/indian-express-malayalam/media/media_files/uploads/2022/06/KPAC-Lalitha-last-film-Veetla-Vishesham-in-theatres-today.jpeg)
കെ പി എ സി ലളിത എന്നാൽ മലയാളിക്ക് അഭിനേത്രി എന്നതിൽ ഉപരി വീട്ടിലെ ഒരംഗം പോലെയാണ്. ഇക്കാലം കൊണ്ട് അവർ അഭിനയിച്ചു കൂട്ടിയ കഥാപാത്രങ്ങൾ നമ്മുടെ തന്നെ ജീവിതത്തിന്റെ ഏടുകളിൽ നിന്നും ഇറങ്ങി വന്നു അവിടേക്ക് തന്നെ മടങ്ങി പോയ പോലെ. എങ്ങനെ മറക്കും മലയാളി അവരെ… ഓരോ തവണ സ്‌ക്രീനിൽ കാണുമ്പോഴും പുനർജനിച്ചു കൊണ്ടേയിരിക്കുമല്ലോ ലളിതയെന്ന പ്രതിഭയും ഓർമ്മയും.
മണ്മറഞ്ഞ മലയാളത്തിന്റെ പ്രിയ താരം കെ പി എ സി ലളിതയുടെ അവസാനചിത്രങ്ങളിൽ ഒന്നായ 'വീട്ടിലെ വിശേഷം' എന്ന തമിഴ് ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. കരൾ രോഗം മൂർച്ഛിച്ച് മരണപ്പെടുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രീകരണം പൂർത്തിയാക്കിയാണ് ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം.
പ്രേക്ഷകപ്രശംസ നേടിയ ഹിന്ദി ചിത്രം 'ബധായ് ഹോ'വിന്റെ തമിഴ് പതിപ്പാണ് ''വീട്ടിലെ വിശേഷം.' സത്യരാജ്, ഉർവ്വശി, ആർ ജെ ബാലാജി, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സത്യരാജിന്റെ അമ്മയുടെ കഥാപാത്രമാണ് കെ പി എ സി ലളിത ചെയ്തത്.
മുതിർന്ന രണ്ടു മക്കളുള്ള ഒരു ദമ്പതികൾക്ക് മറ്റൊരു കുഞ്ഞു ഉണ്ടാവുന്നതു, ആ മാറ്റത്തെ കുടുംബവും സമൂഹവും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കെ പി എ സി ലളിതയുടെ മരണവുമായി ബന്ധപ്പെട്ടു ആർ ജെ ബാലാജി പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇന്ന് സിനിമ റിലീസ് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ വൈറൽ ആകുന്നത്.
ഈ വർഷം ഫെബ്രുവരി 22നാണു കെ പി എ സി ലളിത എന്നറിയപ്പെട്ടിരുന്ന മഹേശ്വരി അമ്മ മരണമടയുന്നത്. മലയാളിക്ക് ഒരിക്കലും മരണക്കാനാവാത്ത അഞ്ഞൂറിൽപരം കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ടാണ് 74 വയസ്സിൽ അവർ ലോകം വിടുന്നത്. 'അമരം,' 'ശാന്തം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും വിവിധ ചിത്രങ്ങൾക്കായി നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളൂം നേടിയിട്ടുണ്ട്. മണ്മറഞ്ഞ സംവിധായകൻ ഭരതനാണ് ഭർത്താവ്. മകൻ സിദ്ധാർഥ് ഭരതനും സംവിധായകനാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.