ഭാര്യ പറഞ്ഞാല്‍ പാടാതിരിക്കാന്‍ പറ്റുമോ? പ്രിയതമയ്ക്ക് വേണ്ടി മധുര ശബ്ദം കടമെടുത്ത് കുഞ്ചാക്കോ ബോബന്‍

‘ഹേമന്ദമെന്‍ കൈക്കുമ്പിളില്‍’ എന്ന ഗാനമാണ് കുഞ്ചാക്കോ ബോബന്‍ പാടുന്നത്

സോഷ്യൽ മീഡിയയില്‍ വ്യത്യസ്തമായ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതില്‍ മുന്നില്‍ തന്നെയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. നേരത്തേ കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഫോട്ടോ കൊളാഷ് ആരാധകരെ ഒരുനിമിഷം അത്ഭുതപ്പെടുത്തിയിരുന്നു. ഒരേ സമയം മുടി നീട്ടി വളര്‍ത്തിയ കുഞ്ചാക്കോ ബോബനേയും മുടിയില്ലാത്ത കുഞ്ചാക്കോ ബോബനേയും ഫോട്ടോയില്‍ കാണാം.

ഭാര്യ ഹെയര്‍ സ്റ്റൈല്‍ ചെയ്താല്‍ ഇങ്ങനെയുണ്ടാകുമെന്നാണ് കുഞ്ചാക്കോ ഫോട്ടോയ്ക്ക് താഴെ എഴുതിയിരിക്കുന്നത്. കുഞ്ചാക്കോയുടെ ഭാര്യ പ്രിയയുടെ മുടി ഉപയോഗിച്ചാണ് കുഞ്ചാക്കോ ബോബന്റെ ഈ മേയ്ക്ക് ഓവര്‍. സൂക്ഷിച്ച് നോക്കിയാല്‍ കാണാം കുഞ്ചാക്കോയുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന പ്രിയയെ. ഈ ചിത്രം നേരത്തേ വൈറലായി മാറുകയും ചെയ്തു.

എന്നാല്‍ ഭാര്യയ്ക്ക് വേണ്ടി പാട്ടു പാടിയാണ് താരം വീണ്ടും ഫെയ്സ്ബുക്കില്‍ എത്തിയിരിക്കുന്നത്. ‘കോഹിനൂര്‍’ എന്ന ചിത്രത്തില്‍ വിജയ് യേശുദാസ് പാടിയ ‘ഹേമന്ദമെന്‍ കൈക്കുമ്പിളില്‍’ എന്ന ഗാനമാണ് കുഞ്ചാക്കോ ബോബന്‍ പാടുന്നത്. ഭാര്യ ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ പാട്ടെന്നാണ് നടന്‍ പറയുന്നത്. ‘ഇത്ര നന്നായി കുഞ്ചാക്കോ ബോബന്‍ പാട്ടു പാടുമോ’ എന്ന് ഒരുനിമിഷം ചിന്തിച്ചിരിക്കുമ്പോള്‍ തന്നെ നടന്‍ സസ്പെന്‍സും പൊളിച്ചു. തൊട്ടടുത്തായി നിന്നിരിക്കുന്ന വിജയ് യേശുദാസ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. വീഡിയോയില്‍ കുഞ്ചാക്കോയുടെ ഭാര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. വിഡിയോ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു.

നിലവില്‍ ‘കുട്ടനാടന്‍ മാര്‍പ്പാപ’ എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ശ്രീജിത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശാന്തികൃഷ്ണ, അദിതി രവി, ഇന്നസെന്റ്, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban sings for wife on fb live

Next Story
പച്ചക്കറികളുമായി മമ്മൂട്ടിയെ കാണാനെത്തി ആദിവാസി മൂപ്പനും കൂട്ടരും; ടെലി മെഡിസിന്‍ സൗകര്യം ഒരുക്കുമെന്ന് താരത്തിന്‍റെ ഉറപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com