർഷങ്ങൾക്കു മുൻപ് അമേരിക്കയിലെ നാഷ്വിലിൽ സ്വന്തമായി വീട് വാങ്ങി കുടുംബത്തോടെ സുഖ ജീവിതം നയിക്കുകയാണ് നെപ്പോളിയൻ. തമിഴ് യൂട്യൂബറായ ഇർഫാന്റെ ചാനലിൽ വന്ന നെപ്പോളിയന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നെപ്പോളിയന്റെ മകൻ ഇർഫാന്റെ വലിയ ആരാധകനാണ്. വീടിന്റെ ഹോം ടൂർ വീഡിയോ ചെയ്യാനായി ഇർഫാനെ ക്ഷണിക്കുകയായിരുന്നു മകൻ. നാഷ്വിലിൽ നെപ്പോളിയൻ പണികഴിപ്പിച്ചിരിക്കുന്നത് ഒരു ബംഗ്ലാവ് തന്നെയാണ്. സാങ്കേതിക വിദ്യകളുടെ മികവോടു കൂടി നിർമ്മിച്ചിരിക്കുന്ന വീട് മകന്റെ സൗകര്യത്തിനനുസരിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഇൻഫോർമൽ, ഫോർമൽ എന്ന് തരം തിരിച്ചിരിക്കുന്ന ലിവിങ്ങ് റൂം, ഡൈനിങ്ങ് റൂം. വീടിനകത്തു തന്നെ സജ്ജീകരിച്ചിരിക്കുന്ന ബാസ്ക്കറ്റ്ബോൾ കോർട്ട്. സൺ റൂം, സ്വിമ്മിങ്ങ് പൂൾ, വീട്ടിൽ എന്തെങ്കിലും പരിപാടികൾ സംഘടിപ്പിക്കാനായുള്ള പ്രത്യേകയിടം അങ്ങനെ നീളുന്നു വീടിന്റെ സവിശേഷതകൾ. ഭാര്യ ജയസുധയ്ക്കും, മൂത്തമകൻ ധനുഷിനുമൊപ്പമാണ് നെപ്പോളിയന്റെ താമസം. ഇളയമകൻ ഗുനൽ കാലിഫോർണിയയിൽ എയറോസ്പെയ്സ് എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ്.
വീടിനൊപ്പം നെപ്പോളിയനെയും പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ‘മകനു വേണ്ടി ജീവിക്കുന്ന അച്ഛൻ’ എന്നാണ് ഭൂരിഭാഗം കമന്റുകൾ. നടൻ എന്ന നിലയിൽ മാത്രമല്ല പൊതുപ്രവർത്തകൻ, രാഷ്ട്രിയകാരൻ, സംരംഭകൻ എന്ന നിലയിലും പേരെടുത്തിട്ടുണ്ട് നെപ്പോളിയൻ. തമിഴ് ചിത്രം ‘അൻപറി’വാണ് നെപ്പോളിയൻ അവസാനമായി അഭിനയിച്ച ഇന്ത്യൻ ചിത്രം. ഹോളിവുഡ് ചിത്രങ്ങളിലും നെപ്പോളിയൻ തന്റെ സാന്നിധ്യം അറിയിച്ചുണ്ട്.