/indian-express-malayalam/media/media_files/uploads/2019/06/kunchacko-boban.jpg)
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമായ നിഴലിന്റെ ചിത്രീകരണത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ. കോവിഡ് വ്യാപനത്തെ തുടർന്ന് ആറ് മാസത്തോളമായി ചാക്കോച്ചൻ വീട്ടിലായിരുന്നു. ഒക്ടോബറിൽ മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിങ് സെറ്റുകളിലെ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചാക്കോച്ചൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
"സെറ്റുകളിൽ എനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഷൂട്ടിംഗ് ഇടവേളകളിൽ ഞങ്ങൾ നടത്താറുള്ള സംഭാഷണങ്ങളും അതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വിനോദങ്ങളുമാണ്. കാര്യങ്ങൾ തീർത്തും ഔപചാരികമായി മാറി. ഇത് വളരെ സങ്കടകരമാണ്. ഇപ്പോൾ എല്ലാവരും അവരുടെ ജോലി ചെയ്ത് പോകുന്നു. എന്നിരുന്നാലും, ഞാൻ വളരെയധികം ശുഭാപ്തി വിശ്വാസിയാണ്. ഞങ്ങൾ പഴയ പഴയ അവസ്ഥയിലേക്ക് മടങ്ങും," ചാക്കോച്ചൻ പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയാണ് നിഴൽ. മിഥുൻ മാനുവൽ തോമസിന്റെ ‘അഞ്ചാംപാതിര’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ത്രില്ലർ ചിത്രത്തിലെ മുഖ്യ കഥാപാത്രമായാണ് നയൻസ് എത്തുന്നത്.
എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.
ദീപക് ഡി മേനോന്‍ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിങ്, നാരായണ ഭട്ടതിരി- ടൈറ്റില്‍ ഡിസൈൻ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍.
Read More: അങ്ങനെയവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; ചാക്കോച്ചൻ-നയൻതാര ചിത്രത്തിന് പിഷാരടിയുടെ ക്യാപ്ഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.