scorecardresearch

ആ പാർട്ടിയിൽ മയക്കുമരുന്ന് ഉണ്ടായിരുന്നില്ല; ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് കരൺ ജോഹർ

2019 ജൂലൈ 28നു കരൺ ജോഹറിന്റെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയാണ് സംവിധായകൻ

2019 ജൂലൈ 28നു കരൺ ജോഹറിന്റെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയാണ് സംവിധായകൻ

author-image
Entertainment Desk
New Update
karan johar, karan johar party, karan johar party video, karan johar drugs, karan johar drugs case, karan johar news

നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കൂടുതൽ ബോളിവുഡ് താരങ്ങളിലേക്കും സിനിമാപ്രവർത്തകരിലേക്ക് അന്വേഷണം നീളുകയാണ്. ദീപിക പദുകോൺ, സാറ അലി ഖാൻ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ തുടങ്ങി നിരവധിപേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

Advertisment

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ താരങ്ങൾക്കും സിനിമാപ്രവർത്തകർക്കുമായി 2019 ജൂലൈ 28നു തന്റെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിലും മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന എന്ന രീതിയിലുള്ള വാർത്തകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് കരൺ ജോഹർ.

കുറച്ചുനാളുകളായി മാധ്യമങ്ങൾ തനിക്കെതിരെ വികലവും അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്​ എന്നാണ് കരൺ ജോഹർ പ്രസ്താവനയിൽ പറയുന്നത്. താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും അത്തരം വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാറില്ലെന്നും കരൺ ജോഹർ കൂട്ടിച്ചേർത്തു.

കരൺ ജോഹറിന്റെ വീട്ടിൽ നടന്ന ഒരു പാർട്ടിയിൽ നിന്നുള്ള പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീഡിയോയിൽ ഷാഹിദ് കപൂർ, ദീപിക പദുകോൺ, രൺബീർ കപൂർ, വരുൺ ധവാൻ, അർജുൻ കപൂർ, മലൈക അറോറ, വിക്കി കൗശാൽ തുടങ്ങിയവരെയും കാണാം. ഈ പാർട്ടിയിൽ പല താരങ്ങളും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് ആരോപണങ്ങൾ ഉണ്ട്.

Advertisment

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ഉടൻ തന്നെ കരൺ ജോഹറിനെ ചോദ്യം ചെയ്യാനായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഒരുങ്ങുന്നുവെന്ന് സിറോമാനി അകാലി ദൾ (എസ്എഡി) നേതാവ് മഞ്ജിന്ദർ സിംഗ് സിർസയും ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കരൺ ജോഹർ ഇപ്പോൾ പത്രക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

“ചില വാർത്താ ചാനലുകൾ, അച്ചടി / ഇലക്‌ട്രോണിക് മാധ്യമങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ 2019 ജൂലൈ 28 ന് എന്റെ വസതിയിൽ ഞാൻ, കരൺ ജോഹർ ആതിഥേയത്വം വഹിച്ച ഒരു പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു. ആ ആരോപണങ്ങൾ തെറ്റാണെന്ന് 2019 ൽ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു."

"ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും ഞാൻ ആവർത്തിക്കുന്നു. പാർട്ടിയിൽ മയക്കുമരുന്ന് വസ്തുക്കളൊന്നും തന്നെ ഉപയോഗിച്ചിട്ടില്ല. ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്നും അത്തരം ഒരു വസ്തുവിന്റെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഞാൻ വീണ്ടും വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു, ”കരൺ ജോഹർ കൂട്ടിച്ചേർത്തു.

ഇത്തരം അപവാദ പ്രസ്താവനകളും വാർത്താ ലേഖനങ്ങളും തന്നെയും കുടുംബത്തെയും സഹപ്രവർത്തകരെയും ധർമ്മ പ്രൊഡക്ഷൻസ് ബാനറിനെയും അവഹേളനത്തിനും പരിഹാസത്തിനും പാത്രമാക്കിയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.

ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ധർമ്മ പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് രവി പ്രസാദിനെയും അനുഭവ് ചോപ്രയെയും വെള്ളിയാഴ്ച എൻസിബി ചോദ്യം ചെയ്തിരുന്നു. ഏറെ നേരം ചോദ്യം ചെയ്തതിനു ശേഷമാണ് ക്ഷിതിജിനെ വിട്ടയച്ചത്.

എന്നാൽ ഇവരെയൊന്നും വ്യക്തിപരമായി തനിക്ക് അറിയില്ല എന്നാണ് കരൺ ജോഹർ വ്യക്തമാക്കുന്നത്. നവംബർ 2019നാണ് ധർമ്മ പ്രൊഡക്ഷന്റെ സഹോദര സ്ഥാപനമായ ധർമാറ്റിക് എന്റർടൈൻമെന്റിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളായി ക്ഷിതിജ് രവി പ്രസാദ് ചേർന്നതെന്നും അനുഭവ് ചോപ്രയും ഹ്രസ്വമായൊരു കാലയളവിലാണ് തന്റെ ബാനറിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചതെന്നും കരൺ പറയുന്നു.

മാധ്യമങ്ങൾ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തുന്നത് തുടരുകയും ചെയ്യുകയാണെങ്കിൽ തന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമപരമായി മുന്നിട്ടിറങ്ങുമെന്നും കരൺ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Read more: Explained: ദീപിക പദുകോൺ അടക്കമുള്ള അഭിനേതാക്കളെ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യുന്നതിനുള്ള കാരണങ്ങൾ

Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: