പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ഒന്നിന് ആരംഭിക്കുമെന്നാണ് ലിജോ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എ എന്നെഴുതിയ ഒരു പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലിജോ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുന്നത്.

എ എന്നാൽ ആന്റിക്രൈസ്റ്റോ എന്നാണ് ലിജോ ആരാധകർ കൗതുകത്തോടെ അന്വേഷിക്കുന്നത്. ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ‘ആന്റിക്രൈസ്റ്റ്’ എന്ന പേരിൽ ഒരു ചിത്രം ഒരുക്കുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. ‘ഈ മ യൗ’വിന്റെ തിരക്കഥാകൃത്തായ പിഎഫ് മാത്യൂസിന്റെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രം വമ്പൻ താരനിര കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു.

ബൈബിളിലെ അന്തി ക്രിസ്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി ലോകാവസ്സാനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പേര് സംബന്ധിച്ച് സിനിമ മേഖലയില്‍ നിന്നും എതിരഭിപ്രായമുണ്ടായിരുന്നു. ഷൂട്ടിംഗിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആ ചിത്രം നിന്നുപോയത്. ആ ചിത്രം തന്നെയാണോ ഇതെന്നാണ് സിനിമാപ്രേമികളുടെ ആകാംക്ഷ. ലിജോയുടെ പോസ്റ്റിനു താഴെ വരുന്ന കമന്റുകളിലും ഈ ചോദ്യം ഉയരുന്നുണ്ട്.

പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, അതിനിടയിലാണ് ലിജോയും തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വ്യാപനം മൂലം മലയാളത്തിൽ അറുപതോളം സിനിമകളുടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു, മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നും അത്തരം ശ്രമങ്ങളുണ്ടായാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിർദേശങ്ങൾക്ക് എതിരെ സംവിധായകരുടെ ഭാഗത്തു നിന്നും അഭിനേതാക്കളുടെ ഭാഗത്തുനിന്നുമെല്ലാം പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജോയും തന്റെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു, ‘ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ, ആരാടാ തടയാൻ’ എന്നാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

Read more: ‘സൂഫിയും സുജാതയും’ ജൂലൈ മൂന്നു മുതൽ ആമസോൺ പ്രൈമിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook