/indian-express-malayalam/media/media_files/uploads/2020/06/lijo.jpg)
കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ആളുകളിൽ വലിയൊരു വിഭാഗം കലാപ്രവർത്തകരും, പ്രത്യേകിച്ച് സിനിമാ പ്രവർത്തകരുമുണ്ട്. ലോക്ക്ഡൌൺ പിൻവലിച്ച് വീണ്ടും സിനിമ ചിത്രീകരണം സജീവമായി തുടങ്ങുമ്പോഴാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എ എന്നെഴുതിയ ഒരു പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലിജോ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചത്.
അതിനിടെ സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട തർക്കം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. സിനിമകൾ ഒടിടി റിലീസ് തീരുമാനിക്കുന്നതിനെതിരെ നിരവധി വിതരണക്കാരും തിയേറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു. പുതിയ സിനിമകൾക്ക് പണം നൽകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടനയും തീരുമാനമെടുത്തു. ഈ അവസരത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ലിജോ.
"എന്നെ സംബന്ധിച്ചിടത്തോളം സിനിമ, പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് എന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. അതിനാൽ ഇന്ന് മുതൽ ഞാൻ ഒരു സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകനാണ്. സിനിമയിൽ നിന്ന് ഞാൻ സ്വരൂപിക്കുന്ന പണം മുഴുവൻ മികച്ച സിനിമയ്ക്ക് ഇന്ധനമായി ഉപയോഗിക്കും. എന്റെ സിനിമ എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് ഞാൻ പ്രദർശിപ്പിക്കും, കാരണം അതിന്റെ സ്രഷ്ടാവ് ഞാനാണ്."
"നമ്മൾ ഒരു മഹാമാരിയുടെ നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴിൽ രഹിതരായ ആളുകൾ. സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ അശാന്തത. വീടുകളിലെത്താൻ ആളുകൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കുന്നു. കലാപ്രവർത്തകർ വിഷാദംമൂലം മരിക്കുന്നു. അതിനാൽ… ജീവിച്ചിരിക്കുന്നതായി തോന്നാൻ, ആളുകളെ പ്രചോദിപ്പിക്കുന്നതിനായി മികച്ച കല സൃഷ്ടിക്കുന്നതിനുള്ള സമയമാണിത്. ജീവനോടെയിരിക്കാൻ അവർക്ക് ഏതെങ്കിലും രൂപത്തിൽ പ്രതീക്ഷ നൽകുന്നതിന്."
"ജോലി ചെയ്യുന്നത് നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. സൃഷ്ടികൾ നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഞങ്ങൾ കലഹിക്കും, കാരണം ഞങ്ങൾ കലാപ്രവർത്തകരാണ്," ലിജോ കുറിച്ചു. കൂടെ, എന്റെ സിനിമയ്ക്കും എന്റെ ഭാഷയ്ക്കും ഗ്രാമറില്ലെന്ന് മറ്റൊരു പോസ്റ്റിലൂടെ ലിജോ വ്യക്തമാക്കി.
പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, അതിനിടയിലാണ് ലിജോയും തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വ്യാപനം മൂലം മലയാളത്തിൽ അറുപതോളം സിനിമകളുടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു, മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നും അത്തരം ശ്രമങ്ങളുണ്ടായാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിർദേശങ്ങൾക്ക് എതിരെ സംവിധായകരുടെ ഭാഗത്തു നിന്നും അഭിനേതാക്കളുടെ ഭാഗത്തുനിന്നുമെല്ലാം പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജോയും തന്റെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു, ‘ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ, ആരാടാ തടയാൻ’ എന്നാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
Read More: എ എന്നാൽ ആന്റിക്രൈസ്റ്റോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.