scorecardresearch

തിയേറ്ററുകൾ മറ്റന്നാൾ മുതൽ; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സിനിമാലോകം

വിവിധ സിനിമാസംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്

വിവിധ സിനിമാസംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്

author-image
Entertainment Desk
New Update
തിയേറ്ററുകൾ മറ്റന്നാൾ മുതൽ; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സിനിമാലോകം

ഏറെ മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകൾ ജനുവരി 13 മുതൽ തുറക്കാൻ ധാരണയായതോടെ, വിജയ് ചിത്രം 'മാസ്റ്ററി'നെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആരാധകരും പ്രേക്ഷകരും തിയേറ്റർ ഉടമകളും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ഒടുവിലാണ് ഇന്ന് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.

Advertisment

കൂടികാഴ്ചയ്ക്ക് ശേഷം തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയിൽ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാൻ ഉതകുന്ന രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്. വിനോദ നികുതി ഒഴിവാക്കാനും തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും ധാരണയായിരുന്നു.

തിയറ്ററുകൾ തുറക്കാനുള്ള അവസരം ഒരുക്കിയ മുഖ്യമന്ത്രിക്ക് സിനിമാലോകം ഒന്നടങ്കം നന്ദി രേഖപ്പെടുത്തി. നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ തോമസ് തുടങ്ങിയവരും നടിമാരായ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ തുടങ്ങിയവരും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

'പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ,' മമ്മൂട്ടി കുറിച്ചു

Advertisment

'മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ,' എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.

വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ്...

Posted by Ranjith Balakrishnan on Monday, January 11, 2021

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും ചലച്ചിത്ര മേഖലയുടെ ആകേതന്നെയും നന്ദി അറിയിക്കുന്നതായി ദിലീപ് പറഞ്ഞു.

ജനുവരി 13 ന് 'മാസ്റ്റർ' റിലീസ് ചെയ്തുകൊണ്ടാണ് തിയേറ്ററുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങുക. എന്നാൽ മലയാളചിത്രങ്ങൾ എന്നുമുതൽ റിലീസിനെത്തി തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല. വിജയ് ചിത്രങ്ങൾക്കും തമിഴ് ചിത്രങ്ങൾക്കും പൊതുവെ നല്ല കളക്ഷൻ നേടാറുള്ള കേരളത്തിൽ 'മാസ്റ്റർ' റിലീസ് ചെയ്യുന്നത് പ്രതിസന്ധികളെ അതിജീവിക്കാൻ ഊർജം പകരുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകളും.

50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററില്‍ പ്രവേശിപ്പിക്കാവൂ എന്ന കര്‍ശനമായ നിബന്ധനയോടെയാണ് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നത്. എന്നാൽ വിനോദ നികുതി ഒഴിവാക്കിയാല്‍ 50 ശതമാനം സീറ്റിങ് മൂലമുണ്ടാകുന്ന നഷ്ടം ഒരു പരിധിവരെ മറിക്കടക്കാനാകും എന്നാണ് തിയേറ്റർ ഉടമകളുടെ പക്ഷം.

Read more: ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതി സർക്കാർ ഒഴിവാക്കും

തമിഴ്‌നാട്ടിലെ വിവിധ തിയറ്ററുകളിലായി 'മാസ്റ്ററി'നായുള്ള അഡ്വാൻസ് റിസർവേഷൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. നൂറു കണക്കിനു ആരാധകരാണ് ടിക്കറ്റ് റിസർവ് ചെയ്യാൻ തിയറ്ററുകളിലെത്തുന്നത്.

അഡ്വാൻസ് ബുക്കിങ് ചിത്രങ്ങളും വീഡിയോകളും ഏറെ ചർച്ചയായിട്ടുണ്ട്. ചെന്നെെയിലെ റാം സിനിമാസ്, രോഹിണി തിയറ്റർ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇതിൽ കൂടുതലും. ഓൺലെെൻ ബുക്കിങ് കാര്യക്ഷമമാക്കാത്തതാണ് തിയറ്ററുകളിൽ അഡ്വാൻസ് റിസർവേഷന് ഇത്ര തിരക്കുണ്ടാകാൻ കാരണമെന്നാണ് വിജയ് ആരാധകരുടെ പരാതി.

Read more: മാസ്‌ക് ഇല്ല, സാമൂഹിക അകലമില്ല; തിയറ്ററുകളിൽ വൻ തിരക്ക്, ‘മാസ്റ്റർ’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ജനുവരി 13 നാണ് 'മാസ്റ്റർ' തിയറ്ററുകളിലെത്തുക. ഇളയദളപതിയുടെ പൊങ്കൽ റിലീസാണ് ചിത്രം. തിയറ്ററുകളിൽ നൂറ് ശതമാനം പ്രവേശനം അനുവദിച്ച് തമിഴ്‌നാട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കേന്ദ്രം ഇടപെട്ട് ഇത് തിരുത്തി. നിലവിൽ 50 ശതമാനം പേരെ മാത്രമേ തിയറ്ററുകളിൽ അനുവദിക്കൂ.

ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്‌ക്ക് പുറമേ വിജയ് സേതുപതി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Theatre Vijay Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: