/indian-express-malayalam/media/media_files/2025/10/04/mohanlal-2025-10-04-18-49-11.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കവി പ്രഭ വര്‍മ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിനുവേണ്ടി മോഹന്‍ലാലിന് കൈമാറി.
ഏതു കലാകാരനും ലഭിക്കുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങളിലാണെങ്കിലും, അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണെന്ന് ചടങ്ങിൽ മോഹൻലാൽ പറഞ്ഞു. കാഴ്ചക്കാർ ഇല്ലെങ്കിൽ കലാകരനോ കലാകാരിയോ ഉണ്ടാകില്ലെന്നും അത് എല്ലാക്കാലത്തും ബോധ്യമുള്ളതുകൊണ്ടാണ് തനിക്ക് ലഭിക്കുന്ന പുരസ്കാരങ്ങളെല്ലാം മലയാളത്തിനും മലയാളിക്കും സമർപ്പിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
Also Read: 598 കോടിയുടെ ചരിത്രനേട്ടം; 2025ൽ തൊട്ടതെല്ലാം പൊന്നാക്കി മോഹൻലാൽ
ഈ പുരസ്കാരവും അങ്ങനെ തന്നെയാണെന്നും മഹത്തായ നിരവധി പുരസ്കാങ്ങൾ ഇടചേർന്നിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ വിശാലമായ ഷോക്കേസിൽ തനിക്ക് ലഭിച്ച ഈ പുരസ്കാരവും സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. വാനോളം പ്രശംസയും പാതാളത്തോളം താഴ്ത്തുന്ന പഴിയും വിമർശനങ്ങളും ശകാരങ്ങളും കേട്ടിട്ടുള്ളയാളാണ് താനെന്നും രണ്ടും സമഭാവത്തോടെയാണ് കാണുന്നതെന്നും മോഹൻലാൽ പറഞ്ഞു.
ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ദാദാ സാഹിബ് പുരസ്കാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോഹന്‍ലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണെന്നും ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: 'ആത്മാവിൻ്റെ സ്പന്ദനമാണെനിയ്ക്ക് സിനിമ'; ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി
മോഹൻലാലിനെ പോലെ, നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ലെന്നും മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആള്‍ട്ടര്‍ ഈഗോയാണ് മോഹന്‍ലാല്‍ എന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിന്‍ ഒസെല്ലയും എഴുതിയത് അതുകൊണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'വാനോളം ലാൽസലാം' എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, നടി അംബിക തുടങ്ങിയവർ വിശിഷ്ടാതിഥികളായി.
Read More: പലസ്തീൻ ഐക്യദാർഢ്യ മൈം തടയാൻ ആർക്കാണ് അധികാരം? വീണ്ടും അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.