/indian-express-malayalam/media/media_files/uploads/2019/04/Kunchako-Boban-blessed-with-Baby-boy.jpg)
നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ആണ്‍ കുഞ്ഞു പിറന്ന വിവരം ചാക്കോച്ചന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.
"എല്ലാവരുടേയും സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി. കുഞ്ചാക്കോ ജൂനിയര്‍ എല്ലാവര്‍ക്കും സ്നേഹം അറിയിക്കുന്നു," മകന്റെ ചിത്രം പങ്കു വച്ച് കൊണ്ട് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ആശംസകളുമായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എത്തി. റിമാ കല്ലിങ്കല്‍, അനു സിതാര, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, സംയുക്താ മേനോന്‍, അപര്‍ണ്ണ ബാലമുരളി, ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ചാക്കോച്ചന്റെ കുറിപ്പിനെ താഴെ സന്തോഷം അറിയിച്ചു കൊണ്ടെത്തി.
നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്.
മലയാളത്തിലെ നിത്യഹരിത പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ കുഞ്ചാക്കോയെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. 'അനിയത്തിപ്രാവും' 'നിറ'വും 'പ്രിയ'വുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന്‍ തന്നെയായിരുന്നു. കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന്‍ തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്.
അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.