ചെന്നെെ: തമിഴ്‌നാട്ടിലെ വിവിധ തിയറ്ററുകളിൽ വിജയ് ചിത്രം ‘മാസ്റ്റർ’ അഡ്വാൻസ് റിസർവേഷൻ ആരംഭിച്ചു. നൂറു കണക്കിനു ആരാധകരാണ് ടിക്കറ്റ് റിസർവ് ചെയ്യാൻ തിയറ്ററുകളിലെത്തുന്നത്. മിക്ക തിയറ്ററുകളിലും വൻ ജനത്തിരക്ക്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകൾ നിൽക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരവധി പേർ ഇതിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയുള്ള തിക്കും തിരക്കും സ്ഥിതി കൂടുതൽ വഷളാക്കുമെന്നാണ് പലരുടെയും വിമർശനം.

അഡ്വാൻസ് ബുക്കിങ് ചിത്രങ്ങളും വീഡിയോകളും ഏറെ ചർച്ചയായിട്ടുണ്ട്. ചെന്നെെയിലെ റാം സിനിമാസ്, രോഹിണി തിയറ്റർ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇതിൽ കൂടുതലും. ഓൺലെെൻ ബുക്കിങ് കാര്യക്ഷമമാക്കാത്തതാണ് തിയറ്ററുകളിൽ അഡ്വാൻസ് റിസർവേഷന് ഇത്ര തിരക്കുണ്ടാകാൻ കാരണമെന്നാണ് വിജയ് ആരാധകരുടെ പരാതി.

ജനുവരി 13 നാണ് ‘മാസ്റ്റർ’ തിയറ്ററുകളിലെത്തുക. ഇളയദളപതിയുടെ പൊങ്കൽ റിലീസാണ് ചിത്രം. തിയറ്ററുകളിൽ നൂറ് ശതമാനം പ്രവേശനം അനുവദിച്ച് തമിഴ്‌നാട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കേന്ദ്രം ഇടപെട്ട് ഇത് തിരുത്തി. നിലവിൽ 50 ശതമാനം പേരെ മാത്രമേ തിയറ്ററുകളിൽ അനുവദിക്കൂ.

ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്‌ക്ക് പുറമേ വിജയ് സേതുപതി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook