/indian-express-malayalam/media/media_files/uploads/2022/12/kajol.jpg)
കാജോൾ- ഷാരൂഖ് ഓൺസ്ക്രീൻ കെമിസ്ട്രി കാണാനിഷ്ടമുള്ള വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്‌ക്രീൻ ജോഡികളായാണ് ഇരുവരും. കാജോൾ- ഷാരൂഖ് പ്രൊഫഷണൽ ബന്ധത്തിനും വർഷങ്ങളുടെ പഴക്കമുണ്ട് താനും. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരിക്കുന്നത്. ഷാരൂഖിന്റെ സുസ്ഥിരമായ താരപദവിയുടെ രഹസ്യത്തെ കുറിച്ച് കാജോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒപ്പം, ഷാരൂഖിനെയും അജയ് ദേവ്ഗണിനെയും പൊതുസമൂഹം എങ്ങനെയാണ് നോക്കി കാണുന്നതെന്നും കാജോൾ പറയുന്നു.
“സ്‌ക്രീനിൽ താൻ എന്താണെന്നും എന്തായി തീരണമെന്നും വളരെ നേരത്തെ തന്നെ തിരിച്ചറിയുകയും ആ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുകയും ചെയ്ത ആളുകളിൽ ഒരാളാണ് ഷാരൂഖ്. ഒരിക്കൽ ഷാരൂഖിന്റെ ജന്മദിനത്തിൽ, 'ഇന്ന് നിങ്ങളുടെ ജന്മദിനമാണ്, ഞാൻ നിങ്ങളെ കാണാൻ വരുന്നു' എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എനിക്കോർമ്മയുണ്ട്. ‘വരൂ, വരൂ, പക്ഷേ ഇന്ന് നല്ല ദിവസമല്ല'. ‘എന്തുകൊണ്ട്?’ എന്നു ചോദിച്ചപ്പോൾ "എനിക്ക് പുറത്ത് പോകണം, എനിക്ക് ഈ ആളുകളെയെല്ലാം കാണണം, അഭിമുഖങ്ങൾ നൽകണം. ഒരർത്ഥത്തിൽ, എന്റെ ജന്മദിനം ഇനി എന്റേതല്ല. ഞാൻ ഈ ആളുകളുടേതാണ്," എന്നാണ് ഷാരൂഖ് പറഞ്ഞത്. അതാണ് ഷാരൂഖ്."
എന്തുകൊണ്ടാണ് ഷാരൂഖ് ഇത്ര വലിയ താരമായി മാറിയതെന്ന് ഒരിക്കൽ ഒരാൾ ചോദിച്ചെന്നും അതിനുള്ള ഉത്തരം വളരെ ലളിതമാണെന്നും കജോൾ. "അതിനായി കഠിനാധ്വാനം ചെയ്തതുകൊണ്ടാണ് ഷാരൂഖ് ഇത്ര വലിയ താരമായി മാറിയത്. ഒരുപക്ഷേ അദ്ദേഹം കഠിനാധ്വാനം പ്രകടമായി കാണിക്കില്ല, അതേസമയം അജയ് ദേവ്ഗൺ കാണിക്കുന്നു. താൻ ആരാണെന്ന് ഉറപ്പാക്കാൻ 24/7 മണിക്കൂറും ഷാരൂഖ് മാറ്റമില്ലാതെ പ്രവർത്തിക്കുന്നു, അതേ സമയം കാലത്തിന് അനുസരിച്ച് അപ്ഡേറ്റാവുന്നു, വികസിക്കുന്നു, മറ്റ് കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു."
പോയ വർഷങ്ങൾക്കിടെ ഷാരൂഖ് എങ്ങനെ മാറിയെന്ന ചോദ്യത്തിന്, കുറച്ചുകാലമായി താൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നില്ല, എന്നിരുന്നാലും അദ്ദേഹം ഇപ്പോൾ കുടുംബജീവിതത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്ന് തനിക്ക് അറിയാമെന്നും കജോൾ കൂട്ടിച്ചേർത്തു.
കരൺ അർജുൻ, കഭി ഖുഷി കഭി ഗം, കുച്ച് കുച്ച് ഹോതാ ഹേ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, മൈ നെയിം ഈസ് ഖാൻ, ദിൽവാലെ തുടങ്ങിയ ചിത്രങ്ങളിൽ കജോളും ഷാരൂഖും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് അഭിനയിക്കുന്ന 'പത്താൻ' ജനുവരിയിൽ തിയേറ്ററുകളിലേക്ക് എത്തും. അതേസമയം രേവതി സംവിധാനം ചെയ്യുന്ന 'സലാം വെങ്കി'യാണ് കജോളിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഡിസംബർ 9നാണ് 'സലാം വെങ്കി'യുടെ റിലീസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.